
കൊൽക്കത്ത: നോർത്ത് കൊൽക്കത്തയിലെ ശാരദ പാർക്കിലുള്ള സർബോജനനിൽ ദുർഗാ പൂജയ്ക്കായി കെട്ടിയ പന്തലിലുണ്ടായ തിക്കിലും തിരക്കിലും 17 പേർക്ക് ദാരുണാന്ത്യം. 13 സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെയാണ് മരിച്ചത്. 35ഓളം പേർക്ക് പരിക്കേറ്റു. ഇവരെ കൊൽക്കത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പലരുടെയും നില ഗുരുതരമാണ്.
ഇന്നലെ രാത്രി 7.40ഓടെയാണ് അപകടമുണ്ടായത്. പൂജാ ചടങ്ങുകൾക്ക് നൂറിലധികം പേരാണ് എത്തിയത്. കനത്ത മഴ പെയ്തതോടെ ആൾക്കാർ കൂട്ടത്തോടെ പന്തലിലേക്ക് ഓടിക്കയറി. ഇതിനിടെ എക്സിറ്റ് ഗേറ്റിന്റെ ഒരുഭാഗം തകർന്നു വീണതോടെ ജനം പരിഭ്രാന്തരായി പുറത്തേക്കോടിയതാണ് വൻ ദുരന്തത്തിൽ കലാശിച്ചത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകട പശ്ചാത്തലത്തിൽ പൂജ പന്തൽ അടച്ചിട്ടു.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയും ചീഫ് സെക്രട്ടറി മനോജ് അഗർവാളും മെഡിക്കൽ കോളേജിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കൊൽക്കത്തയിലുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥലത്തെത്തി പരിക്കേറ്റവരെ സന്ദർശിച്ചു. ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി നടുക്കം രേഖപ്പെടുത്തി.
സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ഇടക്കാല ധനസഹായമായി പ്രഖ്യാപിച്ചു.
ഇടുങ്ങിയ
പ്രവേശന കവാടം
പൂജ പന്തലിലേക്കുള്ള ഇടുങ്ങിയ പ്രവേശന കവാടമാണ് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചത്. കൂടാതെ സ്ഥലത്ത് വെളിച്ചമുണ്ടായിരുന്നില്ല. ദുരന്തമുണ്ടായതിനുശേഷം സ്ഥലത്തേക്കുള്ള പ്രവേശനം സംഘാടകർ തടഞ്ഞെന്നും നാട്ടുകാർ ആരോപിച്ചു. തിക്കിലും തിരക്കിലുംപെട്ട് ഒട്ടേറെപ്പേർ ബോധരഹിതരായെന്നും പരിക്കേറ്റ ചിലരെ ബൈക്കുകളിലാണ് ആശുപത്രിയിലെത്തിച്ചതെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |