
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ, തിരഞ്ഞെടുപ്പ് കമ്മിഷണർമാർ എന്നിവരുടെ നിയമനങ്ങളുമായി ബന്ധപ്പെട്ട 2023ലെ കേന്ദ്രനിയമത്തിന്റെ സാധുത വിശാലബെഞ്ച് തീരുമാനിക്കട്ടെയെന്ന് സുപ്രീംകോടതി വിധിച്ചത് സെപ്‌തംബർ 23ന്. ബെഞ്ചിലെ ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മയുടെ മകൻ മദ്ധ്യപ്രദേശ് ഹൈക്കോടതിയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിഭാഷകനാണെന്ന വിവരം ഇതിനിടെ പുറത്തുവന്നു. ഇതോടെ വിധി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് ഹർജിക്കാരിയായ കോൺഗ്രസ് നേതാവ് ഡോ.ജയ താക്കൂർ. നിഷ്‌പക്ഷ സമീപനമാണോ ജഡ്‌ജിയിൽ നിന്നുണ്ടായതെന്ന് തിരുത്തൽ ഹർജിയിൽ സംശയം പ്രകടിപ്പിച്ചു. വിഷയം പരിഗണിച്ചതിലെ അനൗചിത്യവും ചോദ്യംചെയ്‌തു. 2024 ജൂലായ് 10 മുതൽ ശർമ്മയുടെ മകൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിഭാഷകനാണ്. ഈസാഹചര്യത്തിൽ ശർമ്മ വിധി പറയാൻ പാടില്ലായിരുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. വിശാലബെഞ്ചിലേക്ക് വിടുന്നതിനോട് രണ്ടംഗബെഞ്ചിലെ ജസ്റ്റിസ് ദീപാങ്കർ ദത്തയ്‌ക്ക് എതിർപ്പായിരുന്നെങ്കിലും ഹർജികളിലെ തീർപ്പ് വൈകരുതെന്ന താത്പര്യം മുൻനിറുത്തി ഏകകണ്‌ഠമായി തീരുമാനമെടുക്കുകയായിരുന്നു. വിശാല ബെഞ്ചിന് വിടണമെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ ആവശ്യം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ മകൾക്കെതിരെയുള്ള അലഹബാദ് ഹൈക്കോടതി പരാമർശങ്ങൾ ഇതേ ജഡ്‌ജിയുടെ ബെഞ്ച് സ്റ്റേ ചെയ്‌തതും വിവാദമായിരുന്നു. വാദത്തിനിടെ വീഡിയോ കോൺഫറൻസിലെ ഓഡിയോ മ്യൂട്ട് ചെയ്‌തിരുന്നു.
സമർപ്പിച്ചത്
തിരുത്തൽ ഹർജി
വിധിക്കെതിരെ ആദ്യം പുനഃപരിശോധനാഹർജിയും അതു തള്ളിയാൽ തിരുത്തൽ ഹർജിയുമാണ് സമർപ്പിക്കേണ്ടത്. പുനഃപരിശോധനാഹർജി വിധി പറഞ്ഞ ബെഞ്ചിന്റെ പരിഗണനയ്‌ക്കു വരുമെന്നതിനാൽ തിരുത്തൽ ഹർജിയാണ് നൽകിയിരിക്കുന്നത്. ശർമ്മ ഉൾപ്പെട്ട ബെഞ്ച് പരിഗണിച്ചാൽ പ്രയോജനമില്ലെന്നാണ് വാദം. തിരുത്തൽ ഹർജി പരിഗണിക്കുന്നത് മുതിർന്ന 3 ജഡ്‌ജിമാരും വിധി പറഞ്ഞ ജഡ്‌ജിമാരും ഉൾപ്പെട്ട ബെഞ്ചായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |