SignIn
Kerala Kaumudi Online
Wednesday, 16 September 2026 1.59 AM IST

മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം: കൊവിഡ് വ്യാപനത്തിന്റെ ഉത്തരവാദി തിര. കമ്മിഷൻ

madras-court

ന്യൂഡൽഹി/ചെന്നൈ: കൊവിഡ് പ്രൊട്ടോക്കോൾ പാലിക്കാതെ തിരഞ്ഞെടുപ്പ് നടത്തിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരുത്തരവാദപരമായ നടപടികളാണ് മഹാമാരി രൂക്ഷമാകാനുള്ള പ്രധാനകാരണമെന്ന് മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച രാഷ്‌ട്രീയ പാർട്ടികളെ നിയന്ത്രിക്കാൻ കമ്മിഷന് കഴിഞ്ഞില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജിത് ബാനർജിയും ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തിയും അടങ്ങിയ ബെഞ്ച് കുറ്റപ്പെടുത്തി. അടിയന്തര നടപടികളെടുത്തില്ലെങ്കിൽ മേയ് രണ്ടിലെ വോട്ടെണ്ണൽ തടഞ്ഞുവയ്ക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.

കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് കോടതി ആവർത്തിച്ച് പറഞ്ഞതാണ്. നടപടികളെടുക്കേണ്ട അധികാരി എന്ന നിലയിൽ തികഞ്ഞ പരാജയമായിരുന്നു കമ്മിഷൻ. രാഷ്‌ട്രീയപ്പാർട്ടികൾ കോടതി ഉത്തരവ് ലംഘിച്ച് റാലികൾ നടത്തിയപ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷൻ വേറെ ഗ്രഹത്തിലായിരുന്നോ എന്ന് കോടതി ചോദിച്ചു. പ്രചാരണത്തിനിടെ മാസ്ക് ധരിക്കൽ, സാനിറ്റൈസർ ഉപയോഗം, സാമൂഹ്യ അകലം പാലിക്കൽ തുടങ്ങിയ നിർദ്ദേശങ്ങൾ ഉറപ്പാക്കാത്ത കമ്മിഷൻ ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കേണ്ടിവരും.

കൊവിഡ് പ്രോട്ടോക്കോൾ പാലനത്തിന്റെ ബ്ളൂപ്രിന്റ് ഏപ്രിൽ 30നകം ഹാജരാക്കിയില്ലെങ്കിൽ വോട്ടെണ്ണൽ തടഞ്ഞു വയ്ക്കും. മേയ് രണ്ടിലെ വോട്ടെണ്ണൽ ഇനിയുമൊരു രോഗ വ്യാപനത്തിന് കാരണമാകില്ലെന്ന് ഉറപ്പാക്കണം. പൊതുജനാരോഗ്യമാണ് ഏറ്റവും പ്രധാനം. ഭരണഘടന സ്ഥാപനങ്ങളെ ഇതൊക്കെ ഓർമ്മിപ്പിക്കേണ്ടിവരുന്നത് കഷ്‌ടമാണ്. ജീവനോടെ ഇരുന്നാൽ മാത്രമേ പൗരന് ജനാധിപത്യ അവകാശങ്ങൾ അനുഭവിക്കാൻ കഴിയൂ. കമ്മിഷന്റെ അഹംഭാവത്തിന് സംസ്ഥാനം ഇനിയും ഇരയാകില്ലെന്ന് ഉറപ്പുവരുത്താൻ നടപടികൾ അനിവാര്യമാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അഭിഭാഷകനോട് ഹൈക്കോടതി പറഞ്ഞു.

77 സ്ഥാനാർത്ഥികൾ മത്സരിക്കുന്ന കാരൂർ മണ്ഡലത്തിലെ വോട്ടെണ്ണലിന് വേണ്ട നടപടികളെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് തമിട്നാട് ഗതാഗതമന്ത്രി എം.ആർ വിജയഭാസ്കർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

 സ്വാഗതം ചെയ്‌ത് മമത

മദ്രാസ് ഹൈക്കോടതി പരാമർശത്തെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമതാ ബാനർജി സ്വാഗതം ചെയ്‌തു. തിരഞ്ഞെടുപ്പ് കമ്മിഷന് ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്ന് വ്യക്തമാക്കുന്നതാണ് ഹൈക്കോടതി നിരീക്ഷണം. പശ്ചിമ ബംഗാളിലെ ഇപ്പോഴത്തെ കൊവിഡ് വ്യാപനത്തിന്റെ ഉത്തരവാദികൾ തിരഞ്ഞെടുപ്പ് കമ്മിഷനും പ്രധാനമന്ത്രി നരേന്ദ്രമോദിയുമാണെന്ന് മമത പറഞ്ഞു. കൊവിഡ് വ്യാപനം കണക്കിലെടുത്ത് അവസാന മൂന്ന് ഘട്ടങ്ങളിലെ വോട്ടെടുപ്പ് ഒന്നിച്ച് നടത്തണമെന്ന മമതയുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, MADRAS HIGH COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360