SignIn
Kerala Kaumudi Online
Saturday, 19 September 2026 4.09 AM IST

അവസാന മത്സരത്തിലും തോൽവി, ഗോകുലം കേരള എഎഫ്‌സി കപ്പിൽ നിന്ന് പുറത്ത്

gokulam-kerala

കൊൽക്കത്ത: എഎഫ്‌സി കപ്പിൽ വിജയം പ്രതീക്ഷിച്ചിറങ്ങിയ ഗോകുലം കേരളക്ക് തിരിച്ചടി. ഇന്ന് നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശ് ക്ലബായ ബസുന്ധര കിംഗ്സിനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ട ഗോകുലം ചാമ്പ്യൻഷിപ്പിൽനിന്ന് പുറത്തായി. ആദ്യ മത്സരത്തിൽ ഐഎസ്എൽ ക്ളബായ എടികെ മോഹൻ ബഗാനെ ഗോകുലം കേരള പരാജയപ്പെടുത്തിയിരുന്നെങ്കിലും ഗ്രൂപ്പിലെ മൂന്നാമത്തെ ടീമായ മസിയയോട് പരാജയപ്പെട്ടിരുന്നു. ഇന്നത്തെ തോൽവി കൂടിയായതോടെ ഗോകുലത്തിന് പുറത്തേക്കുള്ള വഴി ഒരുങ്ങുകയായിരുന്നു.

തുടക്കം മുതൽ ആക്രമിച്ചു കളിച്ച ബസുന്ധര കിംഗ്സ് 22 ഷോട്ടുകളാണ് ഗോകുലത്തിന്റെ പോസ്റ്റിനെ ലക്ഷ്യമാക്കി പായിച്ചത്. എന്നാൽ ഗോകുലത്തിന് ഒൻപത് ഷോട്ടുകൾ മാത്രമാണ് തൊടുക്കാൻ സാധിച്ചത്. ഇതിൽ നാലെണ്ണം ഷോട്ട് ഓൺ ടാർഗറ്റാവുകയും ചെയ്തു. ജയം പ്രതീക്ഷിച്ച് ഇറങ്ങിയ ഗോകുലത്തിന് പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം.

മത്സരം പുരോഗമിക്കുന്നതിനിടെ 36ാം മിനുട്ടിൽ റോബിഞ്ഞോയുടെ ഗോളിൽ ബസുന്ധര കിംഗ്സ് മുന്നിലെത്തി. രണ്ടാം പകുതിയിൽ തിരിച്ചുവരവിന് കരുക്കൾ നീക്കി കളത്തിലറങ്ങിയ ഗോകുലത്തിന്റെ പല നീക്കങ്ങളും വിജയം കണ്ടില്ല. സമനില ഗോളിനായി പൊരുതുന്നതിനിടെ ബസുന്ധരയുടെ രണ്ടാം ഗോൾ പിറന്നു. 54ാം മിനുട്ടിൽ നുഹ മറോങ്ങിന്റെ ഗോളിൽ ബസുന്ധര രണ്ട് ഗോളിന്റെ ലീഡ് സ്വന്തമാക്കി. ഇതോടെ സർവ ശക്തിയുമെടുത്ത് പൊരുതിയ ഗോകുലം 75ാം മിനിട്ടിൽ ഒരു ഗോൾ മടക്കി. ജോർദാൻ ഫ്ളച്ചറായിരുന്നു ഗോകുലത്തിന് വേണ്ടി ഗോൾ നേടിയത്.

പിന്നീട് സമനില ഗോളിനായി ഗോകുലം പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. മൂന്ന് മത്സരത്തിൽ നിന്ന് മൂന്ന് പോയിന്റ് മാത്രമാണ് ഗോകുലത്തിന്റെ സമ്പാദ്യം. ഇതോടെ ഈ സീസണിലെ ഗോകുലം കേരളയുടെ യാത്ര അവസാനിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, GOKULAM KERALA, FOOTBALL, AFC CUP, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360