
ന്യൂഡൽഹി: ദക്ഷിണ ചൈനാക്കടലിൽ ചൈനയുമായി സംഘർഷം രൂക്ഷമാകുന്നതിനിടെ പ്രതിരോധശേഷി വർധിപ്പിക്കാൻ ഇന്ത്യയിൽ നിന്ന് കൂടുതൽ ബ്രഹ്മോസ് മിസൈലുകൾ വാങ്ങാൻ ഫിലിപ്പീൻസ്. 60 മിസൈലുകൾ ഉൾപ്പെടുന്ന അഞ്ച് ബ്രഹ്മോസ് സംവിധാനങ്ങൾക്കായി ഇന്ത്യയുമായി ചർച്ച അന്തിമഘട്ടത്തിലെത്തിയതായി റിപ്പോർട്ട്. 700 മുതൽ 800 ദശലക്ഷം ഡോളർ വരെ (ഏകദേശം 6,300-7,200 കോടി രൂപ) മൂല്യമുള്ള ഇടപാടാണിത്.
2022-ൽ 375 ദശലക്ഷം ഡോളറിന്റെ കരാറിലൂടെ മൂന്ന് ബ്രഹ്മോസ് സംവിധാനങ്ങൾ വാങ്ങാൻ ഫിലിപ്പീൻസ് ധാരണയിലെത്തിയിരുന്നു. ഇതിന്റെ കൈമാറ്റം പൂർത്തിയാകാറായ സാഹചര്യത്തിലാണ് കൂടുതൽ മിസൈലുകൾക്കായുള്ള നീക്കം. ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ അധിക ബ്രഹ്മോസ് മിസൈലുകൾ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് ആർസെനിയോ ആൻഡലോങ് അറിയിച്ചു.
പ്രതിരോധമന്ത്രി ഗിൽബെർട്ടോ തിയോഡോറോയും ഇന്ത്യയിൽനിന്ന് കൂടുതൽ സംവിധാനങ്ങൾ വാങ്ങാനുള്ള ആഗ്രഹം ഡൽഹിയിൽ നടന്ന പ്രതിരോധ ഉച്ചകോടിയിൽ വ്യക്തമാക്കിയിരുന്നു. ഫിലിപ്പീൻസിന്റെ പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ച് മിസൈൽ സംവിധാനം പരിഷ്‌കരിക്കാനുള്ള നിർദേശങ്ങളും ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ട്.
ലോകതാരമായി ബ്രഹ്മോസ്
ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച ബ്രഹ്മോസ് കരയിലും കടലിലും വായുവിൽ നിന്നും വിക്ഷേപിക്കാനാകും
ഫിലിപ്പീൻസിന് പുറമെ വിയറ്റ്നാം, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായും ബ്രഹ്മോസ് മിസൈൽ വിൽപ്പനയ്ക്ക് ഇന്ത്യ ധാരണയിലെത്തിയിട്ടുണ്ട്
യു.എ.ഇ ഉൾപ്പെടെ നിരവധി രാജ്യങ്ങളും ബ്രഹ്മോസ് വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. രാജ്യാന്തര ആയുധ വിപണിയിൽ ബ്രഹ്മോസ് താരമാവുകയാണ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |