പൂനെ: ഡോക്‌ടറെ വീട്ടിൽ കയറി ആക്രമിച്ചെന്ന പരാതിയിൽ ബിഗ് ബോസ് താരത്തിനെതിരെ കേസ്. ബിഗ് ബോസ് മറാത്തി മത്സരാർത്ഥിയും സോഷ്യൽ മീഡിയ താരവുമായ ദിവ്യ ഷിൻഡെയ്‌ക്കെതിരെയാണ് കേസ്. വീട്ടിൽ അതിക്രമിച്ച് കയറി ഡോക്‌ടറെ ആക്രമിച്ചശേഷം കാർ തട്ടിയെടുത്തെന്നാണ് പരാതി. സംഭവത്തിൽ ഷിൻഡെ ഉൾപ്പെടെ എട്ട് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തെന്ന് പൊലീസ് അറിയിച്ചു.
പൂനെ കൺന്റോൺമെന്റ് ബോർഡിലെ മുൻ ചീഫ് മെഡിക്കൽ ഓഫീസറായ ഡോ. വിദ്യാധർ ഗെയ്‌ക്ക്‌വാദാണ് പരാതി നൽകിയത്. ഒരു പരിപാടിയുടെ ഭാഗമായി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് തനിക്ക് ഭീഷണി കോളുകൾ ലഭിച്ചിരുന്നതായി ഡോക്‌ടർ പരാതിയിൽ പറയുന്നു. സെപ്‌തംബർ 17ന് ദിവ്യ ഷിൻഡെ ഒരു സംഘത്തോടൊപ്പം വീട്ടിലെത്തി ഇതേ ആവശ്യം ആവർത്തിച്ചു. പണം നൽകിയില്ലെങ്കിൽ ഗുണ്ടകളെ അയച്ച് മർദിക്കുമെന്ന ഭീഷണി തുടർന്നതായും പരാതിയിൽ പറയുന്നു.
വ്യാഴാഴ്‌ച രാത്രി ദിവ്യ ഷിൻഡെയടങ്ങുന്ന പത്തംഗ സംഘം വീട്ടിൽ അതിക്രമിച്ച് കയറി തന്നെ ആക്രമിച്ചെന്നാണ് ഡോക്‌ടറുടെ പരാതി. മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് മർദിക്കുകയും ബെൽറ്റ് ഉപയോഗിച്ച് അടിക്കുകയും ചെയ്‌തെന്നാണ് ഡോക്‌ടറുടെ ആരോപണം. ഇതിനുപുറമെ വീട്ടിലെ സാധനങ്ങൾ നശിപ്പിക്കുകയും തന്റെ കാർ തട്ടിയെടുക്കുകയും ചെയ്‌തെന്ന് പരാതിയിൽ പറയുന്നു. അസിസ്റ്റന്റ് പൊലീസ് ഇൻപെക്‌ടർ അമിത് ഷെട്ടിയുടെ നേതൃത്വത്തിലാണ് ഡോക്‌ടറുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |