SignIn
Kerala Kaumudi Online
Saturday, 07 November 2026 12.49 AM IST

നിലപാടിലുറച്ച് പരമോന്നത നീതിപീഠം ഒ.ബി.സി സംവരണത്തിന് ശമ്പളം നോക്കരുത്

READ ENGLISH VERSION
s

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ഒ.ബി.സി ക്രീമിലെയറും നോൺ-ക്രീമിലെയറും നിർണയിക്കാനുള്ള മാനദണ്ഡം മാതാപിതാക്കളുടെ സാമൂഹിക സ്ഥിതിയായിരിക്കണമെന്ന നിലപാടിലുറച്ച് സുപ്രീംകോടതി. അത് മാതാപിതാക്കളുടെ ശമ്പളം നോക്കിയാകരുത്. രക്ഷിതാക്കളുടെ സാമൂഹിക സ്ഥിതി, അവരുടെ ഔദ്യോഗിക പദവി, തസ്‌തിക, സാമൂഹികവും സാമ്പത്തികവുമായ നില എന്നിവ ഓരോ കേസിലും വ്യക്തിഗതമായി പരിശോധിച്ചാണ് നിർണയിക്കേണ്ടത്.

ഇക്കാര്യം വ്യക്തമാക്കി കഴിഞ്ഞ മാർച്ച് 11ന് പുറപ്പെടുവിച്ച വിധിയിൽ ഒരുതരത്തിലുമുള്ള പുനഃപരിശോധനയ്‌ക്കും തയ്യാറല്ലെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ,​ ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ഇന്നലെ വ്യക്തമാക്കി. വിധി നടപ്പാക്കാൻ രണ്ടു വർഷം അനുവദിക്കണമെന്ന കേന്ദ്രസർക്കാരിന്റെ ഹർജി തള്ളി. രണ്ടു മാസത്തിനകം വിധി നടപ്പാക്കണമെന്ന് കോടതി ഉത്തരവിട്ടു. ആറു മാസത്തിനകം വിധി നടപ്പാക്കണമെന്നായിരുന്നു മാർച്ച് 11ലെ നിർദ്ദേശം.

പൊതുമേഖലാ സ്ഥാപനങ്ങൾ,ബാങ്കുകൾ തുടങ്ങിയവയിലെ ഉദ്യോഗസ്ഥരെയും സർക്കാർ ഉദ്യോഗസ്ഥരെയും രണ്ടു തരത്തിലാണ് ഇപ്പോൾ പരിഗണിക്കുന്നത്. അത്തരത്തിൽ ശമ്പളം നോക്കിയാവരുത് നോൺക്രീമിലെയറിൽ ഉൾപ്പെടുത്തേണ്ടത്.

ഇതിനായി ഏകീകൃത സംവിധാനം രൂപീകരിക്കുന്നതിനാണ് കേന്ദ്രം സാവകാശം ആവശ്യപ്പെട്ടിരുന്നത്.

സിവിൽ സ‌ർവീസിനും

ബാധകം

2025ൽ സിവിൽ സർവീസ് പരീക്ഷയെഴുതിയ 958 ഉദ്യോഗാർത്ഥികളുടെ റാങ്ക് ലിസ്റ്റ് വന്നത് 2026 മാർച്ച് 11ലെ കോടതിവിധിക്ക് അഞ്ചു ദിവസം മുൻപാണ്. പഴയ രീതിയിൽ നിയമനം നടത്താൻ അനുമതി നൽകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. കേന്ദ്രത്തിന്റെ ആവശ്യത്തെ ഒ.ബി.സി വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾ എതിർത്തിരുന്നു. വിധിയിലെ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ടാകണം നിയമനങ്ങളെന്ന് കോടതി നിർദ്ദേശിച്ചു.

നീതി കിട്ടിയെന്ന്

ഉദ്യോഗാ‌ർത്ഥികൾ

2012ലെ സിവിൽ സ‌ർവീസ് പരീക്ഷയെഴുതിയ ഒ.ബി.സി ഉദ്യോഗാർത്ഥികളുടെ അടക്കം നിയമപോരാട്ടമാണ് വീണ്ടും വിജയത്തിലേക്ക് എത്തിയത്. സിവിൽ സ‌ർവീസ് പരീക്ഷയിൽ മികച്ച പ്രകടനം നടത്തിയിട്ടും,​ ക്രീമിലെയ‌ർ പരിധിയിൽ പെടുത്തി നിയമനം നിഷേധിച്ചിരുന്നു. നോൺ ക്രീമിലെയർ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരളം,​ഡൽഹി ,തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ അതത് ഹൈക്കോടതികളെ സമീപിച്ചു അനുകൂല വിധി നേടിയപ്പോൾ കേന്ദ്രം അപ്പീൽ നൽകി. ഈ അപ്പീലാണ് മാർച്ച് 11ന് കോടതി തള്ളിയതും ഇപ്പോൾ പുനഃപരിശോധനയില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നതും. കേസ് നൽകിയ ഉദ്യോഗാ‌ർത്ഥികൾ നോൺ ക്രീമിലെയറിൽ ഉൾപ്പെട്ടവരാണെന്നും സംവരണ ആനുകൂല്യത്തിനും ജോലിക്കും അർഹതയുണ്ടെന്നും മാർച്ച് 11ന് വിധിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CREAMY LAYER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360