
ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ അടുത്ത ഘട്ടത്തിന് രൂപം നൽകി കോൺഗ്രസ്. ഒക്ടോബർ 10 മുതൽ നവംബർ 26 വരെ 'വോട്ട് ബച്ചാവോ - ദേശ് ബച്ചാവോ'(വോട്ട് രക്ഷിക്കൂ,രാജ്യത്തെ രക്ഷിക്കൂ) എന്ന പേരിൽ ബ്ലോക്ക്,ജില്ലാ,സംസ്ഥാന തലങ്ങളിൽ പ്രതിഷേധ മാർച്ച് നടത്തും.
പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, രാഹുൽഗാന്ധി, പി.സി.സി പ്രസിഡന്റുമാർ,എ.ഐ.സി.സി ജനറൽ സെക്രട്ടറിമാർ എന്നിവരടക്കം പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ഒക്ടോബർ 10മുതൽ 20വരെ സബ് ഡിവിഷണൽ മജിസ്ട്രേട്ട് ഓഫീസുകളിലേക്ക് മാർച്ച് നടത്തും. ഒക്ടോബർ 25 മുതൽ നവംബർ 25വരെ എല്ലാ ഗ്രാമങ്ങളിലും പ്രവർത്തകർ വോട്ടു കൊള്ളയെക്കുറിച്ച് വിശദീകരിക്കും.
നവംബർ ഒന്നിന് ഡൽഹി രാംലീല മൈതാനത്ത് 'ഇന്ത്യ' മുന്നണി മെഗാ റാലി നടത്തും. കോൺഗ്രസ് സംഘടിപ്പിക്കുന്ന ഡൽഹി ചലോ വാഹന റാലി നവംബർ 26ന് ഡൽഹിയിൽ സമാപിക്കും. കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫും യോഗത്തിൽ പങ്കെടുത്തു.
ആക്‌ടിവിസ്റ്റ് യോഗേന്ദ്ര യാദവിന്റെ നേതൃത്വത്തിൽ സാമൂഹിക പ്രവർത്തകർ തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. ഗ്യാനേഷിനെതിരെ ജനകീയ ഇംപീച്ച്മെന്റ് നോട്ടീസും കുറ്റപത്രവും പുറത്തിറക്കി.
എ.സി.പിക്ക്
സ്ഥാനക്കയറ്റം
ജന്തർ മന്ദറിലെ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ പൊലീസിന്റെ ലൈംഗികാതിക്രമമുണ്ടായെന്ന് 3 വനിതാ മാദ്ധ്യമപ്രവർത്തകർ പരാതിപ്പെട്ടതിന് പിന്നാലെ ആരോപണവിധേയനായ എ.സി.പി വിവേക് ഭഗതിന് അഡിഷണൽ ഡി.സി.പിയായി സ്ഥാനക്കയറ്റം നൽകിയത് വിവാദമായി. ഇന്നലെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ സംഘടിച്ച 18ൽപ്പരം മാദ്ധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് നീക്കി. പൊലീസ് മർദ്ദിച്ചുവെന്ന് ഇവർ ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |