
ന്യൂഡൽഹി:ട്രെയിനിൽ പാഴ്സൽ അയക്കാൻ ഇനി റെയിൽവേസ്റ്റേഷനിലേക്ക് പോകേണ്ട. വീട്ടിൽ നിന്ന് പാഴ്സൽ ശേഖരിച്ച് നിർദ്ദിഷ്‌ട സ്ഥലത്ത് എത്തിക്കുന്ന പദ്ധതിക്കൊരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ.
'ഘർസേ ഘർതക്' ഡോർ-ടു-ഡോർ റെയിൽ പാഴ്‌സൽ ആപ്പ് ഇതിനായി ഐ.ഒ.എസ്,ആൻഡ്രോയിഡ്,വെബ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാക്കും. ആപ്പ് അല്ലെങ്കിൽ വെബ്‌സൈറ്റ് വഴി പാഴ്‌സൽ ഓൺലൈനായി ബുക്ക് ചെയ്യാം. ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്താം. തുടക്കത്തിൽ ഡൽഹി,മുംബയ്, കൊൽക്കത്ത,ചെന്നൈ,അഹമ്മദാബാദ്,ഹൈദരാബാദ്, ബെംഗളൂരു,പുനെ എന്നീ 8നഗരങ്ങളിൽ നടപ്പാക്കും. സ്വകാര്യ കൊറിയർസർവീസ് കമ്പനികളുമായി സഹകരിച്ചാണിത്.
ആപ്പിലോ സൈറ്റിലോ രജിസ്റ്റർ ചെയ്താൽ ഐഡി നമ്പർ ലഭിക്കും. ആപ്പിലും സൈറ്റിലുമുളള കൊറിയർ കമ്പനികളിൽ ഒരെണ്ണം തിരഞ്ഞെടുക്കണം. നിരക്ക് പ്രദർശിപ്പിക്കും. ഉത്ഭവസ്ഥാനത്തെയും ലക്ഷ്യസ്ഥാനത്തെയും മേൽവിലാസം നൽകി മൊബൈൽ നമ്പർ കൈമാറണം. ഒ.ടി.പി വെരിഫിക്കേഷനുണ്ടാകും. യു.പി.ഐ,ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ,നെറ്റ് ബാങ്കിംഗ്,മറ്റ് അംഗീകൃത ഡിജിറ്റൽ പേയ്‌മെന്റ് രീതികളിലൂടെ പണമടയ്‌ക്കാം. റീഫണ്ട് സാഹചര്യങ്ങളിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകണം. പാഴ്‌സലുകൾ ട്രാക്ക് ചെയ്യാനുമാവും. നോട്ടിഫിക്കേഷനുകൾ ആപ്പിലും മൊബൈലിലുമെത്തും. സ്ലോട്ട് പ്രകാരമുള്ള സമയത്ത് പാഴ്സൽ സ്വീകരിക്കണം. ഇല്ലെങ്കിൽ അധികചാർജാകും.
ഏതുട്രെയിനിൽ അയക്കണമെന്നും തീരുമാനിക്കാം. ട്രെയിൻ പുറപ്പെടുന്ന തീയതിയുടെ 15ദിവസം മുൻപ് ബുക്ക് ചെയ്യാം. ഒരു ദിവസം മുമ്പ് വരെ ബുക്കിംഗ് അനുവദിക്കും. പാഴ്സൽ പാക്ക് ചെയ്യുന്നതിന് കൊറിയർകമ്പനികളുടെ അധികസേവനമുണ്ടാകും. ഡിജിറ്റൽ ബില്ലായിരിക്കും നൽകുക. അപകടകരമായത്, തീപിടിക്കുന്നവ, സ്‌ഫോടകവസ്‌തുക്കൾ, നിയമവിരുദ്ധവസ്‌തുക്കൾ എന്നിവ സ്വീകരിക്കില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |