ന്യൂഡൽഹി: ഇന്ത്യൻ കൗമാര താരം വൈഭവ് സൂര്യവംശിക്ക് അവസരങ്ങൾ നൽകുന്നതിൽ ടീം മാനേജ്മെന്റ് സ്വീകരിക്കുന്ന നിലപാടിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും വൈഭവിനെ തുടർച്ചയായി പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്താത്തത് താരത്തിന്റെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. ഇന്ത്യൻ ടീം പരിശീലകനായ ഗൗതം ഗംഭീറും സംഘവും താരത്തെ കൈകാര്യം ചെയ്യുന്ന രീതിയിലാണ് പിഴവെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി.
വൈഭവിനെപ്പോലെ ഒരു മികച്ച പ്രതിഭയ്ക്ക് തുടർച്ചയായ അവസരങ്ങൾ നൽകേണ്ടതുണ്ടെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. മികച്ച പ്രകടനം നടത്തിയിട്ടും അടുത്ത മത്സരത്തിൽ പുറത്തിരിക്കേണ്ടിവരുന്നത് താരത്തിന്റെ മനസിൽ അനാവശ്യ സംശയങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിംബാബ്വെയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ മികച്ച പ്രകടനം നടത്തി പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടിട്ടും അഫ്ഗാനിസ്ഥാനെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ വൈഭവിനെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല പകരം സഞ്ജു സാംസണാണ് അവസരം ലഭിച്ചത്. എന്നാൽ മത്സരത്തിൽ സഞ്ജു പത്ത് റൺസ് മാത്രമാണ് നേടിയത്.
വൈഭവിനെ ഇത്തരത്തിൽ കൈകാര്യം ചെയ്യുന്നത് ശരിയായ സന്ദേശമല്ല മറ്റ് താരങ്ങൾക്ക് നൽകുന്നതെന്നും ശ്രീകാന്ത് വിമർശിച്ചു. ആഭ്യന്തര ക്രിക്കറ്റ്, ഇന്ത്യ എ ടീം, ഐപിഎൽ, ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങൾ തുടങ്ങി വിവിധ തലങ്ങളിൽ കഴിവ് തെളിയിച്ച താരമാണ് വൈഭവ്. അതിനാൽ താരത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സഞ്ജു സാംസണിന്റെ കാര്യത്തിലും ടീം മാനേജ്മെന്റ് വ്യക്തമായ നിലപാട് സ്വീകരിക്കണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു. ഒന്നോ രണ്ടോ മത്സരങ്ങളിൽ അവസരം നൽകിയശേഷം താരങ്ങളെ മാറ്റുന്നത് ശരിയായ രീതിയല്ലെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. സഞ്ജുവിന് തുടർച്ചയായി അവസരങ്ങൾ നൽകുകയോ വൈഭവിന് നിശ്ചിത മത്സരങ്ങളിൽ കളിക്കാൻ അവസരം ഉറപ്പാക്കുകയോ വേണം. ഇരുവർക്കും ഇടയ്ക്കിടെ ഒന്നോ രണ്ടോ മത്സരങ്ങളിൽ മാത്രം അവസരം നൽകുന്നത് അവരുടെ പ്രകടനത്തെ ബാധിക്കുമെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി.
Former Indian cricketer Krishnamachari Srikkanth has criticised Team India management for its handling of teenage batter Vaibhav Sooryavanshi. He believes inconsistent selection could affect the youngster’s confidence despite his impressive performances. Srikkanth also questioned Gautam Gambhir’s approach towards Sanju Samson, stressing that both players need consistent opportunities rather than being rotated after just one or two matches.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |