
ന്യൂഡൽഹി: ജെൻ-സി സമരത്തിനെതിരെ നടന്ന പൊലീസ് അതിക്രമങ്ങൾ അടക്കം അന്വേഷിക്കാനായി നിയോഗിച്ച ഉന്നതാധികാര സമിതി പുനഃസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. മുൻ സുപ്രീംകോടതി ജഡ്‌ജി ആർ. സുഭാഷ് റെഡ്‌ഡി അദ്ധ്യക്ഷനായ അഞ്ചംഗ സമിതിയിലെ മുൻ മേഘാലയ ഡി.ജി.പി എൽ.ആർ.ബിഷ്‌ണോയിക്കെതിരെയാണ് ഹർജിക്കാർ അവിശ്വാസം രേഖപ്പെടുത്തിയത്.
അന്വേഷണം ആരംഭിക്കുന്നതിനു മുൻപു തന്നെ സമിതിക്കെതിരെ മുൻവിധി വേണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്,ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി,വി.മോഹന എന്നിവരടങ്ങിയ ബെഞ്ച് നിലപാടെടുത്തു.കഴിഞ്ഞ ആഗസ്റ്ര് 18നാണ് സമിതി രൂപീകരിച്ച് ഇതേ ബെഞ്ച് ഉത്തരവിട്ടിരുന്നത്.
പൊലീസിന്റെ ഭാഗത്തുനിന്ന് ലൈംഗികാതിക്രമം നേരിട്ടുവെന്ന വിദ്യാർത്ഥിനികളുടെ ആരോപണം,അനാവശ്യമായി ലാത്തിച്ചാർജ് നടത്തിയെന്ന പരാതി,പെല്ലറ്ര് ഗൺ-ഇലക്ട്രിക് ബാറ്റൺ-ടിയർഗ്യാസ് പ്രയോഗം,സ്വത്തുവകകൾ നശിപ്പിക്കൽ തുടങ്ങിയവ സമിതി ആദ്യം അന്വേഷിക്കണമെന്ന് കോടതി ആവർത്തിച്ചു.
എത്രയും വേഗം ഇടക്കാല റിപ്പോർട്ട് കൈമാറണം. പരാതിക്കാർക്കും അവരുടെ കുടുംബങ്ങൾക്കും പൊലീസ് സംരക്ഷണം ഉറപ്പാക്കണം. മൊഴികൾ രഹസ്യമായി സൂക്ഷിക്കണം. സാക്ഷികൾക്ക് ഉൾപ്പെടെ തെളിവുകളും രേഖകളും സമർപ്പിക്കാൻ പ്രത്യേക ഓൺലൈൻ പോർട്ടൽ രൂപീകരിക്കണമെന്നും സമിതിയോട് നിർദ്ദേശിച്ചു. ഹർജികൾ ഒക്ടോബർ 9ന് വീണ്ടും പരിഗണിക്കും. ജന്തർ മന്ദർ മേഖലയിലെ നിരീക്ഷണത്തിനായി ഡൽഹി പൊലീസ് ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം ഉപയോഗിച്ചത് അടക്കം ഭരണഘടനാപരമായ വിഷയങ്ങൾ ഉചിതമായ സമയത്ത് പരിഗണിക്കുമെന്നും കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |