
ന്യൂഡൽഹി: വിമാനം റാഞ്ചിയെന്ന് അർത്ഥമാക്കുന്ന രഹസ്യകോഡാണ് 'സ്ക്വോക്ക് 7500". പൈലറ്റ് കോക്പിറ്റിലെ കീപാഡിൽ നിന്ന് ഈ കോഡ് അയച്ചതോടെ ഏജൻസികൾ മുൾമുനയിൽ നിന്നത് മണിക്കൂറുകൾ. റാഞ്ചലാണെന്നും ബോംബ് ഭീഷണിയാണെന്നും വാർത്ത പരന്നു. ഇന്നലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്നു എയർ ഇന്ത്യ വിമാനം. രാവിലെ 9.10ഓടെ വിമാനത്തിൽ നിന്ന് അഹമ്മദാബാദ് എ.ടി.സിക്ക് 'സ്ക്വോക്ക് 7500"സന്ദേശമെത്തി. അവർ വിവരം ഉടനെ ഡൽഹി വിമാനത്താവളത്തിന് കൈമാറി. വിമാനം ജയ്പൂരിൽ അടിയന്തരമായി ഇറക്കാൻ അവിടെ നിന്ന് പൈലറ്റിന് നിർദ്ദേശം. 9.35ന് 306 യാത്രക്കാരുമായി എ.ഐ 2030 എയർ ഇന്ത്യ ബോയിംഗ് വിമാനം ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി. യാത്രക്കാരെ പുറത്തിറക്കി. ഭീകര വിരുദ്ധ സ്ക്വാഡ് അടക്കം സ്ഥലത്തെത്തിയിരുന്നു. ഏതു സാഹചര്യവും നേരിടാൻ ഡൽഹിയിൽ നാഷണൽ സെക്യൂരിറ്റി ഗാർഡിനെ (എൻ.എസ്.ജി) തയ്യാറാക്കി നിറുത്തി. വിശദമായി പരിശോധന നടന്നെങ്കിലും വിമാനത്തിൽ നിന്ന് സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. പൈലറ്റ് അബദ്ധത്തിൽ സന്ദേശമയച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഡയറക്ടറേറ്ര് ഒഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അന്വേഷണം തുടങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |