SignIn
Kerala Kaumudi Online
Monday, 09 November 2026 2.01 AM IST

ഉഷ,അഞ്ജു,സൈന,ഡോള,റാണി അനിത... ഐ.ഒ.എ ഭരിക്കാൻ ആരുവരും?

ioa

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലേക്കുള്ള കായികപ്രതിനിധി തിരഞ്ഞെടുപ്പ് ഇന്ന്

നാലു സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നത് ആറ് വനിതാ കായിക താരങ്ങൾ

ന്യൂഡൽഹി : ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ജനറൽ ബോഡിയിലേക്ക് കായിക രംഗത്തുനിന്നുള്ള വനിതകളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ഇന്ന്. ഓൺലൈനായി നടക്കുന്ന വോട്ടെടുപ്പിന്റെ ഫലപ്രഖ്യാപനവും ഇന്ന് നടക്കും. 80 ദേശീയ കായികതാരങ്ങൾ ഉൾക്കൊള്ളുന്ന ഇലക്ടറൽ കോളേജിൽ നിന്ന് നാലുവീതം പുരുഷ- വനിതാ കായിക പ്രതിനിധികളെയാണ് സ്‌പോർട്സ്‌ പേഴ്സൺസ് ഒഫ് ഔട്ട്സ്റ്റാൻഡിംഗ് മെറിറ്റ് (എസ്.ഒ.എം) എന്ന കാറ്റഗറിയിൽ ജനറൽ ബോഡിയിലേക്ക് തിരഞ്ഞെടുക്കുക. പുരുഷ വിഭാഗത്തിൽ നാലുപരൊഴികെ നാമനിർദ്ദേശപത്രിക പിൻവലിച്ചതോടെ വനിതാ വിഭാഗത്തിൽ മാത്രമാണ് മത്സരം. നാലുസ്ഥാനങ്ങളിലേക്ക് നിലവിലെ പ്രസിഡന്റ് പി.ടി ഉഷയടക്കം ആറുപേരാണ് മത്സരിക്കുന്നത്.

12 പേരാണ് ജനറൽ ബോഡിയിലേക്ക് പുരുഷ പ്രതിനിധിയാകാൻ നോമിനേഷൻ നൽകിയിരുന്നത്. ഇതിൽ അത്‌ലറ്റിക്സ് ഫെഡറേഷൻ വൈസ് പ്രസിഡന്റ് ആദിൽ സുമരിവാല, ഒളിമ്പ്യൻ അചാന്ത ശരത് കമൽ,മാൻഷേർ സിംഗ്, രഞ്ജൻ സോധി തുടങ്ങി എട്ടു പേർ പത്രിക പിൻവലിച്ചതോടെയാണ് പുരുഷ വിഭാഗത്തിൽ മത്സരം ഒഴിവായത്. ഒളിമ്പിക് മെഡലിസ്റ്റ് ഷൂട്ടർ ഗഗൻ നാരംഗ്, ബോക്സർ വിജേന്ദർ സിംഗ്,ഗുസ്തി താരം യോഗേശ്വർ ദത്ത്, ടേബിൾ ടെന്നിസ് താരം കമലേഷ് മേത്ത എന്നിവരാണ് പുരുഷ കായിക പ്രതിനിധികളായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.

11 പേർ വനിതകളിൽ നോമിനേഷൻ നൽകിയിരുന്നു. ഇതിൽ അശ്വനി നാച്ചപ്പ, ചെക്രോവ്‌ലു സുറോ, നീലം സേട്ടി ലക്ഷ്മി, റജീന കിറോ,തൃപ്തി മുർഗുൻദേ എന്നിവർ പത്രിക പിൻവലിച്ചെങ്കിലും ഉഷ, മലയാളി അത്‌ലറ്റ് അഞ്ജു ബോബി ജോർജ്, മുൻ ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ, ആർച്ചറി താരം ഡോള ബാനർജി,ഹോക്കി താരം റാണി രാംപാൽ, ബാസ്കറ്റ്ബാൾ താരം അനിത പോൾ ദുരൈ എന്നിവർ മത്സരരംഗത്ത് അവശേഷിച്ചു. ഐ.ഒ.എ ഭരണം പിടിക്കാൻ കേന്ദ്ര കായിക മന്ത്രാലയം കായിക താരങ്ങൾക്ക് മേൽ സമ്മർദ്ദം ചെലുത്തിയാണ് നോമിനേഷൻ പിൻവലിച്ചതെന്ന് ആരോപണമുണ്ട്.

ജയിച്ചാലേ ഉഷയ്ക്ക്

തുടരാനാകൂ

നിലവിലെ പ്രസിഡന്റ് പി.ടി ഉഷയ്ക്ക് കായിക താരങ്ങളുടെ ക്വാട്ടയിൽ ജനറൽ ബോഡിയിലേക്ക് എത്താനായെങ്കിൽ മാത്രമേ കസേരയിൽ തുടരാനാകൂ. സ്‌പോർട്സ്‌ പേഴ്സൺസ് ഒഫ് ഔട്ട്സ്റ്റാൻഡിംഗ് മെറിറ്റ് ക്വാട്ടയിൽ എത്തുന്ന എട്ടുപേരും ദേശീയ കായിക ഫെഡറേഷനുകളുടെ പ്രതിനിധികളും ചേരുന്ന ജനറൽ ബോഡിയാണ് പ്രസിഡന്റിനേയും എക്സിക്യൂട്ടീവ് കമ്മറ്റിയേയും തിരഞ്ഞെടുക്കുന്നത്. ഡിസംബർ അഞ്ചിനാണ് ഈ തിരഞ്ഞെടുപ്പ്.

ഉഷയ്ക്ക് ഭീഷണി സൈന

ഐ.ഒ.എ പ്രസിഡന്റ് സ്ഥാനത്ത് പ്രമുഖ കായികതാരമായ വനിത മതിയെന്നാണ് കേന്ദ്ര കായികമന്ത്രാലയം താത്പര്യപ്പെടുന്നത്. അതിനാലാണ് പുരുഷ പ്രതിനിധിയാകാൻ ഉണ്ടായിരുന്ന പലരും പിൻവാങ്ങിയത്. എന്നാൽ പ്രസിഡന്റായി തുടരാൻ ഉഷയ്ക്ക് സൈന നെഹ്‌വാളിന്റെ സാന്നിദ്ധ്യം വെല്ലുവിളിയാകുമെന്ന് കരുതപ്പെടുന്നു. ബി.ജെ.പി പിന്തുണയാണ് സൈനയുടെ അനുകൂലികൾ പ്ളസ് പോയിന്റായി പറയുന്നത്. 2020 മുതൽ സൈന ബി.ജെ.പി അംഗമാണ്. അടുത്തിടെ 2030 അഹമ്മദാബാദ് കോമൺവെൽത്ത് ഗെയിംസിന്റെ ഗവേണിംഗ് ബോഡിയിൽ സൈനയെ ഉൾപ്പെടുത്തിയിരുന്നു. ബി.ജെ.പിയുടെ പിന്തുണ ഉഷ പക്ഷവും അവകാശപ്പെടുന്നു. പ്രധാനമന്ത്രിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് ഉഷയെ ഐ.ഒ.എ പ്രസിഡന്റാക്കിയതും രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തതും.

അഞ്ജുവിന്റെ സ്ഥാനാർത്ഥിത്വം നിർണായകം

മലയാളിയും അത്‌ലറ്റുമായ അഞ്ജു ബോബി ജോർജ് സ്ഥാനാർത്ഥിയായത് പി.ടി ഉഷയ്ക്ക് ലഭിക്കേണ്ട വോട്ടുകളിൽ കുറവ് വരുത്തുമെന്ന് സൂചനയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IOA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360