
ഉദ്ഘാടനച്ചടങ്ങിൽ മനു ഭാക്കറും തജീന്ദറും ഇന്ത്യൻ പതാകയേന്തും
നിഹോൻ ഇ യോകോസോ
പ്രശസ്ത ജാപ്പനീസ്
നർത്തകിയും ദ്വിഭാഷിയുമായ
ഹിരോമി മാരുഹാഷി
നഗോയയിൽ നിന്ന്
കേരളകൗമുദിക്ക്
വേണ്ടി എഴുതുന്നു.
ഉദയസൂര്യന്റെ നാടെന്നാണ് ഞങ്ങളുടെ രാജ്യത്തെ വിശേഷിപ്പിക്കുന്നത്. പക്ഷേ ഇനിയിത് സ്വർണോദയങ്ങളുടെ നാടാണ്. ഏഷ്യൻ വൻകരയുടെ കായികപ്രതീക്ഷകളൊക്കെയും സ്വർണത്തിലേക്ക് ഉദിക്കുന്ന നാട്. ടോക്യോയിൽ നിന്ന് 350ഓളം കിലോമീറ്റർ അകലെയുള്ള അയ്ചി പ്രവിശ്യയുടെ തലസ്ഥാനമായ നഗോയയിൽ ഇന്ന് 20-ാമത് ഏഷ്യൻ ഗെയിംസിന് കൊടിയേറുമ്പോൾ ഞങ്ങൾ ജപ്പാൻകാർ ആവേശത്തിലാണ്. നഗോയ ഉത്സവപ്രതീതിയിലും.
ഞങ്ങളുടെ കായികക്കരുത്ത് മാത്രമല്ല, പ്രകൃതിയുടെ ചാരുതയും സാങ്കേതികവിദ്യയുടെ ആധുനികതയും ജീവിത ശൈലിയുടെ ശാന്തതയും ശീലങ്ങളിലെ സൗമ്യതയുമൊക്കെ ലോകത്തിന് പരിചയപ്പെടുത്താനുള്ള അവസരമാണിത്. തിരിച്ചടികളിൽ നിന്ന് ഉയിർത്തെണീറ്റ ചരിത്രമാണ് ഞങ്ങളുടേത്. പ്രതീക്ഷകളുടെ ചെറുമുനകളിൽ നിന്ന് അതിജീവനത്തിന്റെ നാളം തെളിച്ചവരുടെ നാട്. അവിടേക്കാണ് ഏഷ്യൻ ഭൂഖണ്ഡത്തിന്റെ പോരാളികളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നത്.
മത്സരത്തിനപ്പുറം പങ്കാളിത്തത്തിന്റെയും സാഹോദര്യത്തിന്റെയും വലിയ സന്ദേശം കൂടി കായികമേളകൾ മുന്നോട്ടുവയ്ക്കുന്നു. ഇന്ത്യൻ കബഡി ടീമിന്റെ മത്സരങ്ങൾ കാണാൻ കാത്തിരിക്കുകയാണ് എന്റെ പലസുഹൃത്തുക്കളും. കേരളത്തിൽ എല്ലാ വർഷവും വന്നുപോകുന്ന എനിക്കും മലയാളി കായിക താരങ്ങളോട് ഒരു പ്രത്യേക താത്പര്യമുണ്ടെന്ന് പറയാതിരിക്കാൻ കഴിയില്ല. നിറഞ്ഞമനസോടെ 45 രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകളെയും സ്വാഗതം ചെയ്യുന്നു. ഏവർക്കും ''നിഹോൻ ഇ യോകോസോ""
( ജപ്പാനിലേക്ക് സുസ്വാഗതം...)
ഏറ്റവും വലിയ വൻകരയുടെ കായിക സ്വപ്നങ്ങൾക്ക് ഇന്ന് ജപ്പാനിലെ അയ്ചി - നഗോയയിൽ ചിറകുമുളയ്ക്കുകയാണ്. ഏഷ്യൻ ഭൂഖണ്ഡത്തിലെ 46 രാജ്യങ്ങളിൽ നിന്നായി 10840 കായിക താരങ്ങൾ അയ്ചി- നഗോയ ഏഷ്യൻ ഗെയിംസിൽ മാറ്റുരയ്ക്കാൻ എത്തുന്നു. 43 കായിക ഇനങ്ങളിലായി 493 മെഡൽ ഇവന്റുകൾ. സ്ഥിരം കായിക ഇനങ്ങൾക്ക് പുറമേ ടെക്ബാൾ,മിക്സഡ് മാർഷ്യൽ ആർട്സ്, പാഡെൽ, സർഫിംഗ്,ബി.എം.എക്സ് ഫ്രീസ്റ്റൈൽ,വിർച്വൽ തായ്ക്കൊണ്ടോ, എക്സ്പാൻഡഡ് ഇ സ്പോർട്സ് തുടങ്ങിയ കായിക ഇനങ്ങൾ ഈ ഗെയിംസിൽ അരങ്ങേറ്റം കുറിക്കുന്നു.
കരുത്തുകാട്ടാൻ ഇന്ത്യ
ചൈനയിലെ ഹ്വാംഗ്ചോയിൽ നടന്ന കഴിഞ്ഞ ഗെയിംസിൽ 28 സ്വർണവും 38 വെള്ളിയും 41വെങ്കലങ്ങളും അടക്കം 107 മെഡലുകൾ നേടി നാലാം സ്ഥാനത്തെത്തിയതാണ് ഗെയിംസ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. ഇക്കുറി ഇതിലും കൂടുതൽ മെഡലുകൾ ലക്ഷ്യമിടുന്നു. കഴിഞ്ഞ ഏഷ്യൻ ഗെയിംസിലും ഒളിമ്പിക്സിലും കോമൺവെൽത്ത് ഗെയിംസിലും മെഡൽ നേടിയ നിരവധി താരങ്ങൾ ഇന്ത്യൻ സംഘത്തിലുണ്ട്. ഷൂട്ടിംഗിൽ ഒളിമ്പിക് മെഡലിസ്റ്റ് മനു ഭാക്കർ, ഇഷ സിംഗ്, ബാഡ്മിന്റണിൽ പി.വി സിന്ധു, വെയ്റ്റ്ലിഫ്ടിംഗിൽ മീരബായ് ചാനു,അത്‌ലറ്റിക്സിൽ അവിനാഷ് സാബ്‌ലെ, മലയാളികളായ ശ്രീശങ്കർ മുരളി, ആൻസി സോജൻ, അഫ്സൽ,ബോക്സിംഗിൽ നിഖാത് സരീൻ, ലവ്‌ലിന ബോർഗോഹെയ്ൻ,ഗുസ്തിയിൽ അന്തിം പംഗൽ, അമൻഷെറാവത്ത് തുടങ്ങിയവരാണ് ഇന്ത്യയുടെ വ്യക്തിഗത മെഡൽ പ്രതീക്ഷകൾ. ഷൂട്ടിംഗ്,റെസ്‌ലിംഗ്, ബാഡ്മിന്റൺ, അത്‌ലറ്റിക്സ്,സ്ക്വാഷ്, ആർച്ചറി തുടങ്ങിയ കായിക ഇനങ്ങളിലാണ് ഇന്ത്യയുടെ മെഡൽ സ്വപ്നങ്ങൾ. പുരുഷ -വനിതാ ക്രിക്കറ്റ് ,ഹോക്കി, കബഡി ടീമുകളിലും സ്വർണം പ്രതീക്ഷിക്കുന്നു.
മലയാളിച്ചിറകുകൾ
ശ്രീശങ്കറിനേയും ആൻസിയേയും കൂടാതെ മുഹമ്മദ് അഫ്സൽ,കൃഷ്ണ ജയശങ്കർ,എൻ.തൗഫീക്ക്, ടി.എസ് മനു, യു.കാർത്തിക്, അൻസ ബാബു, അനു രാഘവൻ തുടങ്ങിയ മലയാളികൾ ഇന്ത്യൻ അത്‌ലറ്റിക്സ് സംഘത്തിലുണ്ട്. ബാഡ്മിന്റണിൽ ട്രീസ ജോളി,എച്ച്.എസ് പ്രണോയ്, എം.ആർ അർജുൻ എന്നിവരുണ്ട്. ക്രിക്കറ്റ് ടീമിൽ സഞ്ജു സാംസൺ, നീന്തലിൽ സജൻ പ്രകാശ് എന്നിവർക്കൊപ്പം വിദർശ കെ.വിനോദ് (ഷൂട്ടിംഗ്), പ്രസന്നകുമാർ, പാർവതി ഗീത (കയാക്കിംഗ്), മേഘ പ്രദീപ് (കനോയിംഗ്), അലീന ആന്റോ (റോവിംഗ്), മനു ഫ്രാൻസിസ്, പ്രിൻസ് നോബിൾ (സെയ്‌ലിംഗ്), അക്ഷജ് ഷേണായി (ഇ സ്‌പോർട്സ്), മുഹമ്മദ് നിഹാൽ, ജോൺ ജോസഫ്, കെ.ആനന്ദ്, എറിൻ വർഗീസ് (വോളിബാൾ) എന്നിവരും ഇന്ത്യൻ കുപ്പായത്തിൽ അണിനിരക്കുന്നു.
768 അംഗ ഇന്ത്യൻ സംഘം
503 കായിക താരങ്ങൾ
269 പുരുഷ താരങ്ങൾ
234 വനിതാ താരങ്ങൾ
പരിശീലകരും ഒഫിഷ്യൽസുമായി 205 പേർ
കപ്പലിൽ താമസം
ഗെയിംസിന്റെ ചരിത്രത്തിലാദ്യമായി കായിക താരങ്ങൾക്ക് താമസിക്കാൻ വലിയ ക്രൂസ്ഷിപ്പാണ് ഒരുക്കിയിരിക്കുന്നത്. 300 മീറ്റർ നീളമുള്ള കോൺകോർഡിയ ക്ളാസ് ഇറ്റാലിയൻ ക്രൂസ് ഷിപ്പായ കോസ്റ്റ സെറീനയിൽ 4000ത്തോളം പേർക്ക് താമസിക്കാം. 2000ത്തോളം പേർക്ക് തടിയിൽ തീർത്ത താത്കാലിക ക്യാബിനുകളും മറ്റുള്ളവർക്ക് ഹോട്ടൽ റൂമുകളും ഒരുക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |