മുംബയ്: ഒരു വിദ്യാർത്ഥിയെ മാത്രം പഠിപ്പിക്കാൻ ദിവസവും അഞ്ച് കിലോമീറ്റർ കാട്ടിലൂടെ നടന്ന് സ്കൂളിലെത്തി അദ്ധ്യാപകൻ. വന്യമൃഗങ്ങളുടെ ഭീഷണി മറികടന്നാണ് അദ്ധ്യാപകൻ വനത്തിലൂടെ സ്‌കൂളിലെത്തുന്നത്. മഹാരാഷ്ട്രയിലെ കൊൽഹാപൂർ ജില്ലയിലാണ് സംഭവം. 55കാരനായ ജീവൻ മിഥാരിയാണ് ഒരു വിദ്യാർത്ഥിയെ പഠിപ്പിക്കാൻ കഴിഞ്ഞ 13 വർഷമായി ഈ യാത്ര തുടരുന്നത്.
ധൻഗർവാഡയിലെ ജില്ലാ പരിഷത്ത് സ്‌കൂളിലാണ് മിഥാരി അദ്ധ്യാപകനായി ജോലി ചെയ്യുന്നത്. വൈദ്യുതിയില്ലാത്ത ഈ വിദൂര ഗ്രാമത്തിലേക്ക് വാഹനങ്ങൾ എത്തില്ല. പ്രധാന റോഡിൽ നിന്ന് ഏകദേശം രണ്ടര കിലോമീറ്റർ അകലെയാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. അതിനാൽ രാവിലെയും വൈകിട്ടും ഇത്രയും ദൂരം കാട്ടിലൂടെ നടന്നുവേണം ലക്ഷ്യസ്ഥാനത്തെത്താൻ.
ഒരുകാലത്ത് നിരവധി വിദ്യാർത്ഥികളുണ്ടായിരുന്ന സ്‌കൂളാണിത്. എന്നാൽ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തേടി നിരവധി കുടുംബങ്ങൾ നഗരത്തിലേക്ക് താമസം മാറിയതോടെ ഗ്രാമത്തിലെ ജനസംഖ്യ കുറഞ്ഞു. ഇതോടെ വിദ്യാർത്ഥികളുടെ എണ്ണവും കുറഞ്ഞു. നിലവിൽ മൂന്നാം ക്ലാസിൽ പഠിക്കുന്ന സ്വര ബോദകെയാണ് സ്‌കൂളിലെ ഏക വിദ്യാർത്ഥി. ഗ്രാമത്തിൽ അംഗൻവാടി കേന്ദ്രമില്ലാത്തതിനാൽ സ്വരയുടെ ഇളയ സഹോദരിയും സ്‌കൂളിലെത്തി പഠിക്കുന്നുണ്ട്.
2013 ജൂലായ് 26നാണ് മിഥാരി ഇവിടെ ജോലിയിൽ പ്രവേശിച്ചത്. അന്നുമുതൽ ഇന്നുവരെ ജോലി തുടരുകയാണെന്ന് അദ്ദേഹം പറയുന്നു. വിദൂര മേഖലയിലെ സ്‌കൂളിലെ നിയമനം സ്വീകരിച്ചത് തന്റെ സ്വന്തം തീരുമാനമായിരുന്നുവെന്നാണ് അദ്ധ്യാപകൻ വ്യക്തമാക്കി. സ്‌കൂളിലെത്തുന്നതിന് മുമ്പ് കൊൽഹാപൂർ ജില്ലാ പ്രൈമറി ടീച്ചേഴ്സ് കോഓപ്പറേറ്റീവ് ബാങ്കിന്റെ ചെയർമാനായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. സ്വാധീനമുള്ളവർ സാധാരണയായി സൗകര്യമുള്ള സ്ഥലങ്ങളിൽ നിയമനം നേടുമ്പോൾ മറ്റുള്ളവർ ബുദ്ധിമുട്ടേറിയ പ്രദേശങ്ങളിൽ ജോലി ചെയ്യേണ്ടിവരുന്നുവെന്ന സഹപ്രവർത്തകരുടെ പരാമർശമാണ് വെല്ലുവിളി ഏറ്റെടുക്കാൻ മിഥാരിയെ പ്രേരിപ്പിച്ചത്.
വിദ്യാർത്ഥികളുടെ എണ്ണം കുറവായതുകൊണ്ട് തന്റെ ഉത്തരവാദിത്വത്തിൽ കുറവുണ്ടാകില്ലെന്നാണ് മിഥാരി പറയുന്നത്. ഒരു കുട്ടി മാത്രമാണെങ്കിലും പഠനം ലഭ്യമാക്കേണ്ടത് തന്റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
A 55-year-old teacher in Maharashtra, Jivan Mithari, has been walking nearly 5 km through a forest every day for 13 years to teach at a remote school with only one enrolled student.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |