
ന്യൂഡൽഹി: എസ്.ഐ.ആറിനും തിരഞ്ഞെടുപ്പ് കമ്മിഷനുമെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി 'ഇന്ത്യ" മുന്നണി. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ഉടൻ രാജിവയ്‌ക്കണമെന്നും ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം (ഇ.വി.എം) ഉപേക്ഷിച്ച് ബാലറ്റ് പേപ്പർ തിരിച്ചുകൊണ്ടുവരണമെന്നും 20 കക്ഷികളുടെ യോഗം ആവശ്യപ്പെട്ടു.
ഭാവിയിലെ എല്ലാ തിരഞ്ഞെടുപ്പുകൾക്കും എസ്.ഐ.ആറിന് മുമ്പുള്ള വോട്ടർപ്പട്ടിക ഉപയോഗിക്കണം. ഒഴിവാക്കപ്പെട്ടവരെ വോട്ടർപ്പട്ടികയിലുൾപ്പെടുത്താൻ അവസരമൊരുക്കണം. അകാരണമായ ഒഴിവാക്കലുകളിൽ നിന്ന് യഥാർത്ഥ വോട്ടർമാരെ സംരക്ഷിക്കണമെന്നും ആവശ്യമുന്നയിച്ചു.
ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ളബ്ബിൽ മൂന്നരമണിക്കൂറാണ് യോഗം നടന്നത്. ശേഷം ഖാർഗെ, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മമതാ ബാനർജി തുടങ്ങിയ നേതാക്കൾ ഒന്നിച്ച്
പത്രസമ്മേളനം നടത്തി തീരുമാനങ്ങൾ വിശദീകരിച്ചു. ഉദ്ധവ് താക്കറെയും (ശിവസേന-യു.ബി.ടി), ഹേമന്ത് സോറനും (ജെ.എം.എം) ഓൺലൈനിലൂടെ പങ്കെടുത്തു.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി, സി.പി.എം രാജ്യസഭാ എം.പി ജോൺബ്രിട്ടാസ്, സി.പി.ഐ നേതാവ് പി. സന്തോഷ് കുമാർ, ജോസ് കെ. മാണി, എൻ.കെ.പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ്, സാദിഖലി ശിഹാബ് തങ്ങൾ, ഹാരിസ് ബീരാൻ, ജി. ദേവരാജൻ തുടങ്ങിയവരും പങ്കെടുത്തു.
നവംബർ ഒന്നിന്
മെഗാ റാലി
(യോഗം ആറ് തീരുമാനങ്ങളെടുത്തെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ അറിയിച്ചു)
1. സമരം എന്തിനാണെന്ന് ജനങ്ങളോട് വിശദീകരിക്കാൻ 2 മുതൽ 8 വരെ ജില്ലാ മജിസ്ട്രേട്ട് ഓഫീസുകളിലേക്ക് സേവ് ഡെമോക്രസി മാർച്ച്
2. 6 ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിലേക്ക് പ്രതിപക്ഷ പാർട്ടി എം.പിമാരുടെ മാർച്ച്
3. ഈ മാസം രണ്ടാം വാരത്തിൽ രാഷ്ട്രപതിയുമായി പ്രതിപക്ഷ നേതാക്കളുടെ കൂടിക്കാഴ്‌ച
4. 'ഇന്ത്യ" സഖ്യത്തിന്റെ ഐക്യം പ്രകടിപ്പിക്കുന്ന അഞ്ച് പ്രധാന റാലികൾ
5. 'വോട്ടുമോഷണ"വുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉന്നയിക്കാൻ നവംബർ ഒന്നിന് ഡൽഹി മെഗാ റാലി
6. എസ്.ഐ.ആറുമായി ബന്ധപ്പെട്ട് വീണ്ടും സുപ്രീംകോടതിയെ സമീപിക്കും. എല്ലാ കേസുകളും എത്രയും വേഗം പരിഹരിക്കണമെന്ന് ആവശ്യപ്പെടും
വോട്ടുകൊള്ളയിലൂടെ ജയിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനെ പാവയാക്കുന്ന മോദിയുടെയും അമിത് ഷായുടെയും കളി അനുവദിക്കില്ല. ജനാധിപത്യം സംരക്ഷിക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമമാണിത്. രാഷ്ട്രീയ കക്ഷികൾക്ക് പുറമെ സന്നദ്ധ സംഘടനകളും പ്രതിഷേധത്തിൽ പങ്കുചേരും.
- മല്ലികാർജ്ജുൻ ഖാർഗെ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |