SignIn
Kerala Kaumudi Online
Monday, 09 November 2026 8.18 AM IST

ഐസൻകോട്ടിന് ഇനി അഗ്നിപരീക്ഷ

1

സർക്കാർ രൂപീകരണത്തിന് പ്രതിപക്ഷ നേതാവ് ഗാഡി ഐസൻകോട്ടിന് അവസരം ലഭിച്ചെങ്കിലും ഇസ്രയേലിലെ സസ്‌പെൻസ് അവസാനിച്ചിട്ടില്ല. സങ്കീർണമായ പാതയാണ് ഐസൻകോട്ടിന് മുമ്പിലുള്ളത്. മൂന്ന് വ്യത്യസ്ത ടേമുകളിലായി രണ്ട് പതിറ്റാണ്ടോളം പ്രധാനമന്ത്രി കസേരയിലിരുന്ന ബെഞ്ചമിൻ നെതന്യാഹുവിന്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചെന്ന് വിധിയെഴുതാനാകില്ല. 2022ലെ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ തീവ്രവലതുപക്ഷ സഖ്യം ഭൂരിപക്ഷം നേടിയെങ്കിലും ചർച്ച പൂർത്തിയാക്കി സർക്കാർ രൂപീകരിക്കാൻ 38 ദിവസമെടുത്തു. ഐസൻകോട്ടിന്റെ സഖ്യത്തിലാകട്ടെ ഇടത്, വലതുപക്ഷങ്ങളടക്കം വ്യത്യസ്ത ആശയങ്ങളുള്ള പാർട്ടികളുണ്ട്. ഇവരെ സമവായത്തിലെത്തിക്കുക ചില്ലറ കാര്യമല്ല. അറബ് പാർട്ടികളുടെ റോൾ എപ്രകാരമാകുമെന്നതും കണ്ടറിയണം. ഐസൻകോട്ട് സഖ്യത്തിലെ വലതുപക്ഷ നേതാക്കൾ അറബ് സഹകരണത്തെ എതിർക്കുന്നു. സഖ്യ കരാറില്ലാതെ ഐസൻകോട്ടിനെ പിന്തുണയ്ക്കാൻ അറബ് പാർട്ടികൾ തയ്യാറാണ്. നെതന്യാഹുവിനെ പുറത്താക്കുക എന്ന ഒറ്റലക്ഷ്യമാണ് പ്രതിപക്ഷത്തിനും അറബ് പാർട്ടികൾക്കും. അതിന്​ ഐസൻകോട്ടിനെ അധികാരത്തിലേറ്റുകയാണ് മാർഗം. എന്നാൽ സർക്കാരിന്റെ സ്ഥിരതയാണ് ചോദ്യചിഹ്നം.

അറബ് സഹകരണം വെല്ലുവിളി

 നെതന്യാഹു സഖ്യത്തിന് 53 സീറ്റ് ലഭിച്ചെങ്കിലും അദ്ദേഹത്തിന് നിലവിലുള്ളത് 46 പേരുടെ പിന്തുണ. തീവ്ര ഓർത്തഡോക്സ് പാർട്ടി യുണൈറ്റഡ് തോറ ജൂഡായിസത്തിലെ (യു.ടി.ജെ) ഏഴുപേർ ഇടഞ്ഞു. ഹരേദി വിഭാഗത്തിന് സൈനിക സേവന ഇളവ് നൽകുന്ന നിയമം പാസാക്കാത്തതാണ് കാരണം. യു.ടി.ജെയെയും മറ്റൊരു ഓർത്തഡോക്സ് പാർട്ടിയായ ഷാസിനെയും ഒപ്പം ചേർത്താൽ ഐസൻകോട്ടിന് അറബ് സഹായമില്ലാതെ അധികാരത്തിലേറാം

 ഐസൻകോട്ടിന് തന്റെ 48 പ്രതിപക്ഷ അംഗങ്ങളെ മാത്രം വച്ച് ക്യാബിനറ്റുണ്ടാക്കാം. അവിശ്വാസ വോട്ട് മറികടക്കാൻ അറബ് പാർട്ടികൾ പുറത്തുനിന്ന് പിന്തുണച്ചാൽ മതി. എന്നാൽ ഗാസ, ഹമാസ് തുടങ്ങിയ വിഷയങ്ങളിൽ അറബ് പാർട്ടികൾ ഇടഞ്ഞേക്കാം

 സഖ്യകക്ഷികൾ ഇസ്രയേലിനെ ജൂത,​ ജനാധിപത്യ രാഷ്ട്രമായും ഹമാസിനെ ഭീകര സംഘടനയായും അംഗീകരിക്കണമെന്ന ഐസൻകോട്ടിന്റെ മുൻനിലപാട് അദ്ദേഹത്തിന് തന്നെ തലവേദന സൃഷ്ടിക്കും (അറബ് പാർട്ടികൾക്ക് എതിർപ്പ്)


രഹസ്യനീക്കം

ഐസൻകോട്ട് അധികാരത്തിലേറിയാൽ നെതന്യാഹു പ്രതിപക്ഷ നേതാവാകും. ഐസൻകോട്ടിനെ തടയാൻ നെതന്യാഹു രഹസ്യനീക്കം തുടരുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360