
ന്യൂഡൽഹി: ഡൽഹിയിലെ രാംലീല മൈതാനത്ത് നടന്ന പ്രതിപക്ഷ മഹാറാലിയിലെ ജനക്കൂട്ടത്തിന്റെ ചിത്രം കൃത്രിമബുദ്ധി (എ.ഐ) ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. കോൺഗ്രസ് എം.പി വംശി ഗദ്ദം എക്സിൽ പങ്കുവച്ച ചിത്രം ചൂണ്ടികാട്ടിയാണ് റിജിജുവിന്റെ പരിഹാസം. കോൺഗ്രസിന്റെ വ്യാജപ്രചാരണ സംഘത്തിന് എ.ഐ ഉപയോഗിച്ചുള്ള ചിത്രം പോലും തയ്യാറാക്കാൻ കഴിഞ്ഞില്ലെന്ന് റിജിജു പറഞ്ഞു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണമായ എസ്.ഐ.ആറിനെതിരെ രാംലീല മൈതാനത്ത് ഇന്ത്യാ സഖ്യം സംഘടിപ്പിച്ച റാലിയുമായി ബന്ധപ്പെട്ടാണ് വിവാദം.റാലിയിൽ വൻ ജനക്കൂട്ടം പങ്കെടുത്തതായി സൂചിപ്പിക്കുന്ന ചിത്രം കോൺഗ്രസ് നേതാക്കൾ വ്യാപകമായി പങ്കുവച്ചിരുന്നു. എന്നാൽ ചിത്രത്തിലെ വേദിയുടെ രൂപവും രാഹുൽ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും ചിത്രങ്ങളും യഥാർത്ഥ റാലിയിലെ ദൃശ്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനമുയർന്നത്.
റാലിക്ക് മുന്നോടിയായി പത്ത് ലക്ഷം പേർ പങ്കെടുക്കുമെന്നായിരുന്നു കോൺഗ്രസിന്റെ അവകാശവാദം. എന്നാൽ,പ്രതീക്ഷിച്ച ജനപങ്കാളിത്തം ഉണ്ടായില്ലെന്നാണ് ബി.ജെ.പിയുടെ ആരോപണം. മൈതാനത്തിന്റെ 40 ശതമാനത്തോളം ഒഴിഞ്ഞുകിടന്നിരുന്നുവെന്ന് ബി.ജെ.പി എം.പി സംബിത് പത്ര പറഞ്ഞു. 28,000 കസേരകളിൽ 5,000 മുതൽ 7,000 വരെ വൈകിട്ട് 3.30നും നാലിനും ഇടയിൽ ഒഴിഞ്ഞുകിടന്നിരുന്നു. ജനക്കൂട്ടത്തിന്റെ ചിത്രങ്ങൾ ക്യാമറാ തന്ത്രങ്ങളിലൂടെ പെരുപ്പിച്ചുകാട്ടുകയാണെന്നും പത്ര പരിഹസിച്ചു. അതേസമയം, ബി.ജെ.പിയുടെ ആരോപണങ്ങൾ തള്ളിയ കോൺഗ്രസ് റാലിയുടെ ഡ്രോൺ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |