SignIn
Kerala Kaumudi Online
Tuesday, 04 August 2026 2.05 AM IST

ആരവം അഹമ്മദാബാദിലേക്ക്

cwg

2030ലെ കോമൺവെൽത്ത് ഗെയിംസിന്റെ ആതിഥേയ അവകാശം ഏറ്റുവാങ്ങി ഇന്ത്യ

ഗ്ളാസ്ഗോ : ഇന്ത്യൻ കായികരംഗത്ത് പുതിയ ഉണർവായി 2030ലെ കോമൺവെൽത്ത് ഗെയിംസിന്റെ ആതിഥേയർ എന്ന നിലയിൽ ഗെയിംസ് പതാകയേറ്റുവാങ്ങി ഇന്ത്യ. കഴിഞ്ഞരാത്രി ഗ്ളാസ്ഗോയിൽ നടന്ന 23-ാമത് ഗെയിംസിന്റെ സമാപനച്ചടങ്ങിലാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷ, ഒളിമ്പിക് സ്വർണമെഡലിസ്റ്റായ അത്‌ലറ്റ് നീരജ് ചോപ്ര, ഗുജറാത്ത് ഉപമുഖ്യമന്ത്രി ഹർഷ് സംഘ്‌വി എന്നിവരടങ്ങിയ സംഘം പതാകയേറ്റുവാങ്ങിയത്. 2030ൽ ഗുജറാത്തിലെ അഹമ്മദാബാദിലാണ് 24-ാമത് കോമൺവെൽത്ത് ഗെയിംസ് നടക്കുന്നത്. ഗെയിംസിന്റെ നൂറാം വാർഷികത്തിലാണ് ഇന്ത്യ വീണ്ടും ആതിഥ്യം വഹിക്കുന്നത്. 2010ൽ ഡൽഹിയിലാണ് ഇന്ത്യ ആദ്യമായി കോമൺവെൽത്ത് ഗെയിംസ് നടത്തിയത്.

സ്കോട്ടിഷ് റോക്ക് ബാൻഡ് സിംപിൾ മൈൻഡിന്റെ പ്രകടനത്തോടെയാണ് സമാപനച്ചടങ്ങിലെ കലാവിരുന്നുകൾക്ക് തുടക്കമായത്. വിഖ്യാത ഗായകരായ കാമി ബാൺസ്, ബെംസ്,സാൻഡി തോം,ഓസ്ട്രേലിയൻ സിംഗർ ഡെൽറ്റ ഗൂഡ്രെം തുടങ്ങിയവരും വേദിയിൽ അണിനിരന്നു. തുടർന്നാണ് ഗ്ളാസ്ഗോയിൽ ഉയർത്തിയിരുന്ന പതാക താഴ്ത്തിയതും സൈനികർ അത് ആചാരപ്രകാരം സമാപനവേദിയിലെത്തിച്ചതും. ഗ്ളാസ്ഗോയിലെ ഭരണാധികാരി പതാക ഗ്ളാസ്ഗോ കോമൺവെൽത്ത് ഗെയിംസ് വൈസ് ചെയർപേഴ്സൺ സൂസൻ ജാക്സണ് കൈമാറി. സൂസൻ അത് സ്കോട്ടിഷ് നെറ്റ്ബാൾ താരം എമിലി നിക്കോളിനും എമിലി കോമൺവെൽത്ത് സ്പോർട്സ് പ്രസിഡന്റ് ഡോ.ഡൊണാൾഡ് റുക്കാറേയ്ക്കും കൈമാറി. റുക്കാറേയിൽ നിന്ന് പതാക ഏറ്റുവാങ്ങിയ നീരജ് അത് പി.ടി ഉഷയ്ക്ക് കൈമാറി. ഉഷ ഹർഷ് സംഘ്‌വിയെ ഏൽപ്പിച്ചതോടെ പതാക കൈമാറ്റം പൂർണമായി. തുടർന്നാണ് ഇന്ത്യൻ സംഘത്തിന്റെ കലാപ്രകടനം അ്േറിയത്.

മത്സരഇനങ്ങളിലും പങ്കാളിത്തത്തിലും കുറവുണ്ടായിരുന്നെങ്കിലും ആവേശം ഒട്ടും ചോരാതിരുന്ന ഗ്ളാസ്ഗോ ഗെയിംസിന്റെ സമാപനച്ചടങ്ങിൽ നിറഞ്ഞുനിന്നത് ഇന്ത്യയാണ്. ഇന്ത്യയുടെ സാംസ്കാരിക, കായിക പൈതൃകം വിളിച്ചോതിയ വസുധൈവക കുടുംബകം എന്ന ആശയത്തിലൂന്നിയുള്ള കലാപ്രകടനത്തിനും ഗ്ളാസ്ഗോയിലെ ഹൈഡ്രോ ഇൻഡോർ അരീന വേദിയായി. സമാപനച്ചടങ്ങിലെ മാർച്ച് പാസ്റ്റിൽ ബോക്സിംഗിൽ സ്വർണം നേടിയ ജാസ്മിൻ ലംബോറിയയാണ് ഇന്ത്യൻ പതാകയേന്തിയത്. 150-ാം വാർഷികം ആഘോഷിക്കുന്ന വന്ദേമാതരത്തിന്റെ നൃത്താവിഷ്കാരത്തോടെ തുടങ്ങിയ പ്രകടനത്തിൽ ഇന്ത്യൻ സംഗീതജ്ഞൻ റിഷഭ് റിഖിറാം ശർമ്മയും സ്കോട്ടിഷ് പാരമ്പര്യ സംഗീതജ്ഞൻ റോസ് ഐൻസ്‌ലിയും ചേർന്നവതരിപ്പിച്ച ജുഗൽബന്ദി,ശങ്കർ മഹാദേവന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ഗായകസംഘത്തിന്റേയും മാനുഷി ചില്ലറുടേയും നേതൃത്വത്തിലുള്ള നൃത്തസംഘത്തിന്റെയും പ്രകടനങ്ങളുമുണ്ടായിരുന്നു.

ഇതിന് ശേഷം ഡ്യൂക്ക് ഒഫ് എഡി​ൻബറോ ഗ്ളാസ്ഗോ ഗെയിംസ് സമാപി​ച്ചതായി പ്രഖ്യാപനം നടത്തി​. അടുത്ത ഗെയിംസി​നായി​ കായി​ക താരങ്ങളെ അഹമ്മദാബാദി​ലേക്ക് ക്ഷണി​ക്കുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CWG 2030
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360