ന്യൂഡൽഹി: ബ്രിക്‌സ് ഉച്ചകോടിയുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഭിന്നാഭിപ്രായം. ബ്രിക്‌സ് ഉച്ചകോടി കൊണ്ട് എന്ത് പ്രയോജനമെന്ന കോൺഗ്രസ് നേതാവ് പി ചിദംബരത്തിന്റെ നിലപാടിനെ തള്ളി ശശി തരൂർ എംപി രംഗത്തെത്തി. ഇന്ത്യയുടെ നയതന്ത്ര ഏകോപന ശേഷി വ്യക്തമാക്കുന്നതാണ് ബ്രിക്‌സ് ഉച്ചകോടിയെന്നാണ് ശശി തരൂർ പറഞ്ഞത്.
നൂറിലധികം രാജ്യങ്ങൾ ഉൾപ്പെടുന്ന ഗ്ലോബൽ സൗത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 11 പ്രമുഖ രാജ്യങ്ങളാണ് ഇവിടെ ഒത്തുചേരുന്നത്. ലോക ജനസംഖ്യയുടെ ഭൂരിഭാഗവും ആഗോള ജിഡിപിയുടെ 41 ശതമാനവും പ്രതിനിധീകരിക്കുന്ന ഈ കൂട്ടായ്‌മയെ നിസാരമായി കാണാനാകില്ലെന്നും ശശി തരൂർ പറഞ്ഞു. ഡൽഹിയിൽ നടക്കുന്ന ഉച്ചകോടി ഇന്ത്യയ്‌ക്ക് അന്താരാഷ്‌ട്ര തലത്തിൽ വലിയ അഭിമാനം നൽകുന്ന ഒന്നാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഭരണത്തലവന്മാരും നിരീക്ഷകരും എത്തുന്ന ഉച്ചകോടി ആഗോളതലത്തിൽ ഇന്ത്യയ്‌ക്കുള്ള നയതന്ത്ര സ്വാധീനം ഉയർത്തിക്കാട്ടുന്നു. അന്താരാഷ്‌ട്ര തലത്തിൽ ഇത്തരം ഒത്തുചേരലുകൾ വലിയ മൂല്യമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ, ഇതുമായി ബന്ധപ്പെട്ട വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. പ്രധാന ആഗോള വിഷയങ്ങളിൽ പൊതുസമ്മതത്തിൽ എത്താനുള്ള പ്രയാസമാണ് എടുത്തുപറഞ്ഞത്. നേരത്തേ ഡൽഹിയിൽ നടന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ റഷ്യ - യുക്രെയിൻ യുദ്ധം, ഇറാൻ വിഷയം എന്നിവയിൽ സംയുക്ത പ്രഖ്യാപനം നടത്താൻ കഴിയാതെ പോയത് ഇതിനൊരു ഉദാഹരണമാണെന്ന് ശശി തരൂർ ഓർമിപ്പിച്ചു. വ്യാപാര മേഖലയിലെ അസന്തുലിതാവസ്ഥയും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബ്രിക്‌സ് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം വർദ്ധിക്കുന്നുണ്ടെങ്കിലും ഇത് പലപ്പോഴും ഇന്ത്യയ്‌ക്ക് തിരിച്ചടിയാകുന്നുണ്ട്. ഈ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി കുറയുകയും അവിടെ നിന്നുള്ള ഇറക്കുമതി ഉയരുകയും ചെയ്യുന്നത് ഒരു പ്രധാന വെല്ലുവിളിയാണെന്നും തരൂർ ചൂണ്ടിക്കാട്ടി.
Congress leaders Shashi Tharoor and P Chidambaram have differed over the BRICS summit. While Chidambaram questioned its usefulness, Tharoor said the summit demonstrates India’s diplomatic capabilities and global influence. He also highlighted challenges, including difficulties in reaching consensus on global issues and trade imbalances affecting India.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |