SignIn
Kerala Kaumudi Online
Monday, 09 November 2026 1.21 AM IST

എ.ഐ കുമിള ഭീതിയിൽ വിപണി

share

മാന്ദ്യ സാദ്ധ്യതയെന്ന് ഗീത ഗോപിനാഥ്

കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) മേഖലയിലെ വൻനിക്ഷേപത്തിലെ ലാഭക്ഷമതയിൽ വിപണിയിൽ ആശങ്കയേറുന്നു. 2026ൽ മാത്രം ആഗോളതലത്തിൽ എ.ഐ വികസനത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കുമായി ഒരു ലക്ഷം കോടി ഡോളറിനടുത്ത് നിക്ഷേപം നടത്തിയതിന് ആനുപാതികമായ ലാഭം കമ്പനികൾക്ക് ലഭിക്കുമോയെന്ന സംശയമാണ് ഉയരുന്നത്. എ.ഐ ഓഹരികളിൽ വലിയ തിരുത്തലുണ്ടായാൽ അമേരിക്കൻ സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങാമെന്ന് ഐ.എം.എഫിലെ മുൻ മുഖ്യ സാമ്പത്തിക വിദഗ്ദ്ധ ഗീത ഗോപിനാഥ് മുന്നറിയിപ്പ് നൽകി.

ഹാർവാർഡ് സർവകലാശാലയിലെ പ്രൊഫസറായ ഗീത ഗോപിനാഥ് രാജ് ഷമാനിയുടെ പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് എ.ഐ നിക്ഷേപത്തിൽ തിരുത്തൽ ഉണ്ടാകുമെന്ന വിലയിരുത്തൽ പങ്കുവച്ചത്. എന്നാൽ അത് എപ്പോൾ സംഭവിക്കുമെന്ന് പ്രവചിക്കാനാകില്ലെന്നും അവർ വ്യക്തമാക്കി. എ.ഐ നിക്ഷേപം നിലവിൽ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് വലിയ പിന്തുണ നൽകുന്നുണ്ട്. എന്നാൽ നിക്ഷേപം പ്രതീക്ഷിച്ച വരുമാനവും ലാഭവും സൃഷ്ടിച്ചില്ലെങ്കിൽ ഓഹരി മൂല്യങ്ങളിൽ കനത്ത ഇടിവുണ്ടാകാം. ഇതിന്റെ പ്രത്യാഘാതം അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിലേക്കും വ്യാപിക്കാം.

എൻവിഡിയ പോലുള്ള ചിപ്പ് നിർമാതാക്കൾ എ.ഐ കമ്പനികളിൽ നിക്ഷേപിക്കുകയും ആ കമ്പനികൾ എൻവിഡിയയുടെ ചിപ്പുകൾ വാങ്ങുകയും ചെയ്യുന്ന പരസ്പരബന്ധിതമായ നിക്ഷേപ രീതിയും അപകടസാധ്യത വർധിപ്പിക്കുന്നു. ഒരു കമ്പനിക്കുണ്ടാകുന്ന തകർച്ച മറ്റുള്ളവരിലേക്കും പടരാമെന്നതാണ് ആശങ്ക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A I
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360