SignIn
Kerala Kaumudi Online
Monday, 14 September 2026 10.04 PM IST

ഓർഡനൻസ് ഫാക്ടറി ബോർഡ് ഏഴാക്കി, ഇന്ത്യയെ ലോകത്തേറ്റവും വലിയ സൈനിക ശക്തിയാക്കും: മോദി

modi

 പുതിയ കമ്പനികൾക്ക് 65,000 കോടിയുടെ ഓർഡറുകൾ

ന്യൂഡൽഹി: പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്‌ത ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഓർഡനൻസ് ഫാക്ടറി ബോർഡിനെ വിഭജിച്ച് പൂർണമായും കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള ഏഴ് കോർപ്പറേ​റ്റ് സ്ഥാപനങ്ങളാക്കി മാറ്റിയത് ഇന്ത്യൻ സൈനിക രംഗത്ത് കരുത്തു​റ്റ അടിത്തറ പാകുമെന്നുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

പുതിയ സംരംഭം മുൻ രാഷ്‌ട്രപതി അന്തരിച്ച ഡോ. എ.പി.ജെ അബ്ദുൾ കലാമിന്റെ കരുത്തു​റ്റ ഇന്ത്യ എന്ന സ്വപ്നത്തിന് ശക്തി പകരും. ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും വീഡിയോ കോൺഫറൻസ് വഴി നടന്ന ഉദ്ഘാടന ചടങ്ങിൽ മോദി പറഞ്ഞു.

ഒരുകാലത്ത് മികച്ച നിലയിൽ പ്രവർത്തിച്ചിരുന്ന ഓർഡനൻസ് ഫാക്ടറികളെ അവഗണിച്ചതിനാലാണ് ഇന്ത്യയ്ക്ക് പ്രതിരോധ ആവശ്യങ്ങൾക്ക് വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വന്നത്. പുതിയ 7 കമ്പനികൾ സാഹചര്യം മാ​റ്റും. ഇറക്കുമതി ഇല്ലാതാക്കലിൽ നിർണായക പങ്ക് വഹിക്കും. 65,000 കോടിയിലധികം രൂപയ്ക്കുള്ള ഓർഡറുകൾ ഇതിനകം ലഭിച്ചത് ഈ കമ്പനികളിൽ രാജ്യത്തിനുളള ആത്മവിശ്വാസം പ്രതിഫലിപ്പിക്കുന്നു.

ഇക്കഴിഞ്ഞ വർഷങ്ങളിലെ പരിഷ്‌കാരങ്ങളും നടപടികളും വഴി പ്രതിരോധ മേഖലയിൽ വിശ്വാസ്യതയും സുതാര്യതയും സങ്കേതിക വിദ്യയിൽ അധിഷ്ഠിതമായുള്ള സമീപനവും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. പുതിയ കമ്പനികൾ ഗവേഷണത്തിലും ആധുനികതയിലും ശ്രദ്ധയൂന്നണമെന്നും മോദി പറഞ്ഞു.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, സഹമന്ത്രി അജയ് ഭട്ട്, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ വി.ആർ. ചൗധരി, പ്രതിരോധ സെക്രട്ടറി ഡോ. അജയ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

പുതിയ കമ്പനികൾ:

1. മ്യുണീഷൻസ് ഇന്ത്യ ലിമി​റ്റഡ് (എം.ഐ.എൽ), 2. ആംഡ് വെഹിക്കിൾസ് നിഗം ലിമി​റ്റഡ് (ആവാനി), അഡ്വാൻസ്ഡ് വെപ്പൺസ് ആൻഡ് എക്വിപ്‌മെന്റ് ഇന്ത്യ ലിമി​റ്റഡ് (എ.ഡബ്ല്യു.ഇ ഇന്ത്യ), ട്രൂപ്പ് കംഫർട്ട്‌സ് ലിമി​റ്റഡ് (ടി.സി.എൽ-ട്രൂപ്പ് കംഫർട്ട് ഐറ്റംസ്), യന്ത്ര ഇന്ത്യ ലിമി​റ്റഡ് (വൈ.ഐ.എൽ), ഇന്ത്യ ഒറ്റ്പൽ ലിമി​റ്റഡ്(ഐ.ഒ.എൽ), ഗ്ലൈഡേഴ്‌സ് ഇന്ത്യ ലിമി​റ്റഡ് (ജി.ഐ.എൽ).

ഓർഡിനൻസ് ഫാക്ടറി ബോർഡിന് കീഴിൽ പ്രവർത്തിച്ച 79,000 കോടിയിലേറെ സ്വത്തുള്ള പത്തിലേറെ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന 41 ഫാക്ടറികൾ 7 കമ്പനികളുടെ കീഴിലാകും.

 പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പാസാക്കിയ നിയമം പ്രകാരമാണ് ഓർഡിനൻസ് ഫാക്ടറി ബോർഡ് വിഭജിച്ചത്.

ഓർഡിനൻസ് ഫാക്ടറികൾ ലാഭത്തിലാക്കൽ, ആയുധങ്ങൾ അടക്കം പ്രതിരോധ ഉത്പന്നങ്ങളുടെ വൈവിധ്യവത്ക്കരണം, മത്സരാന്തരീക്ഷമുണ്ടാക്കൽ തുടങ്ങിയ ലക്ഷ്യങ്ങളോടെയാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360