SignIn
Kerala Kaumudi Online
Wednesday, 16 September 2026 7.25 AM IST

പുനഃസ്ഥാപിക്കാതെ എട്ടാം ദിനവും എയിംസ് സെർവർ

hacking

ന്യൂഡൽഹി: ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിന്റെ ഹാക്കിംഗിന് വിധേയമായ സെർവറുകൾ എട്ടാം ദിസവും പുനഃസ്ഥാപിക്കാത്തതിനെ തുടർന്ന് രോഗികളുടെ പ്രവേശനം, പരിശോധനാ റിപ്പോർട്ട്, ബില്ലിംഗ്, ലാബുകളുടെ പ്രവർത്തനം തുടങ്ങി ദൈനംദിന നടപടികളെല്ലാം കമ്പ്യൂട്ടർ സഹായമില്ലാതെ നേരിട്ടാണ് ചെയ്യുന്നത്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ സസ്പെൻഡ് ചെയ്തു. കൂടുതൽ പേർക്കെതിരെ വരും ദിവസങ്ങളിൽ നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. അന്വേഷണം നടക്കുന്നതിനാൽ ആശുപത്രിയിൽ ഇന്റർനെറ്റ് സേവനം നിറുത്തിവച്ചിരിക്കുകയാണ്.

ഹാക്ക് ചെയ്യപ്പെട്ട കംപ്യൂട്ടർ ശൃംഖല സ്‌കാൻ ചെയ്‌ത് പ്രവർത്തനം പുനഃസ്ഥാപിക്കുന്ന പ്രവർത്തനമാണ് നടക്കുന്നത്. 50 സെർവറുകളിൽ 25 എണ്ണവും 400ലധികം എൻഡ്‌ പോയിന്റ് കമ്പ്യൂട്ടറുകളും സ്കാൻ ചെയ്തു. ഹാക്കിംഗ് ആവർത്തിക്കാതിരിക്കാൻ ആന്റിവൈറസ് സോഫ്‌റ്റ്‌‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുന്നുണ്ട്. ഇ-ഹോസ്പിറ്റൽ ഡേറ്റ, ലബോറട്ടറി ഇൻഫർമേഷൻ സിസ്റ്റം (എൽ.ഐ.എസ്) ഡേറ്റാബേസ് തുടങ്ങിയവ പുനഃസ്ഥാപിച്ചു. ജനന-മരണ സർട്ടിഫിക്കറ്റുകൾ അടക്കം ഫോമുകൾ പൂരിപ്പിച്ച് വാങ്ങി നേരിട്ട് നൽകും. പരിശോധനയ്‌ക്ക് അടിയന്തര സ്വഭാവമുള്ള സാമ്പിളുകൾ മാത്രമെ പുറമെ നിന്ന് സ്വീകരിക്കൂ.


നെറ്റ്‌വർക്ക് സ്‌കാൻ ചെയ്‌ത് ഹാക്കിംഗ് സോഫ്‌റ്റ്‌വെയറുകൾ ഒഴിവാക്കുന്നതിനാൽ സേവനങ്ങൾ പുനഃസ്ഥാപിക്കാൻ സമയമെടുക്കുമെന്ന് അധികൃതർ അറിയിച്ചു. വിദേശ ഹാക്കർമാരുടെ സാന്നിദ്ധ്യം തെളിഞ്ഞതിനെ തുടർന്ന് സംഭവം ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ), ഇന്ത്യാ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സി.ഇ.ആർടി-ഇൻ), ഡൽഹി പൊലീസ്, ഇന്റലിജൻസ് ബ്യൂറോ, സി.ബി.ഐ, ആഭ്യന്തര മന്ത്രാലയം എന്നിവ സംയുക്തമായാണ് അന്വേഷിക്കുന്നത്. നവംബർ 23നാണ് ആശുപത്രി സെർവറുകളിൽ തകരാർ സംഭവിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, HACKING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360