
ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തവർഷം ഫെബ്രുവരിയിലോ മാർച്ചിലോ നടന്നേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ പരസ്‌പരം പോർമുഖം തുറന്ന് ബി.ജെ.പിയും സമാജ്‌വാദി പാർട്ടിയും. സംസ്ഥാനത്ത് ആകെ 403 നിയമസഭാ സീറ്റുകളാണുള്ളത്. 209 പേരുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ബി.ജെ.പി തയ്യാറാക്കി. ഇത് ദേശീയ നേതൃത്വത്തിന്റെ അംഗീകാരത്തിനായി കൈമാറി. സ്ഥാനാർത്ഥികൾ മണ്ഡലങ്ങളിൽ ആദ്യമേ സജീവമാകുന്നതോടെ പ്രചാരണത്തിൽ മേൽക്കൈ നേടാനാകുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ.
അതേസമയം,സമാജ്‌വാദി പാർട്ടിയും(എസ്.പി) കളം നിറയുകയാണ്. ഡിസംബർ 12ന് ദേശീയ അദ്ധ്യക്ഷൻ അഖിലേഷ് യാദവ് കുടുംബസമേതം അയോദ്ധ്യ രാമക്ഷേത്രത്തിലെത്തും. 2024 ജനുവരിയിൽ ക്ഷേത്രം തുറന്നതിനു ശേഷം ഇതാദ്യമായാണ് അഖിലേഷ് ക്ഷേത്രത്തിലെത്തുന്നത്. സമാജ്‌വാദി ഹിന്ദു വിരുദ്ധ പാർട്ടിയാണെന്ന ബി.ജെ.പി പ്രചാരണത്തെ തകർക്കുകയാണ് ലക്ഷ്യം. അതേസമയം,ധൈര്യമുണ്ടെങ്കിൽ അയോദ്ധ്യയിൽ മത്സരിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അഖിലേഷ് പരസ്യമായി വെല്ലുവിളിക്കുന്നുണ്ട്. എന്നാൽ 1990ൽ അന്നത്തെ മുലായം സിംഗ് യാദവ് സർക്കാർ കർസേവകർക്കു നേരെ വെടിവയ്‌ക്കാൻ ഉത്തരവിട്ടത് യോഗി ചൂണ്ടിക്കാട്ടി. പിതാവിന്റെ കാലത്തു നടന്ന സംഭവത്തിൽ ആദ്യം മാപ്പു പറയൂ. ഒരു മാരീചനെയും മന്ഥരയെയും രാമക്ഷേത്രത്തിൽ കണ്ണുവയ്‌ക്കാൻ അനുവദിക്കില്ലെന്നും യോഗി പറഞ്ഞു.
ഷാ ഇറങ്ങും
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും യോഗി ആദിത്യനാഥും സ്വരചേർച്ചയിലല്ലെന്ന അഭ്യൂഹം ശക്തമാണ്. എന്നാൽ,മൂന്നാം തവണ വിജയം നേടുന്നത് വെല്ലുവിളിയാണെന്ന് പാർട്ടിയുടെ ആഭ്യന്തര സർവേയിൽ കണ്ടെത്തിയെന്നാണ് വിവരം. അതിനാൽ ഇരുനേതാക്കളും തമ്മിൽ അനുരഞ്ജനത്തിലെത്തിയെന്ന് റിപ്പോർട്ടുകളുണ്ട്. പഞ്ചാബ് തിരഞ്ഞെടുപ്പിൽ കേന്ദ്രീകരിക്കാൻ തീരുമാനിച്ച അമിത് ഷാ യു.പിയിലും മുഖ്യ തന്ത്രജ്‌ഞനായി രംഗത്തുണ്ടാകും. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.പിയിലെ 80ൽ 33 സീറ്രുകളിലാണ് ബി.ജെ.പിക്ക് വിജയിക്കാനായത്. അന്ന് ദേശീയ-സംസ്ഥാന നേതൃത്വങ്ങൾ പരസ്‌പരം പഴിചാരുന്ന സാഹചര്യമുണ്ടായി. 350ൽപ്പരം സീറ്റുകൾ പിടിക്കുകയാണ് ഇത്തവണ ലക്ഷ്യമിടുന്നത്. 80:20 ഫോർമുലയും മുന്നോട്ടു വയ്‌ക്കുന്നു. ബി.ജെ.പിയും ഘടകകക്ഷികളും ചേർന്ന് 80 ശതമാനം വോട്ടു പിടിക്കുമെന്നും ബാക്കി 20 ശതമാനമേ പ്രതിപക്ഷത്തിന് കിട്ടുകയുള്ളുവെന്നും യോഗി അവകാശപ്പെടുന്നു. സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ട് പുതിയ പദ്ധതിയും പ്രഖ്യാപിച്ചേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |