
ന്യൂഡൽഹി: ഇന്റർനെറ്റ് മുതിർന്നവരെപ്പോലെ കുട്ടികൾക്കും ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്ന് സുപ്രീംകോടതി നിരീക്ഷണം. പ്രായം കണക്കിലെടുക്കാതെ, കുട്ടികൾക്കും അവകാശങ്ങൾ ആസ്വദിക്കാനാകണം. സുരക്ഷ ഉറപ്പാക്കുന്നതിനും കുട്ടികൾക്ക് ലഭ്യമാകുന്ന ഉള്ളടക്കം നിയന്ത്രിക്കുന്നതിനും 'ചൈൽഡ് മോഡ്" പോലുള്ള സുരക്ഷാസംവിധാനങ്ങൾ ആവശ്യമാണെന്നും ജസ്റ്റിസുമാരായ ജെ.ബി.പർദ്ദിവാല, കെ.വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. കുട്ടികൾക്കെതിരായ ഓൺലൈൻ ലൈംഗിക ഉള്ളടക്കങ്ങൾ തടയാനുള്ള മാർഗനിർദ്ദേശങ്ങളും കോടതി പുറപ്പെടുവിച്ചു.
വിവരങ്ങളും ആശയങ്ങളും അറിയാനും സ്വീകരിക്കാനുമുള്ള അവകാശം ഭരണഘടന നൽകുന്നുണ്ട്. ഇന്റർനെറ്റ് ആശയങ്ങളുടെയും ആവിഷ്കാരത്തിന്റെയും വിവരങ്ങളുടെയും കേന്ദ്രമായതിനാൽ കുട്ടികൾക്കും പ്രവേശനം ലഭിക്കണം. വിദൂര പ്രദേശങ്ങളിൽ, പഠനത്തിലും വിവരങ്ങളുടെ ശേഖരണത്തിനും ഇന്റർനെറ്റ് സഹായിക്കുന്നു. പ്രത്യേക വിഭാഗത്തിലുള്ള കുട്ടികൾക്ക് മറ്റുള്ളവരുമായി ബന്ധപ്പെടാനുള്ള ഇടം കൂടിയാണത്. വിലക്കിയാൽ അവർ മാതാപിതാക്കളറിയാതെ സുരക്ഷിതമല്ലാത്ത മറ്റു പ്ലാറ്റ്ഫോമുകളിലേക്കും വെബ്സൈറ്റുകളിലേക്കും തിരിഞ്ഞേക്കാം- കോടതി വ്യക്തമാക്കി.
സുരക്ഷയ്ക്കായി ചൈൽഡ് മോഡ്
കുട്ടികളുടെ സമൂഹമാദ്ധ്യമ ഉപയോഗത്തിന് രക്ഷിതാക്കളുടെ മേൽനോട്ടം, സമ്മതം എന്നിവ നിർബന്ധമായ പ്രായാധിഷ്ഠിത 'ചൈൽഡ് മോഡ്" ഏർപ്പെടുത്താം. ഇതിലൂടെ കുട്ടികളുടെ അക്കൗണ്ടുകളിലേക്ക് അജ്ഞാതരുടെ പ്രവേശനം തടയാം. പരസ്യങ്ങളും ഉള്ളടക്കവും നിയന്ത്രിക്കാം.
ഡാറ്റാബേസ് തയ്യാറാക്കണം, പൊലീസിനെ അറിയിക്കണം
കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം ഹാഷ് വാല്യുവിന്റെ സഹായത്തോടെ ട്രാക്ക് ചെയ്ത്, പ്ളാറ്റ്ഫോമുകളിൽ നിന്നും നീക്കാൻ ദേശീയ ഡാറ്റാബേസ് തയ്യാറാക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. ഉള്ളടക്കങ്ങൾ നീക്കുന്ന വിവരം പ്ളാറ്റ്ഫോമുകൾ പൊലീസിൽ റിപ്പോർട്ട് ചെയ്യണം. 24 മണിക്കൂറിനുള്ളിൽ പരാതി സ്വീകരിക്കണം. നടപടികൾ പരാതിക്കാരനെ അറിയിക്കണം. ഇതനുസരിക്കാത്ത പ്ലാറ്റ്ഫോമുകൾക്ക് പിഴ ചുമത്തണം. ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ കുട്ടികളിൽ അവബോധം സൃഷ്ടിക്കണമെന്നും കോടതി നിർദ്ദേശിച്ചു. നിർദ്ദേശങ്ങൾ നടപ്പാക്കിയതിന്റെ സ്റ്റാറ്റസ് റിപ്പോർട്ട് ഡിസംബർ 10നുള്ളിൽ സമർപ്പിക്കാനും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |