SignIn
Kerala Kaumudi Online
Wednesday, 16 September 2026 4.13 AM IST

ഗാസിയാബാദ് സംഭവം: ട്വിറ്റർ ഇന്ത്യ മുൻ എം.ഡി മനീഷ് മഹേശ്വരിക്ക് നോട്ടീസ്

twitter-india-md-manish-m

ന്യൂഡൽഹി: ഗാസിയാബാദ് പൊലീസ് ട്വിറ്റർ ഇന്ത്യ മുൻ എം.ഡി. മനീഷ് മഹേശ്വരിക്ക് നൽകിയ സമൻസ് കർണാടക ഹൈക്കോടതി റദ്ദാക്കിയ നടപടിയിൽ യു.പി. പൊലീസിനോടും മനീഷ് മഹേശ്വരിയോടും വിശദീകരണം തേടി സുപ്രീംകോടതി. ഉത്തർപ്രദേശിലെ ലോണിയിൽ ഒരു മുസ്ലിം വൃദ്ധനെ ആക്രമിച്ചതിന്റെ വീഡിയോയുമായി ബന്ധപ്പെട്ട സംഭവത്തിൽ കർണാടക ഹൈക്കോടതിക്കെതിരെ യു.പി പൊലീസ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് എൻ.വി.രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമാ കോഹ്‌ലി എന്നിവരുൾപ്പെട്ട ബെഞ്ച്.

"ഉത്തർപ്രദേശിൽ നടന്ന സംഭവം കർണാടക ഹൈക്കോടതിയുടെ പരിധിയിൽ വരുന്നതല്ല.

ചോദ്യം ചെയ്യാനായി മാത്രമാണ് സമൻസ് അയച്ചതെന്നും അറസ്റ്റായിരുന്നില്ല ഉദ്ദേശ്യമെന്നും" ഉത്തർപ്രദേശിനായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി.

ഉത്തർപ്രദേശ് പൊലീസിന് മഹേശ്വരിയെ ചോദ്യം ചെയ്യണമെങ്കിൽ അദ്ദേഹത്തിന്റെ ഓഫീസിൽ വച്ചോ അല്ലെങ്കിൽ ഓൺലൈൻ വഴിയോ ആകാമെന്ന് കർണാടക ഹൈക്കോടതി കഴിഞ്ഞ ജൂലായിൽ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഒപ്പം നേരിട്ട് ഹാജരാകണമെന്ന് കാണിച്ച് ഗാസിയാബാദ് പോലീസ് നൽകിയ നോട്ടീസ് കോടതി റദ്ദാക്കുകയും ചെയ്തു.

നോട്ടീസ് പ്രകാരം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിൽ നിന്ന് മഹേശ്വരിക്ക് കോടതി ജൂൺ 24ന് ഇടക്കാല സംരക്ഷണം നൽകിയിരുന്നു. വൃദ്ധനെ ആക്രമിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതുമായി ബന്ധപ്പെട്ട് ട്വിറ്റർ എം.ഡി., കോൺഗ്രസ് നേതാക്കൾ, മാദ്ധ്യമ പ്രവർത്തകർ തുടങ്ങി 9പേർക്കെതിരെ യു.പി.പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.

ട്വിറ്ററും കേന്ദ്രവും തമ്മിലുള്ള പോര് കടക്കുന്നതിനിടെ കഴിഞ്ഞ ആഗസ്റ്റ് 13ന് ട്വിറ്റർ മനീഷിനെ അമേരിക്കയിലേക്ക് സ്ഥലംമാറ്റിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, TWITTER INDIA MD MANISH MAHESHWARI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360