
മുംബയ്: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ നടത്തിയ പ്രകോപനപരമായ ഇടപെടലുകൾക്ക് ബോംബെ ഹൈക്കോടതിയിൽ മാപ്പ് പറഞ്ഞ് നടൻ ഇമ്രാൻ ഖാൻ. സത്യവാങ്മൂലത്തിലാണ് നടൻ മാപ്പ് പറഞ്ഞത്. ഭാവിയിൽ ഇത്തരം പ്രതിഷേധങ്ങളിൽ പങ്കെടുക്കില്ലെന്ന് ഇമ്രാൻ കോടതിയിൽ ഉറപ്പു നൽകി. അമേരിക്കൻ പൗരനും ഓവർസീസ് സിറ്റിസൺ ഒഫ് ഇന്ത്യ (ഒ.സി.ഐ) കാർഡുള്ള ഇമ്രാന് ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഒരവകാശവുമില്ലെന്ന് കോടതി വിമർശിച്ചു. ഗ്യാനേഷിനെതിരെ സി.ജെ.പി നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്തതിന് ഇന്ത്യ വിടണമെന്ന എഫ്.ആർ.ആർ.ഒ നോട്ടീസിനെതിരെ ഇമ്രാൻ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ വിമർശനം. ഒ.സി.ഐ കാർഡുള്ളവരെയും ഇന്ത്യൻ പൗരൻമാരെയും ഒരുപോലെ കാണാനാകില്ലെന്നും ചീഫ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
തന്റെ ജീവതത്തിന്റെ ഭൂരിഭാഗവും ഇന്ത്യയിലാണ് ചെലവഴിച്ചതെന്നും യു.എസിൽ ജനിച്ചതുകൊണ്ടാണ് അവിടുത്തെ പൗരത്വമുള്ളതെന്നും ഇമ്രാൻ വിശദീകരിച്ചു. എന്നാൽ,ഒരു ഇന്ത്യൻ പൗരൻ മറ്റേതെങ്കിലും രാജ്യത്ത് ഇത്തരത്തിൽ പ്രതിഷേധിച്ചാൽ അവർ ഉടൻ ഇന്ത്യയിലേക്ക് കയറ്റിവിടുമെന്ന് കോടതി പറഞ്ഞു. മാപ്പ് പറഞ്ഞ പശ്ചാത്തലത്തിൽ നടന്റെ വാദം കേൾക്കാൻ കോടതി കൂടുതൽ സമയം നൽകി. അടുത്ത ശനിയാഴ്ച്ച ഹർജിയിൽ വീണ്ടും വാദം കേൾക്കും. അതുവരെ ഇമ്രാൻ ഖാൻ രാജ്യം വിടേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. ഒക്ടോബർ 10ന് മുംബയിൽ നടന്ന സി.ജെ.പി പ്രതിഷേധത്തിലാണ് നടൻ പങ്കെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |