SignIn
Kerala Kaumudi Online
Tuesday, 14 July 2026 5.05 AM IST

ഈ രാവിൽ ആരാകും ?

world-cup-football
world cup football

ആദ്യ സെമിയിൽ ലാമിൻ യമാലും കിലിയൻ എംബാപ്പെയും നേർക്കുനേർ

ഡാലസ് : ചരിത്രത്തിലാദ്യമായി ഫിഫ റാങ്കിംഗിലെ ആദ്യ നാലുസ്ഥാനക്കാർ ലോകകപ്പ് സെമിഫൈനലിൽ മത്സരിക്കാൻ കച്ചമുറുക്കുമ്പോൾ ആരാകും കപ്പുയർത്തുകയെന്ന പ്രവചനങ്ങൾ അസാദ്ധ്യം. എങ്കിലും ഒന്നുറപ്പ്. ഇന്ന് രാത്രിയിൽ ആദ്യ സെമിഫൈനൽ കഴിയുമ്പോൾ ഈ കാലത്തിന്റെ രണ്ട് യുവ രാജാക്കന്മാരിൽ ഒരാൾക്ക് നാട്ടിലേക്ക് മടങ്ങേണ്ടിവരും. അത് കിലിയൻ എംബാപ്പെയാകുമോ അതോ ലാമിൻ യമാലാകുമോ എന്നതാണ് അറിയേണ്ടത്.

യൂറോപ്പിലെ ഏറ്റവും മികച്ച രണ്ടുടീമുകളാണ് സെമിയിൽ ഏറ്റുമുട്ടുന്നത്. രണ്ട് ടീമുകളും ഫൈനലിൽ കളിക്കാനും കിരീടം നേടാനും അർഹതയുള്ളവർ. ഈ ലോകകപ്പിൽ കളിച്ച കളികളെല്ലാം ജയിച്ചാണ് ഫ്രാൻസ് സെമിയിലെത്തിയത്. ഒരൊറ്റ മത്സരത്തിലൊഴിച്ച് ഒന്നിലേറെ ഗോളുകളും സ്കോർ ചെയ്തു. ഇതുവരെയുള്ള ആറുകളികളിൽ നിന്ന് അടിച്ചുകൂട്ടിയത് 16 ഗോളുകൾ. വഴങ്ങിയത് രണ്ടെണ്ണം മാത്രം.

മറുവശത്ത് സ്പെയ്ൻ ഒരു മത്സരത്തിൽ സമനിലവഴങ്ങിയെങ്കിലും ബാക്കി അഞ്ചിലും മൊഞ്ചോടെ ജയിച്ചാണ് അവസാന നാലിലേക്ക് എത്തിയിരിക്കുന്നത്. ഈ ആറുകളികളിലുമായി ഒൻപത് ഗോളുകൾ നേടിയപ്പോൾ വഴങ്ങിയത് ഒരൊറ്റ ഗോൾ മാത്രം. ബെൽജിയത്തിനെതിരെ ക്വാർട്ടർ ഫൈനലിൽ ഇറങ്ങുംവരെ ഒരൊറ്റ ഗോളും വീഴാത്തതായിരുന്നു ഉനേയ് സൈമണിന്റെ പോസ്റ്റ്.

ടീമെന്ന നിലയിലും നിലവിലെ ഫോമിലും അൽപ്പം മുൻതൂക്കം ഫ്രാൻസിന് അവകാശപ്പെടാമെങ്കിലും ഒട്ടും വിട്ടുകൊടുക്കാൻ തയ്യാറാകാത്ത ടീമാണ് സ്പെയ്ൻ. ഈ ലോകകപ്പിൽ ഇതുവരെ എട്ടുഗോളുകളും മൂന്ന് അസിസ്റ്റുകളും നേടി ഗോൾഡൻ ബൂട്ടിനായുള്ള മത്സരത്തിൽ എംബാപ്പെ ഒന്നാമതാണ്. അഞ്ചുഗോളുകൾ നേടിക്കഴിഞ്ഞ ഉസ്മാനെ ഡെംബലെ, അറ്റാക്കിംഗ് മിഡ്ഫീൽഡർമാരായ മൈക്കേൽ ഒലിസെ, ദിസീറെ ദുവെ എന്നിവരും കൂടിയാകുമ്പോൾ ഫ്രഞ്ച് ആക്രമണങ്ങൾക്ക് ശക്തിയേറും. അഡ്രിയാൻ റാബിയോട്ട്, വില്യം സാലിബ,ഉപമെക്കാനോ, യൂൾസ് കുണ്ടേ തുടങ്ങിയവരാണ് ഫ്രഞ്ച് പ്രതിരോധത്തിന്റെ ആണിക്കല്ല്. മൈക്ക് മൈഗ്നാനാണ് ഗോളി.

മറുവശത്ത് മൈക്കേൽ ഒയർസബാലിനെ ഒറ്റയ്ക്ക് മുന്നിൽ നിറുത്തി വിംഗുകളിലൂടെ യമാലും അലക്സ് ബയേനയും മദ്ധ്യത്തിൽ ഓൾമോയുംകൂടി അറ്റാക്ക് നടത്തുന്നതാണ് സ്പാനിഷ് രീതി. ടക് ഇൻ ചെയ്ത ഷർട്ടുമായി ക്യാപ്ടൻ റൊഡ്രി നിയന്തിക്കുന്ന മദ്ധ്യനിരയിൽ പെഡ്രിയും ഫാബിയൻ റൂയിസുമുണ്ടാകും. പ്രതിരോധത്തിൽ നിന്ന് അറ്റാക്കിംഗിലേക്ക് കടന്നുകയറുന്ന കുക്കറേലയും സെന്റർ ബാക്കുകളായ ലാ പോർട്ടേയും കുബാർസിയും ഗോളടിക്കാൻ കെൽപ്പുള്ള പെഡ്രോ പോറോയും കൂടിയാകുമ്പോൾ ഗോളി ഉനേയ് സൈമണിന് പണികുറയും. സൂപ്പർ സബ്ബായിറങ്ങി നിമിഷങ്ങൾക്കകം ഗോളടിക്കുന്ന മൈക്കേൽ മെറീനയാണ് മറ്റൊരു വജ്രായുധം.

സെമിയിലേക്കുള്ള വഴി

സ്പെയ്ൻ

1. ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തിൽ കേപ്പ് വെർദേയോട് ഗോൾരഹിത സമനില.

2. രണ്ടാം മത്സരത്തിൽ സൗദി അറേബ്യയ്ക്ക് എതിരെ 4-0ത്തിന്റെ തകർപ്പൻ വിജയം.

3.അവസാന മത്സരത്തിൽ ഉറുഗ്വേയെ 1-0ത്തിന് തോൽപ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാർ.

4. രണ്ടാം റൗണ്ട് പോരാട്ടത്തിൽ ഓസ്ട്രിയയെ കീഴടക്കിയത് 3-0ത്തിന്.

5. പോർച്ചുഗലിനെതിരായ പ്രീക്വാർട്ടറിൽ ഇൻജുറി ടൈം ഗോളിൽ ജയം.

6. ബെൽജിയത്തിനെതിരെ ക്വാർട്ടറിൽ ജയിച്ചത് 2-1ന്.

ഫ്രാൻസ്

1. ഗ്രൂപ്പ് ഐയിലെ ആദ്യ മത്സരത്തിൽ സെനഗലിനെ തോൽപ്പിച്ചത് 3-1ന്.

2. ഇറാഖിനെതിരെ രണ്ടാം മത്സരത്തിൽ ജയം മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക്

3. അവസാന ഗ്രൂപ്പ് മത്സരത്തിൽ നോർവേയെ 4-1ന് തോൽപ്പിച്ചു.

4.രണ്ടാം റൗണ്ട് പോരാട്ടത്തിൽ സ്വീഡനെ കീഴടക്കിയത് 3-0ത്തിന്.

5. പരാഗ്വേയ്ക്കെതിരായ പ്രീക്വാർട്ടറിൽ ഒറ്റഗോളിന് ജയം.

6. മൊറോക്കോയെ ക്വാർട്ടറിൽ മറികടന്നത് 2-0ത്തിന്.

38

മത്സരങ്ങളിൽ ഇതുവരെ ഫ്രാൻസും സ്പെയ്നും ഏറ്റുമുട്ടിയിട്ടുണ്ട്. ഇതിൽ സ്പെയ്നിന് 18 വിജയങ്ങൾ. 13 ജയങ്ങൾ ഫ്രാൻസിന്. 7 മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞു.

സെമിയിൽ കാണുന്നവർ

തുടർച്ചയായ മൂന്നാം വർഷം മൂന്നാമത്തെ ടൂർണമെന്റിന്റെ സെമിയിലാണ് ഫ്രാൻസ് - സ്പെയ്ൻ സെമി നടക്കുന്നത്. 2024 യൂറോകപ്പിന്റെ സെമിയിൽ സ്പെയ്ൻ 2-1ന് ജയിച്ചു.2025 യുവേഫ നേഷൻസ് ലീഗിന്റെ സെമിയിൽ സ്പാനിഷ് ജയം 5-4നായിരുന്നു.

ലോകകപ്പിൽ ഒറ്റത്തവണ

ലോകകപ്പിൽ ഇതിനുമുമ്പ് ഒരൊറ്റത്തവണ മാത്രമാണ് സ്പെയ്നും ഫ്രാൻസും ഏറ്റുമുട്ടിയത്. അന്ന് 3-1ന് ഫ്രാൻസ് ജയിച്ചു.

സാദ്ധ്യതാ ഇലവനുകൾ

ഫ്രാൻസ് : മൈക്ക് മൈഗ്നാഗൻ (ഗോളി),യൂൾസ് കുണ്ടേ,ഉപമെക്കാനോ,വില്യം സാലിബ,ഡിഗ്നെ,മാനു കോനെ, അഡ്രിയെൻ റാബിയോട്ട്,ഡെംബലെ, ഒലിസെ,ദുവേ, എംബാപ്പെ.

പ്രധാന പകരക്കാർ : തിയോ ഫെർണാണ്ടസ്,ടൂഹാമേനി,മാലോ ഗുസ്തോ,മറ്റേറ്റ,റയാൻ ചെറുക്കി, എൻഗോളോ കാന്റേ.

4-2-3-1 ശൈലിയിലാണ് ഫ്രാൻസിന്റെ കളി.

സ്പെയ്ൻ : ഉനേയ് സൈമൺ (ഗോളി),പെഡ്രോ പോറോ,പാവു കുബാർസി, ലാ പോർട്ടേ,കുക്കെറെല്ല,റൊഡ്രി, ഫാബിയൻ റൂയിസ്,യമാൽ,ഡാനി ഓൾമോ, അലക്സ് ബയേന, മൈക്കേൽ ഒയർ സബാൽ.

പ്രധാന പകരക്കാർ : മൈക്കേൽ മെറീനോ,ഫെറാൻ ടോറസ്,നിക്കോ വില്യംസ്, പെഡ്രി,ഗാവി,എറിക് ഗാർഷ്യ.

4-2-3-1 ശൈലിയാണ് സ്പെയ്നും അവലംബിക്കുന്നത്.

യമാൽ Vs എംബാപ്പെ

സ്പാനിഷ് ലീഗ് ഫുട്ബാളിലെ ബദ്ധവൈരികളായ ലാമിൻ യമാലും കിലിയൻ എംബാപ്പെയും ആദ്യമായി ലോകകപ്പ് വേദിയിൽ നേർക്കുനേർ ഇറങ്ങുകയാണ്.

രാജ്യാന്തര തലത്തിലും ക്ളബ് തലത്തിലുമായി 10 മത്സരങ്ങളിൽ ഇവർ മുഖാമുഖം വന്നപ്പോൾ എട്ടിലും ജയിച്ചത് യമാലിന്റെ ടീം. എംബാപ്പെയ്ക്ക് രണ്ട് ജയം.

കഴിഞ്ഞ യൂറോകപ്പിന്റേയും യുവേഫ നേഷൻസ് ലീഗിന്റേയും സെമികളിൽ യമാലിന്റെ സ്പെയ്ൻ എംബാപ്പെയുടെ ഫ്രാൻസിനെ തോൽപ്പിച്ചു.

കഴിഞ്ഞ രണ്ട് സൂപ്പർ കോപ്പ ഫൈനൽസിലും കിംഗ്സ് കപ്പ് ഫൈനലിലും യമാലിന്റെ ബാഴ്സലോണ എംബാപ്പെയുടെ റയൽ മാഡ്രിഡിനെ തോൽപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLDCUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360