SignIn
Kerala Kaumudi Online
Wednesday, 02 September 2026 1.14 AM IST

സുപ്രീംകോടതി കൊളീജിയം ശുപാർശ; ജ. സഞ്ജയ് രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ്

e

 ജസ്റ്റിസ് സഞ്ജയ് കെ. അഗ്രവാൾ രാജസ്ഥാനിലേക്ക്

ന്യൂ‌ഡൽഹി: രാജസ്ഥാൻ ഹൈക്കോടതി ആക്‌ടിംഗ് ചീഫ് ജസ്റ്റിസ് സഞ്ജീവ് പ്രകാശ് ശർമ്മയ്‌ക്കെതിരെയുള്ള ആരോപണങ്ങൾ ശക്തമാകുന്നതിനിടെ അതിവേഗ നീക്കവുമായി സുപ്രീംകോടതി കൊളീജിയം. കഴിഞ്ഞദിവസം ചേർന്ന കൊളീജിയം,​ ഛത്തീസ്ഗഢ് ഹൈക്കോടതിയിലെ ജസ്റ്റിസ് സഞ്ജയ് കെ. അഗ്രവാളിനെ രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്‌തു. ചീഫ് ജസ്റ്റിസ് നിയമനപ്രക്രിയയ്‌ക്ക് കൂടുതൽ സമയമെടുക്കും. അതിനാൽ ചുമതല വേഗം ഏറ്റെടുക്കാൻ അദ്ദേഹത്തിന്റെ സ്ഥലംമാറ്റത്തിനും ശുപാർശ ചെയ്‌തിട്ടുണ്ട്. സുപ്രീംകോടതി ജഡ്‌ജി സന്ദീപ് മേത്ത ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് അയച്ച കത്തുകളിലാണ് ജസ്റ്റിസ് സഞ്ജീവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. സഹജഡ്‌ജിമാരെ ഭീഷണിപ്പെടുത്തുന്നു, ബന്ധു നിയമനം നടത്തുന്നു തുടങ്ങി നിരവധി ആരോപണങ്ങൾ എണ്ണിയെണ്ണി അതിൽ പറഞ്ഞിരുന്നു. 26ന് വിരമിക്കാനിരിക്കുന്ന ജഡ്‌ജിയെ നീക്കി രാജസ്ഥാൻ ഹൈക്കോടതിയിൽ സ്ഥിരം ചീഫ് ജസ്റ്റിസിനെ നിയമിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ഹൈക്കോടതിയിലെ ഒരുവിഭാഗം അഭിഭാഷകരും ജസ്റ്റിസ് സഞ്ജീവിനെതിരെ സമരം നടത്തി. അതിനിടെ ജസ്റ്റിസ് സഞ്ജീവ് അവധിയിൽ പ്രവേശിച്ചു.

മൂന്നിടത്ത് പുതിയ

ചീഫ് ജസ്റ്റിസുമാർ

ഗുജറാത്ത് ഹൈക്കോടതിയിലെ അൽപേഷ് യശ്വന്ത് കോഗ്ജെയെ മദ്ധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ശുപാർശ ചെയ്‌തു. രാജസ്ഥാൻ ഹൈക്കോടതിയിലെ ഡോ. പുഷ്‌പേന്ദ്ര സിംഗ് ഭാട്ടിയെ ജമ്മു ആൻഡ് കാശ്‌മീർ ആൻഡ് ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്രിസായും, ഒഡീഷ ഹൈക്കോടതിയിലെ ജസ്റ്റിസ് കൃഷ്‌ണ റാം മൊഹാപത്രയെ ഛത്തീസ്ഗഢ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിക്കണമെന്ന് കൊളീജിയം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360