
ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'ഇന്ത്യ' മുന്നണിയുടെ പ്രതിഷേധം നയിക്കുന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിയറ്റ്നാം തലസ്ഥാനമായ ഹനോയിലേക്ക് പോയതായി സൂചന. വ്യക്തിപരമായ സന്ദർശമെന്നാണ് വിവരം. കോൺഗ്രസ് സ്ഥിരീകരിച്ചിട്ടില്ല. 'ഇന്ത്യ' മുന്നണിയുടെ പ്രതിഷേധ പരിപാടികൾ നവരാത്രി ആഘോഷങ്ങൾ പരിഗണിച്ച് തത്കാലത്തേക്ക് നിറുത്തിവച്ചതായി സൂചനയുണ്ടായിരുന്നു. എന്നാൽ,ഇക്കാര്യത്തിൽ പാർട്ടികൾ ഔദ്യോഗിക സ്ഥിരീകരണം നൽകിയിരുന്നില്ല. ഇതിനിടെയാണ് 18ന് ഗോവയിലെ പരിപാടിക്ക് ശേഷം ഡൽഹിയിൽ തിരിച്ചെത്തിയ രാഹുൽ വിദേശത്തേക്ക് പോയെന്ന വിവരം പുറത്തുവന്നത്. ഇക്കഴിഞ്ഞ ജനുവരിയിലും രാഹുൽ വിയറ്റ്നാം സന്ദർശിച്ചിരുന്നു.
പരിഹസിച്ച്
ബി.ജെ.പി
പ്രതിപക്ഷ പ്രതിഷേധത്തിന് വിദേശ സഹായമുണ്ടെന്ന് ആരോപിക്കുന്ന ബി.ജെ.പി രാഹുലിന്റെ യാത്രയെ അതുമായി ബന്ധിപ്പിക്കുന്നു. നവരാത്രി സമയത്ത്, രാഹുൽ ഗാന്ധി വിദേശത്ത് എന്ത് ചെയ്യുകയാണെന്ന് ബി.ജെ.പി വക്താവ് പ്രദീപ് ഭണ്ഡരി ചോദിച്ചു. രാഹുൽ ഇടവേള ആസ്വദിക്കുകയാണോ. അതോ 'കുഴപ്പക്കാരായ സഹകാരികളെ' കാണാൻ പോയതാണോ. ജോലി സമയത്തെക്കാൾ കൂടുതൽ വിശ്രമിക്കുന്ന രാഹുൽ അതുകഴിഞ്ഞ് വോട്ട് കൊള്ള എന്നാക്രോശിച്ച് കൊണ്ട് വരുമെന്നും അദ്ദേഹം കളിയാക്കി. എക്സ് പ്ളാറ്റ്ഫോമിലെ പോസ്റ്റിൽ സ്യൂട്ട്കേസുമായി ഒരു വിദേശയാത്ര നടത്തുന്ന രാഹുലിന്റെ കാർട്ടൂണും അദ്ദേഹം പങ്കിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |