
ഉടൻ അപ്പീൽ നൽകുമെന്ന് യു.പി സർക്കാർ സുപ്രീംകോടതിയിൽ
വിധിയെഴുതിയത് അലഹബാദ് ഹൈക്കോടതിയിലെ മലയാളി ജഡ്‌ജി ഉൾപ്പെട്ട ബെഞ്ച്
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ മകളും,നോയിഡ ഗൗതം ബുദ്ധ നഗർ ജില്ലാ കളക്‌ടറുമായ മേധ രൂപത്തിനെതിരെ കടുത്ത പരാമർശങ്ങളുള്ള അലഹബാദ് ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്യിക്കാൻ അതിവേഗ നീക്കങ്ങൾ. ഉടൻ അപ്പീൽ നൽകുമെന്ന് യു.പി സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇന്നലെ സുപ്രീംകോടതിയെ അറിയിച്ചു. മേധ പ്രത്യേകം അപ്പീൽ നൽകും. നോയിഡയിലെ തൊഴിലാളി സമരത്തിൽ പങ്കെടുത്ത ഡൽഹി സർവകലാശാല വിദ്യാർത്ഥിനി ആകൃതി ചൗധരിയെ ദേശീയ സുരക്ഷാ നിയമം ചുമത്തി തടങ്കലിലാക്കാൻ മേയ് 3ന് മേധ ഉത്തരവിട്ടിരുന്നു. കരുതൽ തടങ്കലിലേക്ക് മാറ്റപ്പെട്ട ആകൃതി സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. അതിരൂക്ഷ വിമർശനത്തോടെയാണ് ഈ നടപടിയെ മലയാളി ജഡ്‌ജി അതുൽ ശ്രീധരൻ,ജസ്റ്റിസ് അചൽ സച്ച്ദേവ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സെപ്‌തംബർ 2ന് റദ്ദാക്കിയത്. ദേശീയ സുരക്ഷാ നിയമത്തിലെ അടിച്ചമർത്തൽ സ്വഭാവമുള്ള വ്യവസ്ഥകൾ പ്രയോഗിക്കുന്നതിനു മുൻപ് രേഖകൾ സൂക്ഷ്‌മമായി പരിശോധിക്കണമായിരുന്നു. പൊലീസ് റിപ്പോർട്ടിൽ വിദ്യാർത്ഥിനി അക്രമത്തെ പ്രോത്സാഹിപ്പിച്ചുവെന്നതിന് വിശ്വസനീയമായ തെളിവുകൾ ഉണ്ടായിരുന്നില്ല. വിദ്യാർത്ഥിനിക്കെതിരെ ആരോപണങ്ങൾ മാത്രമാണുണ്ടായിരുന്നത്. ജില്ലാ കളക്‌ടറുടെ നടപടികൾ പരിഹാസ്യമാണ്. കരുതൽ തടങ്കലിന് ഉത്തരവിടും മുൻപ് ഒരുതരത്തിലുമുള്ള ആലോചനയോ പരിശോധനയോ മേധയിൽ നിന്നുണ്ടായില്ല. വിദ്യാർത്ഥിനിയുടെ ജീവിക്കാനുള്ള അവകാശവും വ്യക്തി സ്വാതന്ത്ര്യവും ലംഘിക്കപ്പെട്ടു. ഐ.എ.എസ്,ഐ.പി.എസ് ഉദ്യോഗസ്ഥരുടെ കൂറ് ഭരണത്തിലെ രാഷ്ട്രീയക്കാരോടായിരിക്കരുത്,ഭരണഘടനയോട് ആയിരിക്കണം. ഉദ്യോഗസ്ഥവൃന്ദത്തിന്റെ ഏകാധിപത്യപരമായ പെരുമാറ്റം ഉത്തർപ്രദേശിനെ ദുരിതപൂർണമായ അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. വിദ്യാർത്ഥിനിക്ക് 5 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണം. ജില്ലാ കളക്‌ടർ,ഉത്തരവാദികളായ മറ്റു ഉദ്യോഗസ്ഥർ എന്നിവരുടെ ശമ്പളത്തിൽ നിന്നാകണം ഈതുക ഈടാക്കേണ്ടതെന്നും നിർദ്ദേശിച്ചിരുന്നു.
ഇത്ര ധൈര്യമോ?
ഇതിനിടെ,ജെൻസികളുടെ ജന്തർ മന്ദർ സമരത്തിൽ പങ്കെടുത്ത എസ്.എഫ്.ഐ പ്രവർത്തകൻ അക്ഷത് ത്രിപാഠിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയ ഗ്രേറ്റർ നോയിഡയിലെ എസ്.ഡി.എമ്മിന്റെ നടപടിയെ സുപ്രീംകോടതി വിമർശിച്ചു. വിദ്യാർത്ഥികൾക്കെതിരെ നടപടികൾ പാടില്ലെന്ന തങ്ങളുടെ നിർദ്ദേശം നിലവിലിരിക്കെ,ഉദ്യോഗസ്ഥന് എങ്ങനെ ഇത്തരമൊരു നോട്ടീസ് പുറപ്പെടുവിക്കാൻ ധൈര്യമുണ്ടായെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. നോയിഡയിലെ ഗൗതം ബുദ്ധ സർവകലാശാലയിലെ വിദ്യാർത്ഥിയാണ് അക്ഷത്. കോക്രോച്ച് ജനത പാർട്ടിയുടെ സമരവുമായി ബന്ധപ്പെട്ട് രാജ്യത്തുള്ള മുഴുവൻ എഫ്.ഐ.ആറുകളും റദ്ദാക്കാൻ സെപ്‌തംബർ ഒന്നിന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതു മറികടന്നാണ് നടപടിയെന്ന് അഡ്വ. കെ.ആർ.സുഭാഷ് ചന്ദ്രൻ മുഖേന സമർപ്പിച്ച ഹർജിയിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |