SignIn
Kerala Kaumudi Online
Tuesday, 04 August 2026 10.11 PM IST

തൃഷയ്‌ക്കെതിരായ അശ്‌ളീല പരാമർശം: ഉദയനിധി സ്‌റ്റാലിനെ വിട്ടയച്ചു, ഗംഭീര വരവേൽപ്പുമായി പാർട്ടി പ്രവർത്തകർ

udayanidhi-stalin
അറസ്റ്റിലായ ഉദയനിധി സ്റ്റാലിൻ ചിത്രം കടപ്പാട് പിടിഐ

ചെന്നൈ: നടി തൃഷക്കെതിരായ പരാമർശത്തിൽ അറസ്റ്റിലായിരുന്ന തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. തഞ്ചാവൂരിലെ സെങ്കിപട്ടി പൊലീസ് സ്റ്റേഷനിലാണ് ഉദയനിധിയെ ഒന്നര മണിക്കൂറോളം ചോദ്യം ചെയ്‌തത്. വിട്ടയച്ച ഉദയനിധിയ്‌ക്ക് ഗംഭീര വരവേൽപ്പാണ് ഡിഎംകെ പ്രവർത്തകർ നൽകിയത്. ഉദയനിധി തിരികെ പ്രവർത്തകരെ അഭിവാദ്യം ചെയ്‌തു. രാത്രി 11:59 വരെ അദ്ദേഹത്തെ ചോദ്യം ചെയ്യാൻ പൊലീസിന് അവസരമുണ്ടായിരുന്നെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശാനുസാരം സ്റ്റേഷൻ ജാമ്യത്തിലാണ് ഉദയനിധിയെ വിട്ടയച്ചത്. ഇന്ന് രാത്രിയോ നാളെ പുലർച്ചെയോ വിമാനത്തിൽ അദ്ദേഹം തിരികെ ചെന്നൈയിലെത്തും. നീലാങ്കരയിലെ വീട്ടിൽ നിന്നാണ് ഉദയനിധിയെ രാവിലെ കസ്റ്റഡിയിലെടുത്തത്. ചെന്നൈ സിറ്റി പൊലീസ് കമ്മിഷണർ അമൽരാജും സ്ഥലത്തെത്തിയിരുന്നു. പൊലീസ് നടപടിക്കെതിരെ ഡിഎംകെ പ്രവർത്തകർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിലൊന്നും വഴങ്ങാതെയായിരുന്നു പൊലീസ് നടപടി.

കാവേരി നദീജല തർക്ക വിഷയത്തിൽ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് സി. വിജയ്‌യെ വിമർശിക്കുന്നതിനിടയിലായിരുന്നു പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ തൃഷയെ ലക്ഷ്യമിട്ട് ദ്വയാർത്ഥ പ്രയോഗം നടത്തിയത്. കവേരി നദീജല തർക്കത്തിൽ ഓഗസ്റ്റ് മൂന്നിന് തഞ്ചാവൂരിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു ഉദയനിധിയുടെ പരാമർശം.

കാവേരി നദീജല തർക്കം കൈകാര്യം ചെയ്ത രീതിയെ ഉദയനിധി സ്റ്റാലിൻ വിമർശിച്ചിരുന്നു. തമിഴ്നാട് മുഖ്യമന്ത്രിക്ക് ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ കാവേരി നദിയിലെ വെള്ളത്തിനായി ഇടപെടുന്നതിന് പകരം മറ്റ് ചില കാര്യങ്ങളിലാണ് ശ്രദ്ധയെന്ന് ഉദയനിധി ആരോപിച്ചു. ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാതെ സർക്കാർ രാഷ്ട്രീയ പകപോക്കൽ നടത്തുന്നു. ഡി.എം.കെ. പ്രവർത്തകർക്കെതിരെ കള്ളക്കേസ് എടുക്കുന്നതിലാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധ എന്നായിരുന്നു ഉദയനിധിയുടെ വാക്കുകൾ.

പിന്നാലെ വേദിക്ക് താഴെയുണ്ടായിരുന്ന ഡി.എം.കെ പ്രവർത്തകർ തൃഷയുടെ പേര് വിളിച്ചുപറഞ്ഞു. ഇതിന് ചെറുചിരിയായിരുന്നു ഉദയനിധിയുടെ മറുപടി. പിന്നാലെയായിരുന്നു ദ്വയാർത്ഥ പ്രയോഗം നടത്തിയത്. ഉടനെ താൻ കാവേരി നദിയെക്കുറിച്ചാണ് ഉദ്ദേശിച്ചതെന്ന് പറഞ്ഞ് ഉദയനിധി തിരുത്തുകയും ചെയ്തു. പിന്നാലെ ഉദയനിധിയുടെ വാക്കുകൾ വലിയ വിവാദമാവുകയും വിമർശനങ്ങൾക്കിടയാക്കുകയുമായിരുന്നു.

English Summary

Udhayanidhi Stalin, the Leader of the Opposition in the Tamil Nadu Assembly, was released by Thanjavur police after being questioned for about 90 minutes at the Sengipatti Police Station. He had been detained in connection with a case over alleged objectionable remarks involving actor Trisha during a public meeting.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRISHA, UDAYANIDHI STALIN, RELEASED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360