
ന്യൂഡൽഹി: ചൈനീസ് അതിർത്തിക്കു സമീപം ചരിത്ര നേട്ടവുമായി ഇന്ത്യൻ വ്യോമസേന. സമുദ്രനിരപ്പിൽ നിന്ന് 13,629 അടി ഉയരത്തിലുള്ള ന്യോമ വ്യോമതാവളത്തിൽ കൂറ്റൻ ചരക്കുവിമാനം വിജയകരമായി ഇറക്കി. ഇത്രയും ഉയരത്തിൽ ലാൻഡ് ചെയ്യുന്ന ലോകത്തെ ആദ്യ സൈനിക ചരക്കുവിമാനമെന്ന ഖ്യാതി 'ഐ.എൽ-76 എം.ഡി" ക്ക് സ്വന്തം.
പ്രതികൂലമായ ഭൂപ്രകൃതിയും വായുസാഹചര്യങ്ങളും ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിച്ചാണ് സുരക്ഷിതമായി നിലംതൊട്ടത്. നിയന്ത്രണരേഖയ്ക്ക് (എൽ.എ.സി) സമീപമുള്ള ന്യോമ വ്യോമതാവളത്തിന്റെ സൈനിക പ്രാധാന്യവും ഇതോടെ ബലപ്പെട്ടു. കിഴക്കൻ ലഡാക്കിലെ അതിർത്തി മേഖലകളിൽ അടിയന്തര സാഹചര്യങ്ങളിൽ സൈനിക ശക്തി വർദ്ധിപ്പിക്കുന്നതിന് കരുത്തേകുന്നതാണ് പുതിയ നേട്ടം.
ദൗത്യം വിജയകരമായി പൂർത്തിയാക്കിയ വ്യോമസേനാ സംഘത്തെ അധികൃതർ അഭിനന്ദിച്ചു. ഉയർന്ന പ്രദേശങ്ങളിലെ സൈനിക ഗതാഗതത്തിൽ കൂടുതൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ശ്രമങ്ങൾക്ക് ഇത് കരുത്താകുമെന്ന് വ്യോമസേനാ വൃത്തങ്ങൾ അറിയിച്ചു.
ഐ.എൽ- 76 എം.ഡി
45 ടൺ ചരക്ക് വഹിക്കാൻ ശേഷിയുള്ള ഇന്ത്യൻ വ്യോമസേനയുടെ റഷ്യൻ നിർമ്മിത പ്രധാന ഗതാഗത-ചരക്ക് വിമാനങ്ങളിലൊന്നാണ് ഐ.എൽ- 76 എം.ഡി. നാല് എൻജിനുകളുണ്ട്. സൈനികരെ കൂടാതെ ഉപകരണങ്ങളും ചരക്കുകളും വഹിക്കാൻ ശേഷിയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |