SignIn
Kerala Kaumudi Online
Friday, 18 September 2026 11.05 PM IST

കാര്യവട്ടം ഗ്രീൻഫീൽഡ് ഏകദിനം: ഞെട്ടിച്ച് ക്രിക്കറ്റ് പ്രേമികൾ,​ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു

READ ENGLISH VERSION
odi-tickets

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഈ മാസം 27-ന് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ മുഴുവൻ ടിക്കറ്റുകളും വിറ്റു. ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ ചാണ്ടി ഉമ്മൻ എം.എൽ.എ ഫിനസ് ​ഗ്രൂപ്പ് എം.ഡിയും കെ.സി.എൽ ചാമ്പ്യന്മാരായ തൃശൂർ ടൈറ്റൻസ് ടീം ഉടമയുമായ സജാദ് സേട്ടിന് ടിക്കറ്റ് കൈമാറി ആദ്യ വിൽപ്പന നിർവഹിച്ചത്.

ടിക്കറ്റ് വിൽപ്പന 24 മണിക്കൂർ പിന്നിടും മുൻപാണ് മുഴുവൻ ടിക്കറ്റുകളും വിറ്റുപോയത്. ടിക്കറ്റ് വിൽപ്പന ആരംഭിച്ചതിന് പിന്നാലെ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. മത്സരത്തിനായി ടിക്കറ്റ് സ്വന്തമാക്കാനുള്ള ആരാധകരുടെ തിരക്ക് ഓൺലൈൻ വിൽപ്പനയിലും പ്രകടമായിരുന്നു. മത്സരത്തിനുള്ള ടീമുകൾ ഈമാസം 23ന് തന്നെ തിരുവനന്തപുരത്ത് എത്തുന്നുണ്ട്. 24, 25,26 തീയതികളിൽ ഇരുടീമുകളും ഗ്രീൻഫീൽഡിൽ പരിശീലനം നടത്തും. 27 ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം തുടങ്ങുന്നത്. 30-ന് ഗുവാഹത്തിയിലാണ് രണ്ടാം ഏകദിനം. മൂന്നാം മത്സരം ഒക്ടോബർ 3-ന് മൊഹാലിയിൽ.

ഗാലറി ടിക്കറ്റുകൾക്ക് 650 രൂപയാണ് നിരക്ക്. പവലിയൻ ടിക്കറ്റിന് 1250 രൂപയും, പവലിയൻ എ, ജെ എന്നിവയ്ക്ക് 1800 രൂപയും 2000 രൂപയുമാണ് വില. എലൈറ്റ് പവലിയൻ ടിക്കറ്റുകൾക്ക് 2500 രൂപയും കെസിഎ ബോക്സ് ഹോസ്പിറ്റാലിറ്റി ടിക്കറ്റുകൾക്ക് 5000 രൂപയുമാണ് നിരക്ക്. എല്ലാവിധ ടാക്സുകളും ഉൾപ്പെടുത്തിയാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. മൂന്ന് വയസിന് മുകളിലുള്ള കുട്ടികൾക്ക് ടിക്കറ്റ് നിർബന്ധമാണ്.

കാര്യവട്ടം ഗ്രീൻഫീൽഡിൽ നടക്കുന്ന മൂന്നാമത്തെ പുരുഷ ഏകദിന മത്സരമാണിത്. 2018 നവംബർ ഒന്നിന് നടന്ന സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര ഏകദിനത്തിലും ഇന്ത്യയും വെസ്റ്റ് ഇൻഡീസുമാണ് ഏറ്റുമുട്ടിയത്. എട്ട് വർഷങ്ങൾക്ക് ശേഷമാണ് വിൻഡീസ് ടീം വീണ്ടും തലസ്ഥാനത്ത് എത്തുന്നത്. 2023 ജനുവരിയിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലായിരുന്നു ഇവിടെ നടന്ന രണ്ടാമത്തെ ഏകദിനം. അന്ന് വിരാട് കോഹ്‌ലി പുറത്താകാതെ നേടിയ 166 റൺസിന്റെ മികവിൽ ഇന്ത്യ 390 റൺസ് നേടുകയും മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ 73 റൺസിന് പുറത്താക്കി 317 റൺസിന്റെ വിജയം ഇന്ത്യ സ്വന്തമാക്കുകയും ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KARYAVATTOM GREENFIELD STADIUM, GREENFIELD ODI, KERALA CRICKET FANS, GREENFIELD STADIUM TICKETS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360