
ന്യൂയോർക്ക് : യു.എസ് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസ് കിരീടമുയർത്തി ജർമ്മൻ താരം അലക്സാണ്ടർ സ്വരേവ്. കഴിഞ്ഞരാത്രി നടന്ന ഫൈനലിൽ അമേരിക്കയുടെ ബെൻ ഷെൽട്ടനെ നാലു സെറ്റുകൾ നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് സ്വരേവ് ഈ സീസണിലേയും കരിയറിലേയും തന്റെ രണ്ടാമത്തെ ഗ്രാൻസ്ളാം കിരീടമുയർത്തിയത്. ആദ്യ രണ്ടു സെറ്റുകളും കൈവിട്ട ബെൻ ഷെൽട്ടൺ മൂന്നാം സെറ്റ് ജയിച്ച് മത്സരത്തിലേക്കു തിരിച്ചെത്താൻ ശ്രമിച്ചെങ്കിലും നാലാം സെറ്റിലെ ആധികാരിക പ്രകടനത്തിലൂടെ വിജയം സ്വരേവ് സ്വന്തമാക്കുകയായിരുന്നു.സ്കോർ 6–3, 7–6 (7–2), 5–7, 6–2.
സ്വരേവിന്റെ മുന്നേറ്റത്തോടെയാണ് മത്സരം തുങ്ങിയത്. 40 മിനിട്ട് നീണ്ട ആദ്യ സെറ്റിൽ 3-2ന് മുന്നിട്ടുനിന്ന ശേഷം എതിരാളിയുടെ സർവ് ബ്രേക്ക് ചെയ്ത് 6-3ന് സ്വരേവ് സെറ്റ് സ്വന്തമാക്കി.രണ്ടാം സെറ്റിൽ ഷെൽട്ടൺ ശക്തമായ വെല്ലുവിളി ഉയർത്തി. 6-6ന് തുല്യനിലയിലെത്തിയതോടെ ടൈബ്രേക്കർ വേണ്ടിവന്നു. പക്ഷേ ടൈബ്രേക്കറിൽ പരിചയസമ്പത്ത് സ്വരേവിന് തുണയായി 7–2നാണ് സ്വരേവ് ടൈബ്രേക്കർ ജയിച്ചുകയറിയത്.
മൂന്നാം സെറ്റിലാണ് സ്വരേവിന്റെ പ്രഭയ്ക്ക് അൽപ്പം മങ്ങലേറ്റത്. ഇഞ്ചോടിഞ്ച് പൊരുതിയ ഷെൽട്ടൺ സെറ്റ് 4-4എന്ന നിലയിലെത്തിച്ചു. അടുത്തഗെയിമിലെ പിഴവുകൾ ഷെൽട്ടനെ 5-4ന് മുന്നിലെത്തിച്ചു. 5-5ന് സമനിലയാക്കി തിരിച്ചടിക്കാൻ സ്വരേവ് ശ്രമിച്ചെങ്കിലും 7-5ന് ഈ സെറ്റ് ഷെൽട്ടൺ നേടിയതോടെ കളി നാലാം സെറ്റിലേക്ക് നീണ്ടു. നാലാം സെറ്റിന്റെ തുടക്കത്തിൽ സ്വരേവിന് 2-0ത്തിന്റെ ലീഡുണ്ടായിരുന്നു. എന്നാൽ 2-2ലെത്തിച്ച് ഷെൽട്ടൺ വെല്ലുവിളി ഉയർത്തിയെങ്കിലും അവിടുന്നങ്ങോട്ട് സ്വരേവിന്റെ ഒരു കുതിപ്പായിരുന്നു. തുടർച്ചയായി പോയിന്റുകൾ നേടി 6-2നാണ് സ്വരേവ് സെറ്റ് സ്വന്തമാക്കി കിരീടത്തിലെത്തിയത്.
കിരീടത്തിലെത്തിയത് അറിയാതെ
താൻ മത്സരം ജയിച്ചത് ആദ്യം സ്വരേവ് അറിഞ്ഞില്ല. തന്റെ സർവിൽ 6-2ന് നാലാം സെറ്റ് നേടിയശേഷം ആഹ്ളാദ പ്രകടനങ്ങൾക്ക് നിൽക്കാതെ അടുത്ത സെറ്റിനായി തയ്യാറെടുക്കുകയായിരുന്നു സ്വരേവ്. എന്നാൽ ഗാലറിയിൽ നിന്ന് ആഹ്ളാദാരവങ്ങൾ ഉയർന്നപ്പോഴാണ് താൻ ജയിച്ചെന്ന് മനസിലാക്കിയത്. അതോടെ മുഖത്ത് സന്തോഷം പരന്നു. തുടർന്ന് എതിരാളിയുടെ അടുത്തെത്തി സമാശ്വസിപ്പിച്ചശേഷമാണ് ഗാലറിയിലെ തന്റെ കുടുംബാംഗങ്ങൾക്കും ആരാധകർക്കുമൊപ്പം സന്തോഷപ്രകടനം നടത്തിയത്.
ടൈപ്പ് വൺ പ്രമേഹരോഗി
ഗ്രാൻസ്ളാം കിരീടം നേടുന്ന ആദ്യ ടൈപ്പ് വൺ പ്രമേഹരോഗിയാണ് അലക്സാണ്ടർ സ്വരേവ്. നാലാംവയസുമുതൽ പ്രമേഹത്തിന് ചികിത്സയിലാണ്. മത്സരങ്ങൾക്കിടെ രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് പരിശോധിച്ച് ഇൻസുലിൻ എടുത്താണ് സ്വരേവ് കളിക്കുന്നത്. 2023ലെ ഫൈനലിനിടെ ഇൻസുലിൻ എടുക്കുന്നത് അധികൃതർ തടഞ്ഞെങ്കിലും ടൈപ്പ് വൺ പ്രമേഹരോഗികളുടെ സംഘടന ശക്തമായി ശബ്ദമുയർത്തിയതിനെത്തുടർന്ന് തീരുമാനം മാറ്റി. ടൈപ്പ് വൺ പ്രമേഹരോഗികൾക്കായി ചാരിറ്റി സംഘടനയും സ്വരേവ് നടത്തുന്നുണ്ട്.
സ്വരേവിന്റെ
സീസൺ ഈ സീസണിലെ നാലുഗ്രാൻസ്ളാം ടൂർണമെന്റുകളിൽ മൂന്നിലും ഫൈനലിൽ കളിച്ച താരമാണ് അലക്സാണ്ടർ സ്വരേവ്. ഇതിൽ രണ്ടെണ്ണത്തിൽ കിരീടം നേടുകയും ചെയ്തു. ഫ്രഞ്ച് ഓപ്പണിൽ ഫ്ലാവിയോ കോബോളിയെ കീഴടക്കിയായിരുന്നു 29കാരനായ സ്വരേവിന്റെ കരിയറിലെ ആദ്യ ഗ്രാൻസ്ളാം കിരീടം. പിന്നാലെ വിംബിൾഡണിന്റെ ഫൈനലിലെത്തിയെങ്കിലും അവിടെ ഇറ്റാലിയൻ താരം യാന്നിക്ക് സിന്നറിനോട് തോറ്റു. അതിന് ശേഷമാണ് യു.എസ് ഓപ്പണിലെ കിരീടനേട്ടം.
23
പുരുഷ ഗ്രാൻസ്ളാം ചാമ്പ്യനുവേണ്ടിയുള്ള അമേരിക്കയുടെ 23 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ ബെൻ ഷെൽ ട്ടണ് കഴിഞ്ഞില്ല. 2003 ൽ ആൻഡി റോഡിക്കാണ് അവസാനമായി ഗ്രാൻസ്ളാം കിരീടം നേടിയ അമേരിക്കൻ പുരുഷ താരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |