
ന്യൂഡൽഹി: സഹപ്രവർത്തകരുടെ സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് ഡൽഹി പൊലീസ് ആസ്ഥാനത്ത് പൊലീസുകാർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഷഹ്ദരയിൽ അഭിഭാഷകരുമായുണ്ടായ സംഘർഷത്തെത്തുടർന്ന് സ്ഥലംമാറ്റിയ എ.സി.പി മനസ്വി വസിഷ്ഠയെയും ഇൻസ്‌പെക്ടർ അരുൺ കുമാറിനെയും പഴയ തസ്തികകളിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് നൂറോളം പൊലീസുകാർ പ്രതിഷേധിച്ചത്.
പ്രതിഷേധം ശക്തമായതോടെ പൊലീസ് കമ്മിഷണർ അനുരാഗ് കുമാറും സ്‌പെഷ്യൽ കമ്മിഷണർമാരും അടിയന്തര യോഗം വിളിച്ച് പ്രതിഷേധക്കാരുമായി ചർച്ച നടത്തി. എന്നാൽ ആദ്യഘട്ട ചർച്ചയിൽ സമവായത്തിലെത്താനായില്ല. പ്രതിഷേധക്കാർ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി.
തുടർന്ന് ലെഫ്റ്റനന്റ് ഗവർണർ തരൺജിത് സിംഗ് സന്ധു പ്രശ്നത്തിൽ നേരിട്ട് ഇടപ്പെട്ടു. ഇന്ന് വൈകിട്ട് നാലിന് കിംഗ്സ് വേ ക്യാമ്പിലെ ഉത്സവ് സദനിൽ പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയതോടെയാണ് പൊലീസുകാർ അയഞ്ഞത്.
ഒക്ടോബർ 23ന് ഷഹ്ദര പൊലീസ് സ്റ്റേഷനിൽ അഭിഭാഷകൻ ലളിത് ബൻസലിന് സംഘർഷത്തിനിടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് വിവാദങ്ങളുടെ തുടക്കം. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ കോടതി അഭിഭാഷകർ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഗാന്ധിനഗർ സബ് ഡിവിഷനിൽ എ.സി.പിയായിരുന്ന മനസ്വി വസിഷ്ഠയെയും ഷഹ്ദര സ്റ്റേഷൻ ഹൗസ് ഓഫീസറായ ഇൻസ്‌പെക്ടർ അരുൺ കുമാറിനെയും ഒക്ടോബർ 28ന് സ്ഥലംമാറ്റിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |