ന്യൂഡൽഹി: ഒരുതരത്തിലും മാനസാന്തരപ്പെടില്ലെന്ന് ഉറപ്പുള്ള കുറ്റവാളിക്ക് മാത്രമെ വധശിക്ഷ വിധിക്കാൻ പാടുള്ളുവെന്ന് സുപ്രീംകോടതി. 2018ൽ ആറു വയസുകാരിയെ രണ്ടാനച്ഛൻ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലാണ് നിലപട് വ്യക്തമാക്കിയത്.വിചാരണക്കോടതി വിധിച്ച വധശിക്ഷ റദ്ദാക്കി. മരണം വരെ ജയിലിൽ കഴിയട്ടെയന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്,സന്ദീപ് മേത്ത,വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ച് നിലപാടെടുത്തു. പെൺകുട്ടിക്കെതിരായ ലൈംഗികാതിക്രമം നീതിന്യായ വ്യവസ്ഥയ്‌ക്കെതിരായ ആക്രമണം കൂടിയാണെന്നും നിരീക്ഷിച്ചു. ജീവപര്യന്തം കഠിനതടവ് പര്യാപ്‌തമല്ലെന്ന് ബോദ്ധ്യപ്പെടുന്ന സാഹചര്യങ്ങളിൽ മാത്രമേ കോടതികൾ വധശിക്ഷ വിധിക്കാവൂ. ജീവപര്യന്തം മതിയാകില്ലെന്ന് പ്രോസിക്യൂഷൻ തെളിയിക്കേണ്ടതുണ്ട്. കുറ്റകൃത്യത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി കുറ്റവാളിയിൽ മാനസാന്തരമുണ്ടാകാൻ സാദ്ധ്യതയില്ലെന്ന് അനുമാനിക്കാൻ കഴിയില്ല. ഈ കേസിൽ, തിരുത്തലിന് തയ്യാറാകാത്ത പ്രകൃതമാണെന്ന് മനഃശാസ്ത്ര പരിശോധനയിൽ കണ്ടെത്തിയിട്ടില്ല. ശിക്ഷാവിധി സംബന്ധിച്ച് പ്രത്യേക വാദം കേൾക്കാതെ,കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അതേദിവസം തന്നെ വിചാരണക്കോടതി വധശിക്ഷ വിധിച്ചത് ഉചിതമായില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
എന്തു കൊണ്ട് വധശിക്ഷയിൽ ഇളവ്?
1.പ്രതി ബാല്യകാലത്ത് അനുഭവിച്ച ദുരിതങ്ങൾ പരിഗണിച്ചു
2.ക്രിമിനൽ കേസ് പശ്ചാത്തലമില്ല
3.വിചാരണ തടവുകാരനായിരിക്കെ ജയിലിൽ നല്ല പെരുമാറ്റം
4.കുടുംബവുമായി ബന്ധം നിലനിർത്തുന്നു
5.ജയിലിൽ 8 വർഷത്തോളമായി. 56 വയസ് പ്രായം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |