
ന്യൂഡൽഹി: രാജ്യത്തെ വായുമലിനീകരണത്താൽ പ്രതിവർഷമുണ്ടായത് 20 ലക്ഷത്തിലേറെ അകാലമരണങ്ങളെന്ന് റിപ്പോർട്ട്. സാമ്പത്തിക ആഘാതം രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി) 9.5 ശതമാനം വരെ. വായുമലിനീകരണവുമായി ബന്ധപ്പെട്ട് ഫിക്കി ഇ.വൈ പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
പ്രതിവർഷം 9 ലക്ഷം കോടി രൂപയുടെ ബിസിനസ് നഷ്ടമുണ്ടാകുന്നതായും പഠനത്തിൽ ചൂണ്ടികാട്ടുന്നു. വായുമലിനീകരണവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ കാരണം പ്രതിവർഷം 130 കോടി തൊഴിൽദിനങ്ങളും നഷ്ടമാകുന്നു. അന്തരീക്ഷത്തിലെ അതിസൂക്ഷ്മ മലിനകണങ്ങളായ പി.എം2.5 ആണ് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് പ്രധാന കാരണം. ശ്വാസകോശത്തിന്റെ ആഴങ്ങളിലെത്തുന്ന ഇവ രക്തപ്രവാഹത്തിലേക്കും കടക്കും. ശൈത്യകാലത്തെ താത്കാലിക നിയന്ത്രണങ്ങൾക്കപ്പുറം വർഷം മുഴുവൻ മലിനീകരണം കുറയ്ക്കാനുള്ള നടപടികൾ വേണമെന്നാണ് പഠനത്തിലുള്ളത്.
ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ
വായുമലിനീകരണം രൂക്ഷമായതോടെ ഡൽഹി എൻ.സി.ആറിൽ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ (ഗ്രേപ്പ്) മൂന്നാംഘട്ട നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതോടെ അത്യാവശ്യമല്ലാത്ത നിർമാണ, പൊളിക്കൽ പ്രവർത്തനങ്ങൾക്ക് നിരോധനമേർപ്പെടുത്തി. ഡൽഹിയിലും ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, ഗൗതം ബുദ്ധ് നഗർ, സോനിപത് എന്നിവിടങ്ങളിലും ബി.എസ്3 പെട്രോൾ, ബി.എസ്4 ഡീസൽ കാറുകളുടെ ഓട്ടത്തിന് നിയന്ത്രണമുണ്ടാകും. അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓൺലൈൻ, നേരിട്ടുള്ള ക്ലാസുകൾ സംയോജിപ്പിച്ചുള്ള പഠനരീതി നടപ്പാക്കാനും നിർദ്ദേശമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |