SignIn
Kerala Kaumudi Online
Sunday, 08 November 2026 12.41 AM IST

ആത്മകഥയിൽ സോണിയയുടെ വെളിപ്പെടുത്തൽ അടിയന്തരാവസ്ഥയെ രാജീവ് ഗാന്ധി എതിർത്തു

s

ന്യൂഡൽഹി: രാജീവ് ഗാന്ധി എതിർത്തിട്ടും സഞ്ജയ് ഗാന്ധിയുടെയും മുതിർന്ന കോൺഗ്രസ് നേതാക്കളുടെയും സമ്മർദ്ദത്തിലാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1975ൽ അടിയന്തരാവസ്ഥ നടപ്പാക്കിയതെന്ന് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി. സോണിയയുടെ 10ന് പുറത്തിറങ്ങുന്ന 'ബിലോംഗിഗ്: എ ജേണി ഒഫ് ലൗ' എന്ന ആത്മകഥയിലാണ് ഇക്കാര്യം പരാമർശിക്കുന്നതെന്ന് ഒരു പാശ്ചാത്യ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.

പ്രതിപക്ഷത്തിന്റെ എതിർപ്പ് രൂക്ഷമായപ്പോൾ അടുത്ത തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കാനാണ് മൂത്ത മകനും മുൻ പ്രധാനമന്ത്രിയുമായ രാജീവ് നിർദ്ദേശിച്ചത്. എന്നാൽ,ഇളയ മകൻ സഞ്ജയ് വാശിപിടിച്ചു. ഒപ്പം മുതിർന്ന കോൺഗ്രസ് നേതാക്കളും. പ്രതിപക്ഷം ഇന്ദിരയെ നശിപ്പിക്കുന്നത് തടയണമെന്ന് അത്താഴ വിരുന്നിനിടെ സഞ്ജയ് വാദിച്ചു. രാജീവ് വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും സഞ്ജയ്ക്ക് ഇന്ദിരയ‌്‌ക്കുമേലുള്ള സ്വാധീനത്താൽ സാധിച്ചില്ല. ഇത് കുടുംബത്തിനുള്ളിൽ പിരിമുറുക്കങ്ങളുണ്ടാക്കി. സഞ്ജയിനെ നിയന്ത്രിച്ചിരുന്നെങ്കിൽ പിന്നീടുണ്ടായ തിരിച്ചടികളെ തടയാമായിരുന്നു. ഇന്ദിരാഗാന്ധി മനസുകൊണ്ട് ഒരു ജനാധിപത്യ വാദിയാണെന്നും അടിയന്തരാവസ്ഥ അവർക്ക് ഒരിക്കലും സമാധാനം നൽകിയിട്ടില്ല.

സുവർണ ക്ഷേത്രത്തിലെ ഓപ്പറേഷൻ ബ്ളൂ സ്റ്റാറിന് ശേഷം സിക്ക് വിരോധം വർദ്ധിച്ചപ്പോൾ ഇന്ദിരാഗാന്ധി മരണത്തെ മുന്നിൽ കണ്ടു. താൻ ഇല്ലാതായാൽ ചെയ്യേണ്ട കാര്യങ്ങൾ പോലും തീരുമാനിച്ചിരുന്നു. ധൈര്യം കൈവിടരുതെന്നും കരയരുതെന്നും കൊച്ചുമകൻ രാഹുലിനോട് പറഞ്ഞുവെന്നും സോണിയ പറയുന്നു.

രാജീവിനെ തടഞ്ഞു

ഇന്ദിരാ വധത്തെ തുടർന്ന് രാജീവ് പ്രധാനമന്ത്രിയാകുന്നത് തടയാൻ ശ്രമിച്ചെന്ന് സോണിയ. ഇന്ദിരയുടെ അനുഭവം രാജീവിനുണ്ടാകുമെന്ന് ഭയന്നതിനാൽ അദ്ദേഹം വീട്ടിൽ മടങ്ങിയെത്താൻ വൈകുന്ന ദിവസങ്ങളിൽ ആധിയായിരുന്നു. എന്നാൽ 1991ൽ അത് സംഭവിച്ചു. അമ്മയുടെ മരണത്തിന്റെ ഞെട്ടലും ദുഃഖവും മറച്ചാണ് രാജീവ് പൊതുവേദിയിലെത്തിയത്. 1984 ഒക്‌ടോബർ 31ന് വീടിനടുത്തുള്ള ഓഫീസിലേക്ക് ഇന്ദിര പോയതിന് പിന്നാലെ താൻ കുളിക്കാൻ ഒരുങ്ങുമ്പോഴാണ് വെടിയൊച്ച കേട്ടത്. കുട്ടികളുടെ പരിചാരിക ഓങ്മ വിവരം അറിയിച്ചപ്പോൾ പുറത്തേക്കോടിയ സോണിയ കണ്ടത് വെടിയേറ്റ ഇന്ദിരയെ കാറിൽ കയറ്റുന്നത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി തന്റെ മടിയിൽ രക്തത്തിൽ കുളിച്ച് കിടന്ന ഇന്ദിരയെ പലവട്ടം വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. രാജീവിന്റെ മരണത്തോടെ ഇറ്റലിയിലേക്ക് മടങ്ങിച്ചെല്ലാൻ സഹോദരി നിർബന്ധിച്ചിരുന്നു. എന്നാൽ,ഇന്ത്യ വിട്ടു പോകില്ലെന്നത് തന്റെ തീരുമാനമായിരുന്നുവെന്നും സോണിയ പറയുന്നു.

ബി.ജെ.പി ഭരണം ക്ഷതമുണ്ടാക്കി

12 വർഷത്തെ ബി.ജെ.പി ഭരണം രാജ്യത്തിനും ജനാധിപത്യ സ്ഥാപനങ്ങൾക്കും ക്ഷതമുണ്ടാക്കിയെന്ന്

ഹിന്ദുവിന് അനുവദിച്ച അഭിമുഖത്തിൽ സോണിയ ഗാന്ധി. രാജ്യത്തെ പഴയ അവസ്ഥയിലാക്കാൻ രാഷ്ട്രീയ പാർട്ടികൾ‌ ശ്രമിക്കേണ്ടി വരും. ജനങ്ങൾ ശരിയായ ഭരണം തിരിച്ചുവരുന്നത് സ്വാഗതം ചെയ്യും. പാർട്ടിയിൽ വിശ്വസിച്ച സഹപ്രവർത്തകർ വിദേശബന്ധം ആരോപിച്ചത് ഞെട്ടലായെന്നും ശരത് പവാറും പി.എ.സാഗ്‌മയും പാർട്ടി വിടാനും പ്രധാനമന്ത്രി പദം നിരസിക്കാനും ഇടയാക്കിയ സാഹചര്യവും സോണിയ പറഞ്ഞു. അവർക്ക് എന്നെ വിശ്വാസമില്ലെന്ന് അന്നാണ് മനസിലായത്. രാഷ്ട്രീയത്തിൽ വിട്ടുവീഴ്ചകൾ അനിവാര്യമാണെങ്കിലും ബി.ജെ.പിയുമായും ആർ.എസ്.എസുമായും വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും സോണിയ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SONIA GANDHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360