
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കും എസ്.ഐ.ആറിനുമെതിരെ ഡൽഹിയിൽ നടക്കുന്ന സമരങ്ങളുടെ ഭാഗമാകാൻ നടനും സാമൂഹ്യ പ്രവർത്തകനുമായ പ്രകാശ് രാജും. എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്, എ.ഐ.എസ്.എ, എസ്.ഐ.ഒ, ഫ്രറ്റേണിറ്റി തുടങ്ങിയ സംഘടനകൾ 'പീപ്പിൾ എഗെൻസ്റ്റ് എസ്.ഐ.ആർ" കൂട്ടായ്മ രൂപീകരിച്ച് നടത്തുന്ന സമരത്തിൽ അണിചേരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ദേശീയപതാകയേന്തി സമാധാനപരമായി പ്രതിഷേധിക്കുന്നവരെ ജയിലിലടയ്ക്കുന്ന നടപടിയെ പ്രകാശ് രാജ് ചോദ്യംചെയ്തു. 'എത്ര പേരെ മോദി ജയിലിലടയ്ക്കും? അതിനുമാത്രം ജയിലുകൾ ഈ രാജ്യത്തുണ്ടോ. കർഷകസമരത്തിനുമുന്നിൽ കീഴടങ്ങിയതുപോലെ, ഈ സമരത്തിനുമുന്നിലും കേന്ദ്രത്തിന് കീഴടങ്ങേണ്ടിവരും. എസ്.ഐ.ആർ റദ്ദാക്കാതെ തിരഞ്ഞെടുപ്പ് നടത്താൻ അനുവദിക്കില്ല. ഗ്യാനേഷ് കുമാറിനെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംരക്ഷിക്കുകയാണ് ".
ബ്രിട്ടീഷ് ഭരണകാലത്ത് ദേശീയപതാകയുമായി പ്രതിഷേധിച്ച സ്വാതന്ത്ര്യസമര സേനാനികളെ ജയിലിലടച്ച ചരിത്രം ഓർമിപ്പിച്ച അദ്ദേഹം, സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികളെയും യുവജനങ്ങളെയും തടവിലാക്കുന്നത് ജനാധിപത്യത്തിന് നിരക്കാത്തതാണെന്നും പറഞ്ഞു.
കർണാടകയിൽ സ്വന്തം നിലയിൽ എസ്.ഐ.ആറിനെതിരെ നടത്തിവന്ന പോരാട്ടമാണ് പ്രകാശ് രാജ് ഡൽഹിയിലേക്ക് മാറ്റിയത്. സെപ്തംബർ 24ന് കർണാടകയിലെ കൽബുറഗിയിൽ അംബേദ്കർ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയശേഷമായിരുന്നു തുടക്കം. വോട്ടർപ്പട്ടികയിൽനിന്ന് തന്റെ പേരും നീക്കംചെയ്തതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. തനിക്കുമാത്രം വോട്ടവകാശം പുനഃസ്ഥാപിച്ചാൽ പോരെന്നും അർഹരായ ലക്ഷക്കണക്കിനാളുകളുടെ അവകാശം സംരക്ഷിക്കുകയാണ് വേണ്ടതെന്നും വ്യക്തമാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |