
ന്യൂഡൽഹി: ഗുജറാത്ത് എനർജി ലിമിറ്റഡുമായി പത്തുവർഷത്തെ ദ്രവീകൃത പ്രകൃതിവാതക (എൽ.എൻ.ജി) വിതരണക്കരാറിൽ ഒപ്പുവച്ച് അബുദാബി നാഷണൽ ഓയിൽ കമ്പനി (എ.ഡി.എൻ.ഒ.സി). പത്തുവർഷത്തിനിടെ 40 ലക്ഷം ടൺ എൽ.എൻ.ജി ഇന്ത്യയിലെത്തും. 2028ൽ വിതരണം ആരംഭിക്കും.
ഇന്ത്യയിൽ എ.ഡി.എൻ.ഒ.സി ഒപ്പിടുന്ന അഞ്ചാമത്തെ ദീർഘകാല വിതരണക്കരാറാണിത്. എ.ഡി.എൻ.ഒ.സിയുടെ അന്താരാഷ്ട്ര നിക്ഷേപ സ്ഥാപനമായ എക്സ്.ആർ.ജിയുടെ വിദേശ വാതക ശേഖരത്തിൽ നിന്നാണ് ഇന്ധനം ലഭ്യമാക്കുക. ഗൾഫ് മേഖലയ്ക്ക് പുറത്ത് എക്സ്.ആർ.ജി നടത്തുന്ന ആദ്യ വാണിജ്യ വില്പനയാണിത്. കരാറിന്റെ സാമ്പത്തിക മൂല്യം വെളിപ്പെടുത്തിയിട്ടില്ല.
ഇന്ത്യൻ പൊതുമേഖലാ ഊർജ്ജകമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി), ഗെയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്.പി.സി.എൽ) എന്നിവരുമായും എ.ഡി.എൻ.ഒ.സി ദീർഘകാല വിതരണ കരാറുകളിലേർപ്പെട്ടിട്ടുണ്ട്.
കരുത്താകും
ഖത്തർ ഉൾപ്പെടെയുള്ള പരമ്പരാഗത വിതരണക്കാരെ കൂടാതെ പുതിയ അന്താരാഷ്ട്ര സ്രോതസുകളിൽ നിന്ന് വാതക ലഭ്യത ഉറപ്പാക്കും
വളം ഫാക്ടറികൾ, പെട്രോകെമിക്കൽ, റിഫൈനറി, വൈദ്യുതി മേഖലകൾ എന്നിവയ്ക്ക് ആവശ്യമായ പ്രകൃതിവാതകം ലഭ്യമാകും
പൈപ്പ് വഴിയുള്ള പാചകവാതക വിതരണവും സി.എൻ.ജി ശൃംഖലയുടെ വികസനവും ഉറപ്പാക്കും
ദീർഘകാല കരാറായതിനാൽ ഭാവിയിലെ ഇന്ധനാവശ്യങ്ങളും ഇറക്കുമതിയും മുൻകൂട്ടി ആസൂത്രണം ചെയ്യാം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |