
ന്യൂഡൽഹി: ഡൽഹിയിൽ ഇന്ത്യാ മുന്നണി നടത്തിയ റാലി വോട്ട് സംരക്ഷിക്കാനല്ല, നുഴഞ്ഞു കയറ്റക്കാർക്ക് വേണ്ടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വോട്ട് ബാങ്കായ നുഴഞ്ഞുകയറ്റക്കാരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സംരക്ഷിക്കാൻ ശ്രമിച്ചാലും ബി.ജെ.പി പുറത്താക്കും. ജനാധിപത്യം സംരക്ഷിക്കൂ, അരാജകത്വം ഇല്ലാതാക്കൂ' എന്ന മുദ്രാവാക്യവുമായി ഹൈദരാബാദിൽ ബി.ജെ.പി സംഘടിപ്പിച്ച വൻറാലി നയിക്കുകയായിരുന്നു ഷാ.
എസ്.ഐ.ആർ വിഷയത്തിലെ ആരോപണങ്ങൾ ചർച്ച ചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാമെന്ന് ആവർത്തിച്ച ഷാ സംവാദം നടത്താൻ രാഹുലിനെ വെല്ലുവിളിച്ചു. വോട്ടിംഗ് യന്ത്രം, എസ്.ഐ.ആർ, നുഴഞ്ഞുകയറ്റം തുടങ്ങിയ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ വെല്ലുവിളിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയും. പക്ഷേ അരാജകത്വം ആഗ്രഹിക്കുന്നതിനാൽ രാഹുൽ അവ ചർച്ച ചെയ്യില്ല.
എസ്.ഐ.ആർ വഴി ഇല്ലാതാക്കിയെന്ന് രാഹുൽ പറഞ്ഞ 13 കോടി വോട്ടുകളിൽ 3 കോടി വോട്ടുകൾ നിലവിലില്ല. നുഴഞ്ഞുകയറ്റക്കാരുടെ പേരിലുള്ള കള്ള വോട്ടുകൾ കൊണ്ട് ജയിക്കാനാണ് കോൺഗ്രസ് ശ്രമം. മോദി ജയിച്ച 2014, 2019, 2024 വർഷങ്ങളിൽ എസ്.ഐ.ആർ ഇല്ലായിരുന്നു. ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെ എതിർക്കുന്ന കോൺഗ്രസ് നേതാക്കൾ കേരളം, തമിഴ്‌നാട്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ എങ്ങനെയാണ് സർക്കാരുകൾ രൂപീകരിച്ചത്.
മഹാരാഷ്ട്ര, ഹരിയാന, ഡൽഹി, ബീഹാർ, ബംഗാൾ, അസാം എന്നിവയ്ക്ക് ശേഷം, തെലങ്കാനയിലും ബി.ജെ.പി ജയിക്കുമെന്ന് അമിത് ഷാ അവകാശപ്പെട്ടു. വെന്റിലേറ്ററിൽ ഇരിക്കുന്ന കോൺഗ്രസിന് മോദിക്കൊപ്പം മാരത്തൺ ഓടാൻ കഴിയില്ല. ഇന്ത്യ മുന്നണി സംഘടിപ്പിച്ച മോക്ക് പാർലമെന്റിൽ രാഹുൽ പ്രധാനമന്ത്രിയാകണമായിരുന്നു. യഥാർത്ഥ പാർലമെന്റിൽ രാഹുലിന്റെ ഊഴം വരില്ലെന്നും അദ്ദേഹം കളിയാക്കി. തെലങ്കാനയെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഡൽഹിയിൽ ഇരിക്കുന്ന ഉന്നത കോൺഗ്രസ് നേതാക്കൾക്കുള്ള എ.ടി.എമ്മാക്കി മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |