SignIn
Kerala Kaumudi Online
Saturday, 07 November 2026 8.16 AM IST

പിസയിൽ പൈനാപ്പിൾ ചേർത്തില്ല, ഷെഫിന്റെ ജോലി പോയി !

d

കാൻബെറ: പിസയിൽ ആരെങ്കിലും പൈനാപ്പിൾ ചേർക്കുമോ ? പൈനാപ്പിൾ ചേർത്ത പിസയെ ചിലർ ഹവായിയൻ പിസ എന്ന് വിളിച്ചേക്കാം. എന്നാൽ ഒരു ഇറ്റലിക്കാരനെ സംബന്ധിച്ചിടത്തോളം പിസയിൽ പൈനാപ്പിൾ ചേർക്കുന്നത് ഒരു ' കുറ്റകൃത്യമാണ് '. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിലുള്ള ഒരു റെസ്റ്റോറന്റിൽ സംഭവിച്ചതും ഇതുതന്നെ.

ഇറ്റാലിയൻ പിസാ ഷെഫായ ഡേവിഡ് ടാംബുറെല്ലയോട് പൈനാപ്പിൾ ചേർത്ത പിസയുണ്ടാക്കാൻ കസ്റ്റമർ ആവശ്യപ്പെട്ടു. ഇത് തന്റെ സംസ്കാരത്തോടുള്ള അവഹേളനമാണെന്ന് പറഞ്ഞ് അദ്ദേഹം അത് നിരസിച്ചു. തങ്ങളെ ധിക്കരിച്ച ഷെഫിനെ റെസ്റ്റോറന്റ് മാനേജ്മെന്റ് ജോലിയിൽ നിന്ന് പുറത്താക്കി !.

തന്റെ പിരിച്ചുവിടൽ അന്യായമാണെന്ന് കാണിച്ച് ഡേവിഡ് ഓസ്‌ട്രേലിയയിലെ ഫെയർ വർക്ക് കമ്മീഷനെ സമീപിച്ചതോടെയാണ് സംഭവത്തിന്റെ വിവരങ്ങൾ പുറംലോകമറിയുന്നത്. നാല് വർഷത്തിനിടെ മൂന്ന് തവണയാണ് ഡേവിഡ് പിസയിൽ പൈനാപ്പിൾ ചേർക്കാൻ വിസമ്മതിച്ചതത്രെ.

ഓസ്‌ട്രേലിയയിലെ പ്രധാന പൈനാപ്പിൾ ഉത്പാദന മേഖലയായ ക്വീൻസ്‌ലൻഡിലാണ് റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്. കൂടാതെ പ്രശസ്തമായ "ബിഗ് പൈനാപ്പിൾ" എന്ന ഭീമൻ പൈനാപ്പിൾ രൂപവും ഇവിടെയാണ്. ഏതായാലും, അന്യായമായി പിരിച്ചുവിട്ടെന്നുള്ള അദ്ദേഹത്തിന്റെ പരാതി നിയമപരമായ സമയപരിധി കഴിഞ്ഞാണ് ( 21 ദിവസം ) ഫയൽ ചെയ്തത് എന്ന കാരണത്താൽ കമ്മീഷൻ തള്ളി.

പിരിച്ചുവിടൽ കാരണം സ്ഥിര താമസത്തിനായുള്ള വിസ നേടാനുള്ള ഡേവിഡിന്റെ പദ്ധതികളും തടസപ്പെട്ടു. കേവലം ഒരു പിസ മാത്രമല്ല, പിരിച്ചുവിടലിന് പിന്നിൽ മറ്റ് പല കാര്യങ്ങളുമുണ്ടെന്നാണ് റെസ്റ്റോറന്റ് മാനേജ്മെന്റിന്റെ പ്രതികരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360