SignIn
Kerala Kaumudi Online
Friday, 06 November 2026 1.36 AM IST

വിയർത്ത് ജയിച്ച് റയലും സിറ്റിയും

ucl

ചാമ്പ്യൻസ് ലീഗ് പ്രാഥമികറൗണ്ട് മത്സരങ്ങളിൽ പൊരുതി ജയിച്ച് റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും, ലിവർപൂളിന് തോൽവി

ഏതൻസ് : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ പ്രാഥമിക റൗണ്ടിലെ നാലാം മത്സരത്തിൽ വെല്ലുവിളികൾ നേരിട്ട് വിജയങ്ങൾ സ്വന്തമാക്കി മുൻനിര ക്ളബുകളായ റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും. ഇംഗ്ളീഷ് പ്രിമിയർ ലീഗ് ചാമ്പ്യൻസായ ആഴ്സനലും വിജയംകണ്ടു. റയൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ഗ്രീക്ക് ക്ളബ് എ.ഇ.കെ ഏതൻസിനെ തോൽപ്പിച്ചപ്പോൾ മാഞ്ചസ്റ്റർ സിറ്റി ഇതേ സ്കോറിന് ജർമ്മൻ ക്ളബ് ആർ.ബി ലെയ്‌പ്സിഗിനെ തോൽപ്പിച്ചു. ചെക്ക് ക്ളബ് സ്ളാവിയ പ്രാഹയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ആഴ്സനൽ തോൽപ്പിച്ചത്. മുൻ ചാമ്പ്യൻമാരായ ലിവർപൂളിനെ 3-2ന് തുർക്കി ക്ളബ് ഫെനർബാഷെ തോൽപ്പിച്ചു.

എ.ഇ.കെയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ രണ്ട് തവണ പിന്നിൽ നിന്നശേഷം ഇൻജുറി ടൈമൽ നേടിയ ഗോളിലാണ് റയൽ വിജയംകണ്ടത്.12-ാം മിനിട്ടിൽ അബൂബക്കരി കൊയ്ത നേടിയ ഗോളിലൂടെ എ.ഇ.കെ റയലിനെ ഞെട്ടിച്ചിരുന്നു. 32-ാം മിനിട്ടിൽ ജൂഡ് ബെല്ലിംഗ് കളി സമനിലയിലാക്കി.75-ാം മിനിട്ടുവരെ 1-1എന്ന നില തുടർന്നു. എന്നാൽ സ്റ്റാർവോസ് പിലോസിലൂടെ വീണ്ടും എ.ഇ.കെ മുന്നിലെത്തിയെങ്കിലും മൂന്ന് മിനിട്ടുകൾക്കകം സൂപ്പർ താരം കിലിയൻ എംബാപ്പെ കളി വീണ്ടുംസമനിലയിലാക്കി. 90-ാം മിനിട്ടിൽ അബൂബക്കരി കൊയ്ത ചുവപ്പുകാർഡ് കണ്ട് പുറത്തായതിന് പിന്നാലെ ഫെഡറികോ വൽവെർദേയാണ് റയലിന്റെ വിജയഗോളടിച്ചത്.

ലെയ്പ്സിഗിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 37-ാം മിനിട്ടിൽ കാസ്റ്റെലോ ലുക്കേബയുടെ സെൽഫ് ഗോളിലൂടെ സിറ്റി മുന്നിലെത്തി. 49-ാം മിനിട്ടിൽ റിഡി ബാകുവിലൂടെ ലെയ്‌പ്സിഗ് സമനില പിടിച്ചു.58-ാം മിനിട്ടിൽ എൻസോ ഫെർണാണ്ടസ് സിറ്റിയെ പിന്നെയും മുന്നിലെത്തിക്കുകയും 61-ാം മിനിട്ടിൽ അന്റോണിയോ നുസ സമനിലപിടിക്കുകയും ചെയ്തു. 78-ാം മിനിട്ടിൽ സൂപ്പർ താരം എർലിംഗ് ഹാലാൻഡ് നേടിയ ഗോളാണ് സിറ്റിയുടെ വിജയം കുറിച്ചത്.

9-ാ ംമിനിട്ടിൽ നോനി മദുകേയും 38-ാം മിനിട്ടിൽ വിക്ടർ ഗ്യോക്കറെസും നേടിയ ഗോളുകളാണ് സ്ളാവിയ പ്രാഹയ്ക്ക് എതിരെ റയലിന് ജയം നൽകിയത്. 90-ാം മിനിട്ടിൽ വിക്ടർ നൊവാക്കാണ് പ്രാഹയുടെ ആശ്വാസ ഗോൾ നേടിയത്.

9-1

ഈ സീസണിൽ ആദ്യമായി ചാമ്പ്യൻസ് ലീഗിൽ കളിക്കാനെത്തിയ ഇറ്റാലിയൻ ക്ലബ് കോമോ ഒന്നിനെതിരെ 9 ഗോളുകൾക്ക് ഫ്രഞ്ച് ക്ളബ് ലെൻസിനെ തോൽപ്പിച്ചു. ഇതോടെ മുൻ സ്പാനിഷ് താരം സെസ്ക് ഫാബ്രിഗസ് പരിശീലിപ്പിക്കുന്ന കോമോ ചാമ്പ്യൻസ് ലീഗിലെ ഏറ്റവും ഉയർന്ന വിജയമാർജിൻ എന്ന റെക്കാഡിന് ഒപ്പമെത്തി.2007ൽ ലിവർപൂൾ ബെസിക്താസിനെയും 2015ൽ റയൽ മാഡ്രിഡ് മാൽമോയേയും 8-0ത്തിന് തോൽപ്പിച്ച റെക്കാഡാണ് കോമോ മറികടന്നത്.

പാരീസ് എസ്.ജി ഒന്നാമത്

ഈ സീസണിൽ എല്ലാ ടീമുകളും നാലുമത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ നാലും ജയിച്ച് 12 പോയിന്റ് നേടിയ കഴിഞ്ഞ രണ്ട് സീസണുകളിലേയും ജേതാവ് പാരീസ് എസ്.ജിയാണ് ഒന്നാം സ്ഥാനത്ത്.ഇത്രതന്നെ പോയിന്റുള്ള റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്ത്. ആഴ്സനൽ (10), കോമോ(9),ബാഴ്സലോണ(9),ആസ്റ്റൺ വില്ല(9), മാഞ്ചസ്റ്റർ സിറ്റി(9), ലിവർ പൂൾ (9) എന്നിവരാണ് ആദ്യ എട്ട്സ്ഥാനങ്ങളിൽ .

മത്സരഫലങ്ങൾ

റയൽ മാഡ്രിഡ് 3- എ.ഇ.കെ ഏതൻസ് 2

മാഞ്ചസ്റ്റർ സിറ്റി 3-ആർ. ബി ലെയ്‌പ്സിഗ് 2

ആഴ്സനൽ 2- സ്ളാവിയ പ്രാഹ 1

കോമോ 9- ലെൻസ് 1

ഫെനർബാഷെ 3- ലിവർപൂൾ 2

ഡോർട്ട്മുണ്ട് 2- ബെറ്റിസ് 1

പോർട്ടോ 4-നാപ്പോളി 1

ക്ളബ് ബ്രൂഗെ 2- പി.എസ്.വി 1

വൈകിംഗ് 4- സബാ1

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UCL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360