SignIn
Kerala Kaumudi Online
Wednesday, 01 July 2026 2.17 PM IST

'മിസ്റ്റർ കെസിആർ, ഈ വിജയം കനുഗോലുവിന്റെ മധുരപ്രതികാരം'; തെലങ്കാനയിൽ കോൺഗ്രസ് തന്ത്രങ്ങൾ മെനഞ്ഞ കൈകൾ

READ ENGLISH VERSION
sunil-kanugolu

രണ്ട് വർഷങ്ങൾക്ക് മുമ്പായിരുന്നു, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു സുനിൽ കനുഗോലു എന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞനെ തന്റെ ഫാം ഹൗസിലേക്ക് ക്ഷണിച്ചത്. തെലങ്കാനയിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യുന്നതിന് വേണ്ടിയായിരുന്നു ക്ഷണം. തമിഴ്നാട് തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ ജോലി ഏറ്റെടുക്കാനുള്ള സമയത്തായിരുന്നു കനുഗോലുവിനെ തേടി കെസിആറിന്റെ ക്ഷണം എത്തിയത്. എന്നാൽ ദിവസങ്ങളോളം നീണ്ട കൂടിക്കാഴ്ചകൾക്കും ചർച്ചകൾക്കും ശേഷം കനുഗോലു കെസിആറിന്റെ ഓഫർ സന്തോഷത്തോടെ നിരസിച്ചു.

എന്നാൽ മാസങ്ങൾക്ക് ശേഷം രാഷ്ട്രീയ ലോകത്തെ ഞെട്ടിച്ചുകൊണ്ടാണായിരുന്നു ആ വാർത്ത പുറത്തുവന്നത്. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രസമിതി ചെയർമാനായി സുനിൽ കനുഗോലുവിനെ എഐസിസി നിയമിച്ചു എന്ന വാർത്തയായിരുന്നു അത്. ഇന്ന് തെലങ്കാന തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കെസിആർ ഏറ്റവും കൂടുതൽ ഖേദിക്കുന്നതിന് കനുഗോലുവിനെ സ്വന്തം പാളയത്തിൽ എത്തിക്കാൻ പറ്റിയില്ലല്ലോ എന്ന കാര്യം ഓർത്തായിരിക്കും.

കനുഗോലുവിന്റെ തന്ത്രങ്ങൾ
കോൺഗ്രസിനൊപ്പം ചേർന്ന കനഗോലു കർണാടക, തെലങ്കാന എന്നീ തിരഞ്ഞെടുപ്പുകളിൽ നിർണായക പങ്കാണ് വഹിച്ചത്. കഴിഞ്ഞ മെയിൽ കർണാടക തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ കോൺഗ്രസ് അധികാരത്തിൽ എത്തി. കോൺഗ്രസിനെ സംബന്ധിച്ച് ഉജ്വല വിജയമായിരുന്നു സംസ്ഥാനത്ത് നേടിയെടുത്തത്. കർണാടകയിൽ കനുഗോലുവിന്റെ നേതൃത്വത്തിൽ ഒരുക്കിയ അതേ തന്ത്രങ്ങൾ തെലങ്കാനയിലും കോൺഗ്രസ് നടപ്പാക്കി.

തെലങ്കാനയിൽ കെസിആർ ആധിപത്യം അവസാനിപ്പിച്ച് കോൺഗ്രസിനെ അധികാരത്തിൽ എത്തിക്കുക എന്നത് കനുഗോലുവിനെ സംബന്ധിച്ച് നിർണായക വെല്ലുവിളികളിൽ ഒന്നായിരുന്നു. തിരഞ്ഞെടുപ്പ് അടുത്തതോടെ രണ്ടാം സ്ഥാനത്തുള്ള കോൺഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിവിടുമെന്നായിരുന്നു ബിജെപിയുടെ ഭീഷണി. എന്നാൽ ഇന്ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ രാഷ്ട്രീയം ലോകം ശരിക്കും അമ്പരന്നു. മൂന്നാം തവണയും തെലങ്കാനയുടെ മുഖ്യമന്ത്രി കസേര സ്വപ്നം കണ്ട കെസിആർ തകർന്നുതരിപ്പണമായി.

കനുഗോലുവിന്റെ മധുരപ്രതികാരം
കർണാടകയ്ക്ക് സമാനമായി നിശബ്ദമായ പ്രവർത്തനമാണ് കനുഗോലു തെലങ്കാനയിലും നടപ്പിലാക്കിയത്. കെസിആറിനെ പിന്നോട്ട് നിർത്തുന്ന രീതിയിൽ തിരഞ്ഞെടുപ്പ് തന്ത്രം അസൂത്രണം ചെയ്യാൻ കനുഗോലു തീരുമാനിച്ചു. എന്നാൽ രാഷ്ട്രീയം വ്യക്തിവിരോധമായി ഏറ്റെടുത്ത കെസിആർ കനുഗോലുവിന്റെ ഓഫീസിലേക്ക് റെയ്ഡിനായി പൊലീസ് ഉദ്യോഗസ്ഥരെ പറഞ്ഞയച്ചു.

കനുഗോലുവിന്റെ ഹൈദരാബാദ് ഓഫീസ് റെയ്ഡ് ചെയ്ത പൊലീസ് സംഘം സാധന സാമഗ്രികൾ പിടിച്ചെടുത്തു. ചോദ്യം ചെയ്യലിനായി കനുഗോലുവിനെയും ഹാജരാക്കി. എന്നാൽ ഇതിൽ ഒന്നും തളരാത്ത കനുഗോലു പുതിയ ഓഫീസ് ആരംഭിച്ച് പ്രവർത്തനം തുടങ്ങി. ഇന്ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ കനുഗോലു ആഹ്ലാദിക്കുകയായിരിക്കും. ഒരു വിധത്തിൽ പറഞ്ഞാൽ കെസിആറിനോടുള്ള കനുഗോലുവിന്റെ മധുരപ്രതികാരമാകാം ഇന്നത്തെ ദിവസം.

രാഹുലിനൊപ്പം
തിരഞ്ഞെടുപ്പു കാര്യങ്ങളിൽ രാഹുൽ ഗാന്ധിയെ നേരിട്ട് ഉപദേശിച്ചുകൊണ്ട് കോൺഗ്രസിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായി കനുഗോലു ഉയർന്നിരിക്കുകയാണ്. ഒരു പക്ഷേ, മാദ്ധ്യമങ്ങൾക്ക് മുമ്പിൽ ചിത്രങ്ങളിലോ, ചർച്ചകളിലോ കനുഗോലു പ്രത്യക്ഷപ്പെടാറില്ല. നിശബ്ദമായ പ്രവർത്തനമാണ് കനുഗോലുവിന്റെ മുഖമുദ്ര. മധ്യപ്രദേശിലെയും ഛത്തീസ്ഗഢിലെയും നിയമസഭാ തിരഞ്ഞെടുപ്പുകളിലും അദ്ദേഹം പങ്കാളിയായിരുന്നു. എന്നാൽ തെലങ്കാന കൂടുതൽ സങ്കീർണ്ണമായിരുന്നു.

ബിജെപിയെ തളർത്തി
സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിൽ വരുന്നത് തടയാൻ ബിജെപി പല വഴികളും തിരഞ്ഞെടുക്കുമെന്ന് കനുഗോലുവിന് ബോദ്ധ്യമുണ്ടായിരുന്നു. ഇത് കണക്കിലെടുത്ത്, സംസ്ഥാനത്ത് ബിജെപിയുടെ സ്വാധീനം പരിമിതപ്പെടുത്താനാണ് കനുഗോലു ആദ്യം ശ്രമിച്ചത്. പിന്നീട്, തെലങ്കാനയിൽ സ്ഥാനാർത്ഥികളെ നിർത്തരുതെന്ന് വൈഎസ്ആറിന്റെ മകൾ വൈഎസ് ശർമിളയോട് അഭ്യർത്ഥിച്ചു.

തന്നെ അറസ്റ്റ് ചെയ്യാൻ തുനിഞ്ഞിറങ്ങിയ കെസിആറിനെ വിനയാന്വിതയാക്കുമെന്ന് പ്രതികാരബുദ്ധിയോടെ ശർമിള പ്രതിജ്ഞയെടുത്തു. ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവും തെലങ്കാനയിലെ മത്സരത്തിൽ നിന്ന് പിന്മാറിയത്, കനുഗോലുവിന്റെ ജോലി കൂടുതൽ എളുപ്പമാക്കി. ബിജെപിയുടെ സ്വാധീനം സംസ്ഥാനത്ത് കുറഞ്ഞതോടെ കെസിആറും കോൺഗ്രസും തമ്മിൽ നേരിട്ടുള്ള ഒരു മത്സരത്തിന് തെലങ്കാന സാക്ഷ്യം വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, SUNIL KANUGOLU, WHO IS SUNIL KANUGOLU, SUNIL KANUGOLU NEWS, CONGRESS, SUNIL KANUGOLU NEWS MALAYALAM, LATEST NEWS, NEWS KERALA, INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360