
ന്യൂഡൽഹി: രാജ്യത്ത് വിൽക്കുന്ന ഇ-20 പെട്രോളിൽ 20 ശതമാനത്തിലും കൂടുതൽ എഥനോൾ അടങ്ങിയിട്ടുണ്ടെന്ന കർണാടക സർക്കാർ വാദം തെറ്റെന്ന് കേന്ദ്ര പ്രകൃതി വാതക മന്ത്രാലയവും എണ്ണക്കമ്പനികളും. കർണാടകയിൽ വിറ്റ ഇ-20 പെട്രോളിൽ 31.2ശതമാനം വരെ എഥനോൾ കണ്ടെത്തിയെന്ന വാർത്തയിലാണിത്. കർണാടക ഭക്ഷ്യ, സിവിൽ സപ്ലൈസ്, ഉപഭോക്തൃ കാര്യ മന്ത്രി റിസ്വാൻ അർഷാദാണ് കർണാടകയിലെ ആറ് ജില്ലകളിൽ നിന്നുള്ള സാമ്പിളുകളിൽ 26-31 ശതമാനം എഥനോൾ കണ്ടെത്തിയെന്ന് അറിയിച്ചത്.
ഇന്ത്യൻ ഓയിൽ സാമ്പിളിൽ 31.2ശതമാനവും ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ 30.5ശതമാനവുമാണ് കണ്ടെത്തിയത്. അതേസമയം, സാമ്പിൾ പരിശോധന നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് കമ്പനികൾ പറഞ്ഞു. എഥനോൾ പരിധി നിർണയിക്കുന്ന ഗ്യാസ് ക്രോമാറ്റോഗ്രാഫി പരിശോധന ഫല വിശദാംശങ്ങൾ നൽകിയിട്ടില്ല. കർണാടകയിലും മറ്റ് സംസ്ഥാനങ്ങളിലും നടത്തിയ പരിശോധനയിൽ 19-21 % എഥനോൾ സ്ഥിരീകരിച്ചു. പൂർണമായ സാമ്പിൾ രേഖകൾ, ഔട്ട്‌ലെറ്റ് തിരിച്ചുള്ള ലബോറട്ടറി റിപ്പോർട്ടുകൾ, ടെസ്റ്റിംഗ് വിശദാംശങ്ങൾ എന്നിവ നൽകണം. സംയുക്ത പരിശോധന നടത്തി ഫലനിർണയം നടത്താമെന്നും കമ്പനികൾ അറിയിച്ചു.
മോദിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ
ഇ-20 പെട്രോളിൽ പരിശോധനാ ഫലം കേന്ദ്രസർക്കാരിനെതിരായ ആയുധമാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യഥാർത്ഥത്തിൽ പെട്രോളിൽ എത്ര ശതമാനം പെട്രോൾ ഉണ്ടെന്ന് വ്യക്തമാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംവാദത്തിന് വെല്ലുവിളിക്കുകയാണെന്നും രാഹുൽ പറഞ്ഞു. ഇ-20 ഇപ്പോൾ 420 ആകുന്നു. പെട്രോളിൽ മായം ചേർക്കുന്ന കമ്പനികൾക്കെതിരെ നടപടിയെടുക്കണം. ജനങ്ങൾ വിലകൂടിയ പെട്രോളിന് കാശു നൽകി എഥനോളാണ് വാങ്ങുന്നത്. ഇതുവഴി വാഹനങ്ങളുടെ മൈലേജ് കുറയുകയും എൻജിന് കേടുപറ്റുമെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ആർക്കാണ് ഇതിന്റെ പ്രയോജനമെന്നും രാഹുൽ ചോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |