
മുംബയ്: മുടിവെട്ടാൻ കാത്തിരിക്കാതെ കളിക്കാൻ പോയെന്നാരോപിച്ച് മഹാരാഷ്ട്രയിലെ ചന്ദ്രപൂരിലെ സർക്കാർ ട്രൈബൽ സ്‌കൂളിൽ 82 വിദ്യാർത്ഥികളുടെ തല പാതി മൊട്ടയടിച്ചതായി പരാതി. ശനിയാഴ്ച കുട്ടികളുടെ മുടിവെട്ടുന്നതിനായി സ്‌കൂൾ അധികൃതർ സൗകര്യമൊരുക്കിയിരുന്നു. ഇതിനിടെ ചില വിദ്യാർത്ഥികൾ കളിക്കാൻ പോയത് സൂപ്രണ്ട് പ്രശാന്ത് മെഷ്റാമിനെ പ്രകോപിപ്പിച്ചതായാണ് റിപ്പോർട്ട്. തുടർന്ന് കുട്ടികളുടെ തല പാതി ഷേവ് ചെയ്യാൻ നിർദ്ദേശിക്കുകയായിരുന്നു. കുട്ടികളുടെ ചിത്രങ്ങൾ പുറത്തുവന്നതോടെ രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം പിന്നീട് മുടി വൃത്തിയായി വെട്ടിയൊതുക്കി. ശനിയാഴ്ച രാത്രി 11ന് ആരംഭിച്ച മുടിവെട്ടൽ ഞായറാഴ്ച പുലർച്ചെ നാലുവരെ നീണ്ടു. പല വിദ്യാർത്ഥികൾക്കും ഉറക്കം നഷ്ടപ്പെട്ടു. സംഭവത്തിൽ സൂപ്രണ്ടിന് പ്രിൻസിപ്പൽ പ്രശാന്ത് ഗിരിയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. വിശദമായ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. വിദ്യാർത്ഥികളുടെ താത്പര്യം മുൻനിറുത്തിയാണ് മുടിവെട്ടാൻ തീരുമാനിച്ചതെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |