SignIn
Kerala Kaumudi Online
Monday, 14 September 2026 2.48 AM IST

ബ്രിക്സിൽ മോദിയുടെ നയതന്ത്ര മാരത്തൺ; മൂന്ന് ദിവസം, 15 ഉഭയകക്ഷി ചർച്ച

brics

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ വിവിധ രാജ്യനേതാക്കത്തുമായി നടത്തിയത് 15 ഉഭയകക്ഷി ചർച്ചകൾ. ഇതിന് പുറമെ നിരവധി ലോകനേതാക്കളുമായും അന്താരാഷ്ട്ര സംഘടനാ മേധാവികളുമായും അനൗപചാരിക കൂടിക്കാഴ്ചകളും നടന്നു. ഇന്നലെ മാത്രം ഏഴ് രാജ്യങ്ങളിലെ നേതാക്കളുമായി മോദി ചർച്ച നടത്തി.

ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്താഹ് അൽ സിസി, കസാഖിസ്ഥാൻ പ്രസിഡന്റ് കാസിജോമാർട്ട് ടോകയേവ്, ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ, ബുറുണ്ടി പ്രസിഡന്റ് എവറിസ്റ്റ് എൻദായിഷിമിയേ, നൈജീരിയൻ വൈസ് പ്രസിഡന്റ് കാഷിം ഷെട്ടിമ, ഉഗാണ്ടൻ വൈസ് പ്രസിഡന്റ് ജെസിക്ക അലൂപോ എന്നിവരുമായാണ് ഇന്നലെ കൂടിക്കാഴ്ച നടത്തിയത്.

വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, അടിസ്ഥാനസൗകര്യം, ഊർജം, വികസന സഹകരണം തുടങ്ങിയ മേഖലകളിലെ സഹകരണ സാധ്യതകൾ ചർച്ചയായി. ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ വിപുലപ്പെടുത്തുന്നതിനും കൂടിക്കാഴ്ചകൾ വഴിയൊരുക്കി.

മധ്യേഷ്യയിലെ പ്രധാന പങ്കാളിയായ കസാഖിസ്ഥാനുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതും ചർച്ചയിലെ പ്രധാന വിഷയമായി. ഫിലിപ്പീൻസുമായുള്ള കൂടിക്കാഴ്ചയിൽ തെക്കുകിഴക്കൻ ഏഷ്യയിലെ സഹകരണം, ആസിയാൻ മേഖലയുമായുള്ള ബന്ധം എന്നിവയ്ക്ക് പ്രാധാന്യം നൽകി. ഈജിപ്തുമായുള്ള ചർച്ചയിൽ ഉഭയകക്ഷി ബന്ധത്തിനൊപ്പം പശ്ചിമേഷ്യയിലെ സ്ഥിതിഗതികളും ചർച്ചയായി.

ദക്ഷിണാഫ്രിക്ക, ബുറുണ്ടി, നൈജീരിയ, ഉഗാണ്ട എന്നീ ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള കൂടിക്കാഴ്ചകൾ ആഫ്രിക്കയുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതൽ സജീവമാക്കുന്നതിന്റെ ഭാഗമായാണ്. കഴിഞ്ഞ മൂന്ന് ദിവസത്തെ ഉഭയകക്ഷി ചർച്ചകൾക്ക് പുറമെ വിവിധ രാജ്യങ്ങളുടെ നേതാക്കളുമായും അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ മേധാവികളുമായും നടന്ന കൂടിക്കാഴ്ചകളും ഇന്ത്യയുടെ ബ്രിക്സ് നയതന്ത്ര ഇടപെടലിന്റെ ഭാഗമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BRICS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360