SignIn
Kerala Kaumudi Online
Sunday, 13 September 2026 3.01 AM IST

അർഷ്ദീപം തെളിഞ്ഞു

cricket

അമേരി​ക്കയെ 7 വി​ക്കറ്റി​ന് കീഴടക്കി​ ഇന്ത്യ ലോകകപ്പ് സൂപ്പർ എട്ട് ഉറപ്പാക്കി​

അമേരിക്ക 110/8, ഇന്ത്യ 111/3

അർഷ്ദീപിന് നാലുവിക്കറ്റ്, സൂര്യകുമാറിന് (50) അർദ്ധസെഞ്ച്വറി

അർഷ്ദീപ് സിംഗ് മാൻ ഒഫ് ദമാച്ച്

ന്യൂയോർക്ക് : ട്വന്റി-20 ലോകകപ്പിൽ ആതിഥേയരായ അമേരിക്കയ്ക്ക് എതിരായ മത്സരത്തിൽ ഏഴ് വി​ക്കറ്റി​ന് വി​ജയി​ച്ച ഇന്ത്യ സൂപ്പർ എട്ടി​​ലേക്കുള്ള പ്രവേശനം ഉറപ്പാക്കി​. ഇന്നലെ ന്യൂയോർക്കിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ അമേരിക്കയെ നിശ്ചിത 20 ഓവറിൽ 110/8ൽഒതുക്കിയ ശേഷം 10 പന്തുകളും ഏഴ് വിക്കറ്റുകളും ബാക്കിയാക്കി ഇന്ത്യ വിജയിക്കുകയായിരുന്നു.

നാലോവറിൽ ഒൻപത് റൺസ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിംഗും രണ്ട് വിക്കറ്റ് വീഴ്ത്തിയ ഹാർദിക് പാണ്ഡ്യയും ഒരു വിക്കറ്റ് നേടിയ അക്ഷർ പട്ടേലും ചേർന്നാണ് അമേരിക്കയെ ഒതുക്കിയത്. നിതീഷ് കുമാർ (27), സ്റ്റീവൻ ടെയ്‌ലർ (24) , ആൻഡേഴ്സൺ (15) എന്നിവരാണ് അമേരിക്കയ്ക്ക് വേണ്ടി പൊരുതിയത്. ചേസിംഗിൽ രോഹിത് (3), വിരാട് (0) എന്നിവരെ പുറത്താക്കി നേത്രവാൽക്കർ അപകടമുയർത്തിയെങ്കിലും റിഷഭ് പന്ത് (18), സൂര്യകുമാർ യാദവ് (50*), ശിവം ദുബെ (31*)എന്നിവരിലൂടെ ഇന്ത്യ ഓവറിൽ വിജയത്തിലെത്തി. ഗ്രൂപ്പ് എയിൽ മൂന്ന് കളികളിൽ നിന്ന് ആറുപോയിന്റുമായി ഇന്ത്യ ഒന്നാമതാണ്. ആദ്യ തോൽവി ഏറ്റുവാങ്ങിയ അമേരിക്ക നാലുപോയിന്റുമായി രണ്ടാമതുണ്ട്. രണ്ട് പോയിന്റുള്ള പാകിസ്ഥാനാണ് മൂന്നാമത്.

മത്സരത്തിലെ ആദ്യ പന്തിൽതന്നെ വിക്കറ്റ് വീഴ്ത്തി അർഷ്ദീപ് സിംഗ് അമേരിക്കയ്ക്ക് കനത്ത പ്രഹരമാണ് ഏൽപ്പിച്ചത്. ഷാൻ ജഹാംഗീറിനെ (0) എൽ.ബിയിൽ കുരുക്കുകയായിരുന്നു അർഷ്ദീപ്. പകരമിറങ്ങിയ ആന്ദ്രീസ് ഗൗസിനെ (2) ആദ്യ ഓവറിന്റെ അവസാന പന്തിൽ അർഷ്ദീപ് മടക്കി അയച്ചതോടെ ആതിഥേയർ മൂന്ന് റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലായി. തുടർന്ന് ഓപ്പണർ സ്റ്റീവൻ ടെയ്‌ലറും മോനാങ്ക് പട്ടേലിന് പരിക്കേറ്റതിനാൽ ക്യാപ്‌ടനായി ഇറങ്ങിയ ആരോൺ ജോൺസും ക്രീസിൽ ഒരുമിച്ചു. 7.2-ാം ഓവറിൽ ആരോണിനെ സിറാജിന്റെ കയ്യിലെത്തിച്ച് ഹാർദിക് പാണ്ഡ്യ അടുത്ത അടി നൽകി.25 റൺസായിരുന്നു അപ്പോൾ സ്കോർ ബോർഡിൽ ഉണ്ടായിരുന്നത്. തുടർന്ന് ടെയ്ലറും നിതീഷും കൂടി പൊരുതി ടീമിനെ 50 കടത്തി.

12-ാം ഓവറിൽ ടീം സ്കോർ 56ലെത്തിയപ്പോൾ ടെയ്‌ലറെ ബൗൾഡാക്കി അക്ഷർ പട്ടേൽ ഇന്ത്യയ്ക്ക് വീണ്ടും ആവേശം നൽകി. പകരമിറങ്ങിയ മുൻ കിവീസ് താരം കൊറേയ് ആൻഡേഴ്സൺ (15) ഓരോ ഫോറും സിക്സുമടിച്ച് സ്കോർ ഉയർത്താൻ നോക്കി. ടോപ് സ്കോററായ നിതീഷിനെ 15-ാം ഓവറിൽ പുറത്താക്കിയ അർഷ്ദീപ് 18-ാം ഓവറിൽ ഹർമീതിനെയും (10) മടക്കി അയച്ചു. ഇതിനിടയിൽ ഹാർദിക് പാണ്ഡ്യ ആൻഡേഴ്സണെ കീപ്പർ പന്തിന്റെ കയ്യിലെത്തിച്ചിരുന്നു. അവസാന പന്തിൽ ജസ്ദീപ് സിംഗ് (2) റൺഔട്ടാവുകയായിരുന്നു.

ആദ്യമായാണ് ട്വന്റി-20 ലോകകപ്പിൽ വിരാട് ഗോൾഡൻ ഡക്കാവുന്നത്. നേത്രവാൽക്കറിനെ നേരിട്ട ആദ്യപന്തിൽ വിരാട് കീപ്പർ ഗൗസിന് ക്യാച്ച് നൽകുകയായിരുന്നു.

4-0-9-4

നാലോവറിൽ ഒൻപത് റൺസ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ അർഷ്ദീപിന്റേത് ഒരു ലോകകപ്പിലെ ഇന്ത്യൻ ബൗളറുടെ മികച്ച പ്രകടനം. 2014 ലോകകപ്പിൽ ഓസ്ട്രേലിയയ്ക്ക് എതിരെ നാലോവറിൽ 11 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ അശ്വിന്റെ റെക്കാഡാണ് അർഷ്ദീപ് തകർത്തത്.

ആദ്യ ഓവറിന്റെ ആദ്യ പന്തിലും അവസാന പന്തിലും അർഷ്ദീപ് വിക്കറ്റ് വീഴ്ത്തി.

ഇന്ത്യയുടെ അടുത്ത മത്സരം 15ന് കാനഡയുമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360