
ന്യൂഡൽഹി: മണിപ്പൂരിൽ രണ്ടിടങ്ങളിലായി നടന്ന വെടിവയ്പിൽ നാല് മെയ്‌തി വിഭാഗക്കാർ കൊല്ലപ്പെട്ടതോടെ കനത്ത ജാഗ്രത. ഞായറാഴ്ച രാത്രി തൗബൽ മേഖലയിലെ സംഗീത പരിപാടിക്കിടെ കല്ലേറും വെടിവയ്‌പും ഉണ്ടായതിനെ തുടർന്ന് 24കാരൻ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ രാവിലെ ഇംഫാൽ ഈസ്റ്രിലെ ഖമെൻലോക്കിലെ കുന്നുകളിൽ വിറക് ശേഖരിക്കാൻ പോയ ഗ്രാമീണർക്ക് നേരെ സായുധധാരികൾ നടത്തിയ വെടിവയ്പ്പിൽ മൂന്നുപേരും കൊല്ലപ്പെട്ടത്. അഞ്ച് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. മൂന്നുപേരെ കാണാനില്ല.
അക്രമം നടത്തിയത് കുക്കി ഭീകരരെന്ന് മെയ്‌തികൾ ആരോപിച്ചു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുമായി മുഖ്യമന്ത്രി യുംനം ഖെംചന്ദ് സിംഗിന്റെ ഇംഫാലിലെ വസതിയിലേക്ക് ജനക്കൂട്ടം സംഘടിച്ചെത്തി. പൊലീസ് ലാത്തിച്ചാർജ് നടത്തി. ടിയർ ഗ്യാസും പ്രയോഗിച്ചു. ഇതിനിടെ മൃതദേഹങ്ങൾ ഇംഫാലിലെ ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്ര്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്രി. സുരക്ഷാ സാഹചര്യം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ വിലയിരുത്തി.
സംഘർഷമേഖലകളിൽ സുരക്ഷാ സന്നാഹം വർദ്ധിപ്പിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. മെയ്‌തി-നാഗ വിഭാഗങ്ങളുടെ സംഘടനയായ എൻ.പി.സി.എം 48 മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്തു. കൊലപാതകങ്ങളെ കുക്കി സംഘടനകളും അപലപിച്ചു. ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു.
ബോംബ് സ്‌ഫോടനം: മൂന്ന് ജവാന്മാർക്ക് പരിക്ക്
ഞായറാഴ്ച അർദ്ധരാത്രി ഇംഫാൽ ഈസ്റ്റിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ 3 സി.ആർ.പി.എഫ് ജവാന്മാർക്ക് പരിക്കേറ്റു. സിംഗ്ജമെയ് പൊലീസ് സ്റ്റേഷന് സമീപത്തായിരുന്നു സ്‌ഫോടനം. സ്റ്റേഷനിലെ ഗേറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |